ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്രത്യേക ആദരമൊരുക്കാൻ പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ.
നേഷന്‍സ് ലീഗില്‍ ഡെന്മാര്ക്കിനെതിരെയുള്ള മത്സരത്തിലാണ് പോര്‍ച്ചുഗല്‍ ടീം റൊണാൾഡോയോടുള്ള ആദരസൂചകമായി വിപുലമായ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. നവംബർ 5-ന് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ടീമിന്റെ ആദ്യ മത്സരമാണിത്.
പ്രത്യേക ആദരവ് ഇങ്ങനെ:
7-ാം നമ്പർ ജഴ്സി:
എസ്റ്റാഡിയോ മുനിസിപ്പൽ ഡി ബ്രാഗയിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ താരങ്ങളെല്ലാം റൊണാൾഡോയുടെ ഐതിഹാസികമായ ഏഴാം നമ്പർ ജഴ്സി ധരിച്ചാണ് ഗ്രൗണ്ടിലേക്ക് ഇറങ്ങുക.
സ്റ്റാൻഡിംഗ് ഒവേഷൻ:
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ കളി താൽക്കാലികമായി നിർത്തിവെക്കും. തുടർന്ന് സ്റ്റേഡിയത്തിലെ കാണികളും താരങ്ങളും എഴുന്നേറ്റ്നിന്ന് കൈയടിച്ച് റൊണാൾഡോയ്ക്ക് ആദരമർപ്പിക്കും. യുവേഫയുടെ ഔദ്യോഗിക അംഗീകാരത്തോടെയാണ് ഈ ചടങ്ങ് നടക്കുന്നത്.
പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് പെഡ്രോ പ്രോയെങ്ക, മുഖ്യ പരിശീലകൻ ജോർജ് ജീസസ്, ടീമിന്റെ ക്യാപ്റ്റൻമാരായ ബെർണാർഡോ സിൽവ, റൂബൻ ഡയസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
റൊണാൾഡോ രാജ്യത്തിനായി നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ കോച്ച് ജോർജ് ജീസസ് പ്രത്യേകമായി പ്രശംസിച്ചു.
പോർച്ചുഗലിനായി 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോ, പുരുഷ അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമാണ്.
ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടിയ ചരിത്രവും, യൂറോ 2016 കിരീടവും രണ്ട് യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും പോർച്ചുഗലിന് നേടിക്കൊടുത്തതിന്റെ അഭിമാനവുമായാണ് അദ്ദേഹം പടിയിറങ്ങുന്നത്.


