മസ്കറ്റ്: അണ്ടർ 19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടത്തിൽ ചിരവൈരികളായ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച പാകിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു. മസ്കറ്റിലെ അൽ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആവേശകരമായ കിരീട പോരാട്ടം നടക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനോട് നേരിട്ട മൂന്ന് വിക്കറ്റ് തോൽവിക്ക് പകരം വീട്ടാനും, ഏഷ്യൻ കിരീടം തിരിച്ചുപിടിക്കാനുമാണ് ഇന്ത്യ ഇറങ്ങുന്നത്.
കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ കിരീടം സ്വന്തമാക്കിയത്.
രാവിലെ പിച്ചിലുള്ള ഈർപ്പം കാരണം ആദ്യ ഓവറുകളിൽ പേസർമാർക്ക് മികച്ച സ്വിംഗും മൂവ്മെന്റും ലഭിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ, ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് മികച്ച പേസ് നിരയുള്ള പാകിസ്ഥാന് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത് വലിയ തിരിച്ചടിയായിരുന്നു.
അന്നത്തെ മത്സരത്തിൽ തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് പാകിസ്ഥാൻ വീഴ്ത്തിയത്.
നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാനെ വീഴ്ത്തി ഒൻപതാം അണ്ടർ 19 ഏഷ്യാ കപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ആര്യവീർ സെവാഗ്, ക്യാപ്റ്റൻ ലക്ഷ്യ രാജേഷ്, വി.കെ. വിനീത് എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷകൾ.
എന്നാല്‍ ഇന്ത്യയുടെ ബൗളിംഗ് കരുത്തായിരുന്ന ഇഷാന് സൂദ് പരിക്കുമൂലം ഫൈനലിനില്ലാത്തത് ടീമിന് തിരിച്ചടിയാണ്. ഇഷാന് പകരം വെങ്കടയാണ് ഫൈനലില്‍ ഇന്ത്യക്കായി പ്ലേയിംഗ് ഇലവനില്‍ ഇടംനേടിയിരിക്കുന്നത്.
സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ ആധികാരിക വിജയം നേടിയാണ് ലക്ഷ്യ രാജേഷ് നയിക്കുന്ന യുവനിര ഫൈനലിലേക്ക് മുന്നേറിയത്.
മറുവശത്ത്, സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടാണ് ഫർഹാൻ യൂസഫ് നയിക്കുന്ന പാകിസ്ഥാൻ കലാശപ്പോരിന് യോഗ്യത നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ വിജയത്തിന്റെ തിളക്കവും ആത്മവിശ്വാസവുമായാണ് പാകിസ്ഥാൻ ഇന്ത്യാപ്പടയെ നേരിടാൻ കളത്തിലിറങ്ങിയിരിക്കുന്നത്.
പ്ലേയിംഗ് ഇലവനുകൾ:
ഇന്ത്യ അണ്ടർ-19:
ലക്ഷ്യ രാജേഷ് റായ്ചന്ദാനി (ക്യാപ്റ്റൻ), ആര്യവീർ സെവാഗ്, വി.കെ. വിനീത്, യഷ്വർദ്ധൻ ചൗഹാൻ, അർജുൻ രജ്പുത്, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), മനൽ ചൗഹാൻ, മോഹിത് ഉൽവ, ആര്യൻ സവ്സാനി, കാവ്യ പട്ടേൽ, ചിഗുരുപാട്ടി വെങ്കട.
പാകിസ്ഥാൻ അണ്ടർ-19:
ഉസ്മാൻ ഖാൻ, ഹയാം ഖാൻ, അബ്ദുൾ ഖാദിർ, ഫർഹാൻ യൂസഫ് (ക്യാപ്റ്റൻ), അഹമ്മദ് ഹുസൈൻ, അലി റാസ, ഹംസ സഹൂർ (വിക്കറ്റ് കീപ്പർ), ഹസ്നൈൻ അബ്ബാസ് ദാർ, മുഹമ്മദ് സയ്യാം, റിസ്വാനുള്ള, നിഖാബ് ഷഫീഖ്.


