പോർട്ട്-ഔ-പ്രിൻസ്: വരാനിരിക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിൽ അർജന്റീനയെക്കാൾ ഉപരി സ്വന്തം ജന്മനാടായ ഹെയ്തിയെ പ്രതിനിധീകരിക്കാൻ തീരുമാനിച്ച് വെയ്ൻസ് സാർസ്ഫീൽഡിന്റെ യുവതാരം സ്റ്റീഫൻ “കിക്കി” റാമോസ്. ലോകവേദിയിൽ ജന്മനാടിനെ ആദരിക്കാനാണ് ഈ കൗമാരതാരത്തിന്റെ തീരുമാനം.
2009 ഏപ്രിൽ 3-ന് ഹെയ്തി തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിലാണ് റാമോസ് ജനിച്ചത്. 2010-ൽ ഹെയ്തിയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തെ അതിജീവിച്ച അദ്ദേഹം, അന്ന് ഒരു കുഞ്ഞായിരിക്കെയാണ് അർജന്റീനയിലേക്ക് താമസം മാറുന്നത്.
തുടർന്ന് ഒരു അർജന്റീനിയൻ കുടുംബം ദത്തെടുത്ത റാമോസ് വളർന്നത് ബ്യൂണസ് ഐറിസിലായിരുന്നു. അവിടെ വെയ്ൻസ് സാർസ്ഫീൽഡ് ക്ലബ്ബിലൂടെയാണ് അദ്ദേഹം തന്റെ ഫുട്ബോൾ കരിയർ വളർത്തിയെടുത്തത്.
വേഗതകൊണ്ടും ആക്രമണ ശൈലികൊണ്ടും ശ്രദ്ധേയനായ ഈ പ്രോമിസിംഗ് വിംഗർ മുമ്പ് അർജന്റീനയുടെ അണ്ടർ-17 ടീമിനായി സൗഹൃദ മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.
എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഹെയ്തിക്ക് വേണ്ടി കളിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഹെയ്തിയൻ ഫുട്ബോൾ ഫെഡറേഷൻ (FFH) റാമോസിന്റെ ഈ തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
“അർജന്റീന സ്വന്തം വീടുപോലെയാണെങ്കിലും തന്റെ വേരുകൾ എവിടെയാണെന്ന് കിക്കി ഇപ്പോഴും ഓർക്കുന്നു. വെയ്ൻസ് സാർസ്ഫീൽഡിന്റെ യുവതാരമായ സ്റ്റീഫൻ ഓസ്കാർ റാമോസ് ഹെയ്തിയെ തിരഞ്ഞെടുത്തിരിക്കുന്നു” എന്ന് എഫ്എഫ്എച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഗ്രനേഡിയർ ഫുട്ബോൾ കുടുംബത്തിലേക്ക് കിക്കിയെ സ്വാഗതം ചെയ്യുന്നു. സഹകരണത്തിന് ഏജന്റിനും വെയ്ൻസ് സാർസ്ഫീൽഡിനും നന്ദി. കിക്കി, നീ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു!” എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വെയ്ൻസ് സാർസ്ഫീൽഡുമായി ആദ്യ പ്രൊഫഷണൽ കരാർ ഒപ്പിട്ട റാമോസ് ഹെയ്തിയുടെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. നവംബർ 19 മുതൽ ഡിസംബർ 13 വരെ നടക്കുന്ന അണ്ടർ-17 ലോകകപ്പിൽ ഫ്രാൻസ്, സൗദി അറേബ്യ, ഉറുഗ്വേ എന്നിവരടങ്ങിയ ഗ്രൂപ്പ് ഡിയിലാണ് ഹെയ്തി മത്സരിക്കുന്നത്.
മുമ്പ് അർജന്റീനയുടെ യൂത്ത് ടീമിനായി കളിച്ചിട്ടുണ്ടെങ്കിലും അത് സൗഹൃദ മത്സരങ്ങൾ മാത്രമായിരുന്നതിനാൽ, സീനിയർ തലത്തിൽ ഹെയ്തിക്ക് വേണ്ടി കളിക്കാൻ റാമോസിന് ഫിഫ നിയമപ്രകാരം തടസ്സങ്ങളൊന്നുമില്ല.


