ഷഹബാസ് വെള്ളില
ഈ കഴിഞ്ഞ സംസ്ഥാന സ്കൂൾ മീറ്റിലെ സമ്മാനവേദിയിൽ ട്രോഫിയുമായി പൊട്ടിക്കരഞ്ഞു നിൽക്കുന്നൊരു മനുഷ്യനെയും ഒപ്പം കരയുന്ന കുറെ കുട്ടികളെയും കണ്ടു. അതുവരെ ആരുടെയും കണ്ണിൽ പെടാതെ മാറി നടന്നൊരാരാളെ ഉള്ളിലെ അടക്കിപ്പിടിച്ച വികാരങ്ങളെല്ലാം അണപ്പൊട്ടി പുറത്തേക്കൊഴുകിയപ്പോളാണ് നമ്മളെല്ലാം ശ്രദ്ധിച്ചത്. റിയാസ് ആലത്തിയൂർ. കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂരിന്റെ പ്രിയപ്പെട്ട പരിശീലകൻ. വലിയ കുത്തകകൾ അടക്കി വാണിരുന്ന സ്കൂൾ മീറ്റിൽ രണ്ടാം സ്ഥാനം നേടിയ സ്കൂളിന്റെ പരിശീലകൻ.
പരിമിതമായ സൗകര്യങ്ങളിലും അർപ്പണവും കഠിനാധ്വാനവും കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ കുട്ടികളെ പ്രാപ്തമാകിയ മാജിക് പരിശീലകൻ. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സ്കൂൾ രണ്ടിൽ എത്തി നിൽക്കുമ്പോൾ അതിന്റെ പിന്നിൽ റിയാസ് എന്ന പരിശീലകന്റെ കണ്ണീര് കൊണ്ട് തൂണിയ വിയർപ്പിന്റെ എട്ട് വർഷത്തെ കഠിനാധ്വനമുണ്ട്.
ഫുട്ബോളറിൽ നിന്നും പരിശീലക കുപ്പായത്തിലേക്ക്
ഇതേ ആലത്തിയൂർ സ്കൂളിന്റെ ഫുട്ബാൾ താരമായിരുന്നു റിയാസ്. ഇതായിരുന്നു കായിക മേഖലയിലേക്കുള്ള ചുവട്ടുവെപ്പ്. ജില്ലാ സുപ്രതോ ടീമിനോപ്പം സംസ്ഥാന മത്സരങ്ങളിലും പങ്കെടുത്തു. ഫുട്ബോൾ ടീമിനോപ്പമുള്ള പരിശീലനം നല്ലൊരു അത്ലറ്റാക്കി റിയാസിനെ മാറ്റി. അന്ന് ഫുട്ബോൾ കാമ്പിന് നേതൃത്വം നൽകിയിരുന്നു അദ്ധ്യാപകനായ സിദീഖായിരുന്നു റിയാസിലെ അത്ലെറ്റിനെയും കണ്ടെത്തിയത്.
2004 ലെ ജില്ലാ സ്കൂൾ മീറ്റിൽ 3000 മീറ്ററിൽ റിയാസ് സ്വർണമണിഞ്ഞു. ഈ കുതിപ്പിന് മേരി ടീച്ചറും വലിയ പിന്തുണ നൽകി. ഇവിടെ നിന്നാണ് ഫുട്ബാളിൽ നിന്നും അത് ലറ്റിക്സിലേക്ക് റിയാസ് ശ്രദ്ധ തിരിക്കുന്നത്. ഹൈ സ്കൂൾ പഠനത്തിന് ശേഷം ഹയർ സെക്കന്ററി പഠനത്തിന് നവമുകുന്ദ സ്കൂളിലെത്തി. അവിടെ നിന്നാണ് കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പിന്നീട് വെസ്റ്റ്ഹില്ലിൽ നിന്നും സി പി-എഡ് പഠനത്തിന് ശേഷം പരിശീലന രംഗത്ത് സജീവമായി. ഐ ഒ എച്ച് എസ് എസ് പറപ്പൂരിലായിരുന്നു തുടക്കം. ഒന്നും അല്ലാതിരുന്ന സ്കൂളിനെ ജില്ലാ മീറ്റിൽ രണ്ടാമത് എത്തിക്കാനും സംസ്ഥാന തലത്തിൽ അഞ്ചു വരെ മെഡൽ നേടി ശ്രദ്ധിക്കപ്പെടുന്ന സ്കൂളാക്കി മാറ്റാനും കുറഞ്ഞ സമയം കൊണ്ട് തന്നെ റിയാസിനായി. എട്ടോളം കുട്ടികൾ ദേശീയ സ്കൂൾ മീറ്റിലും പങ്കെടുത്തു. ഒരു ദേശീയ മെഡലും സ്വന്തമാക്കി. ട്രിപ്പിൾ ജമ്പിലായിരുന്നു സ്കൂളിന്റെ ചരിത്ര സ്വർണം.

ഗർ വാപ്പസി
ഐ ഒ എച്ച് എസ് എസ് പറപ്പൂരിനെ ചരിത്ര നേട്ടത്തിലേക്കെത്തിച്ചു നിൽക്കുന്നതിനിടെയാണ് സ്വന്തം സ്കൂളായ കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂരിൽ നിന്നും വിളി വരുന്നത്. തന്നെ ഞാൻ ആക്കിയ സ്കൂളിന്റെയും അധ്യാപകരുടെയും സ്നേഹനിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. സബ് ജില്ലയിൽ പോലും ഒരു മേഡൽ ഇല്ലാത്ത സ്കൂളിലേക്ക് ഏട്ടു വർഷം മുന്നെയാണ് റിയാസ് എത്തുന്നത്. അവിടെ നിന്നാണ് പിന്നെ സ്കൂളിന്റെ കഥ മാറുന്നത്. മാർബേസിലും പറളിയും മുണ്ടൂരും വടവന്നൂരുമെല്ലാം അടക്കി വാണ സ്കൂൾ മീറ്റിൽ എല്ലാവരെയും ഞെട്ടിച്ചു കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. കഴിഞ്ഞ തവണ അഞ്ചം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്നു. കുത്തകകളെയെല്ലാം തകർത്ത മുന്നേറ്റം. അതിൽ റിയാസ് എന്ന പരിശീലകന്റെ റോൾ വളരെ വലുതാണ്
ഇല്ലായ്മ നൽകിയ കരുത്ത്
നല്ലൊരു ഗ്രൗണ്ടോ ആവിശ്യത്തിന് ഉപകരണങ്ങളോ ഇല്ലാത്ത ഒരു സ്കൂളിൽ നിന്നാണ് ഇത്രയും മെഡലുകൾ എന്നതാണ് അതിന് തിളക്കം കൂട്ടുന്നത്. ഹൈജംപ് പ്രാക്ടീസ് ചെയ്യാൻ സ്വന്തമായി ബെഡില്ല. ചാമ്പ്യൻ സ്കൂളായ ഐഡിയൽ നൽകിയ ബെഡ് നാശമായി തുടങ്ങി. റോഡിലൂടെ നടത്ത പരിശീലനം നടത്തിയ കുട്ടികൾ നേടിയത് രണ്ട് സ്വർണം. പോൾ വാൾട്ടിൽ വെള്ളി മെഡൽ നേടുമ്പോൾ രണ്ടു വർഷം മുമ്പ് ഒരു അമേരിക്കൻ മലയാളി സമ്മാനിച്ച ഒരൊറ്റ പോളായിരുന്നു കരുത്ത്. എന്നാൽ പരിശീലനം നടത്താൻ പാലക്കാട് ജില്ലയിലെ ചാത്തന്നൂർ സ്കൂളിലേക്ക് വണ്ടി കയറണം. വാക്കിംഗ്, ഹാമർ, പോൾ വാൾട്ട്, ഷോർട്ട് പുട്ട്, ജാവലിൻ, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്, ഡിസ്കസ് ത്രോ തുടങ്ങി മത്സരിച്ച ഇനങ്ങളിലെല്ലാംസ്കൂൾ മെഡലുകൾ വാരിക്കൂട്ടി. പരിമിതികളെ ഊർജമാക്കാനും അവസരണക്കാനുമായിരുന്നു പരിശീലകൻ റിയാസിന്റെ ഉപദേശം. അതിൽ കയറിപിടിച്ചാണ് പോന്നു മക്കൾ മെഡലുകൾ വാരിയെടുത്തത്. സ്കൂളിലെ കായികാധ്യാപകൻ സാജിർ ആലത്തിയൂരും കട്ട പിന്തുണയോടെ കുട്ടികൾക്ക് ഊർജമാകുന്നു.
മുൻ വർഷങ്ങളിൽ ഏഴാമതും, തുടർന്ന് രണ്ട് തവണ ആറാമതുമായിരുന്ന ആലത്തിയൂർ സ്കൂൾ ഇത്തവണ നേടിയത് ചരിത്രപരമായ രണ്ടാം സ്ഥാനം. 4 സ്വർണവും 4 വെള്ളിയും 2 വെങ്കലവുമടക്കം 10 വ്യക്തിഗത മെഡലുകളും ഉൾപ്പെടെ ആകെ 12 മെഡലുകൾ വാരിക്കൂട്ടിയാണ് അവർ സംസ്ഥാന തലത്തിൽ അവിസ്മരണീയമായ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
3000, 1500, 800 മീറ്ററുകളിൽ സംസ്ഥാന തലത്തിൽ മത്സരിച്ചെങ്കിലും റിയാസിന് മെഡലുകൾ അന്നൊരു സ്വപ്നമായിരുന്നു. എന്നാൽ ഇന്ന് തന്റെ കുട്ടികളിലൂടെ റിയാസ് സ്വപ്നങ്ങൾ ഓരോന്ന് വെട്ടിപിടിക്കുന്നു. കൂലിപ്പണിക്കാരനായിരുന്ന അന്തരിച്ച അലിയുടെയും വീട്ടമ്മയായ ഖദീജയുടെയും മകനായി ജനിച്ചു കഷ്ടതകളെല്ലാം ഭേദിച്ചാണ് റിയാസ് മുന്നേറുന്നത്. ഭാര്യ സോഫിയയും മക്കളായ റഷ്ദയും റൈസയും അടങ്ങുന്ന അവന്റെ കൊച്ചുകുടുംബം വലിയ പിന്തുണ നൽകി കൂടെ ഉണ്ട്

റിയാസിന് സർപ്രൈസ്സുമായി നാട്ടുകാർ
സ്കൂളിന്റെയും നാട്ടുകാരുടെയും പി ടി എ കമ്മറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം താരങ്ങൾക്കും റിയാസിനും വലിയ സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ ഒരു വൻ സർപ്രൈസും ഉണ്ടായി. കുട്ടികളുടെ പ്രിയപ്പെട്ട പരിശീലകൻ റിയാസിന് സ്വപ്ന ഭവനം. ഇതിന്റെ ആദ്യ ഗഡു തുകയും സ്വീകരാണ സമ്മേളനത്തിൽ റിയാസിന് കൈമാറി


