ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) 2027 സീസൺ മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകളിലേക്ക് ഫ്രാഞ്ചൈസികൾ ഇതിനോടകം കടന്നുകഴിഞ്ഞു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വമ്പന്മാരായ ടീമുകൾക്കെല്ലാം വരുന്ന സീസൺ അതിനിർണ്ണായകമാണ്.
പ്രത്യേകിച്ച് മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിങ്സിനും (CSK). അഞ്ച് തവണ ചാമ്പ്യന്മാരായ ഇരു ടീമിന്റെയും സമീപ സീസണുകളിലെ പ്രകടനം അത്രകണ്ട് മികച്ചതായിരുന്നില്ല.
അതുകൊണ്ടുതന്നെ വൻ അഴിച്ചുപണിയോടെ കിരീടത്തിലേക്കുള്ള തിരിച്ചുവരവാണ് സിഎസ്കെ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ മുഖ്യ പരിശീലകനാക്കി പുത്തൻ തന്ത്രങ്ങളോടെയാണ് മഞ്ഞപ്പട കളത്തിലിറങ്ങാൻ പോകുന്നത്.
വരുന്ന സീസണിൽ സിഎസ്കെ ലക്ഷ്യമിടുന്ന സാധ്യതാ പ്ലേയിംഗ് ഇലവൻ എങ്ങനെയെന്ന് പരിശോധിക്കാം.
ഓപ്പണിംഗിൽ സഞ്ജുവും ആയുഷ് മാത്രെയും
വരാനിരിക്കുന്ന മിനി താരലേലം മുന്നിൽക്കണ്ട് സിഎസ്കെ തങ്ങളുടെ ഓപ്പണിംഗ് നിര പൊളിക്കാൻ സാധ്യതയില്ല. യുവതാരം ആയുഷ് മാത്രെ ഇതിനോടകം ഓപ്പണിങ്ങിൽ തന്റെ മികവ് തെളിയിച്ച താരമാണ്.
അദ്ദേഹത്തോടൊപ്പം ഇന്ത്യൻ ടീമിന്റെ വിശ്വസ്തനായ സീനിയർ താരം സഞ്ജു സാംസൺ കൂടി ഓപ്പണറായി എത്തിയേക്കും. ലോകത്തിലെ ഏത് മികച്ച ബോളിംഗ് നിരയെയും സമ്മർദ്ദത്തിലാക്കാൻ പോന്നതാണ് ഈ കൂട്ടുകെട്ട്.
മൂന്നാം നമ്പറിൽ നായകൻ റുതുരാജ് ഗെയ്ക്വാദ് തന്നെയാകും ഇറങ്ങുക. ക്യാപ്റ്റൻ എന്ന നിലയിൽ റുതുരാജിന് കീഴിൽ സിഎസ്കെയ്ക്ക് പ്രതീക്ഷിച്ച തിളക്കം കാട്ടാൻ സാധിച്ചിട്ടില്ലെങ്കിലും, വരുന്ന സീസണിലും അദ്ദേഹത്തിന് കീഴിൽത്തന്നെ മുന്നോട്ട് പോകാനാണ് മാനേജ്മെന്റിന്റെ തീരുമാനം.
നാലാം നമ്പറിൽ വമ്പനടിക്കാരനായ വിക്കറ്റ് കീപ്പർ ബാറ്റർ ഉർവിൽ പട്ടേലിനെ ടീമിലെത്തിച്ചേക്കും. സ്ഥിരത പ്രശ്നമാണെങ്കിലും, ഫോമിലേക്കെത്തിയാൽ ഒറ്റയ്ക്ക് മത്സരഫലം മാറ്റാൻ ഉർവിലിന് കഴിയും.
മധ്യനിരയിലും ഓൾറൗണ്ടർമാരിലും വൻ കരുത്ത്
അഞ്ചാം നമ്പറിൽ ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിനെ പ്രതീക്ഷിക്കാം.
കഴിഞ്ഞ സീസണിൽ ബ്രെവിസിന്റെ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും, മധ്യനിരയിൽ അദ്ദേഹത്തിന്റെ തിരിച്ചുവരവ് സിഎസ്കെയ്ക്ക് നിർണ്ണായകമായിരിക്കും.
ഇനി ഫിനിഷർ റോളിൽ ആറാമനായി സൂപ്പർ താരം ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ചെന്നൈ. ഭാവിയിൽ ക്യാപ്റ്റൻ സ്ഥാനമടക്കം വാഗ്ദാനം ചെയ്ത് ഹാർദിക്കിനെ ഒപ്പം കൂട്ടാനാണ് ഫ്രാഞ്ചൈസിയുടെ പദ്ധതി.
ഏറെക്കാലമായി സിഎസ്കെയെ അലട്ടുന്ന പേസ് ഓൾറൗണ്ടറുടെ കുറവ് പരിഹരിക്കാൻ ഹാർദിക്കിന് സാധിക്കും.
ഏഴാം നമ്പറിൽ ഓൾറൗണ്ടറായി ശിവം ദുബെ , എട്ടാം നമ്പറിൽ അകീൽ ഹുസൈൻ കളത്തിലിറങ്ങിയേക്കും.
വേഗതയേറിയ ബോളിംഗ് നിര
ബോളിംഗ് ഡിപ്പാർട്ട്മെന്റിൽ വൻ മാറ്റങ്ങൾക്കാണ് സിഎസ്കെ ഒരുങ്ങുന്നത്. ഒമ്പതാം നമ്പറിൽ മാറ്റ് ഹെന്റിയും, പത്താം നമ്പറിൽ ഇംഗ്ലണ്ട് പേസർ ജാമി ഓവർട്ടനെയും പ്രതീക്ഷിക്കാം. പേസ് ആക്രമണത്തിന് മൂർച്ച കൂട്ടാൻ ഖലീൽ അഹമ്മദും ടീമിൽ ഇടംനേടിയേക്കും.
സിഎസ്കെയുടെ 2027 ലെ സാധ്യതാ പ്ലേയിംഗ് ഇലവൻ:
ആയുഷ് മാത്രെ, സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, ഡെവാൾഡ് ബ്രെവിസ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അകീൽ ഹുസൈൻ, മാറ്റ് ഹെന്റിയും, ജാമി ഓവർട്ടൻ, ഖലീൽ അഹമ്മദ്.


