റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിച്ച അനുഭവങ്ങളും, ലയണൽ മെസ്സിയുമായുള്ള അദ്ദേഹത്തിന്റെ കടുത്ത മത്സരബുദ്ധിയെക്കുറിച്ചും തുറന്നുപറഞ്ഞ് മുൻ റയൽ മാഡ്രിഡ് താരം ഗാരെത് ബെയിൽ.
പ്രശസ്തമായ ‘ദി ഓവർലാപ്പ്’ പോഡ്കാസ്റ്റിലാണ് ബെയിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. റയൽ മാഡ്രിഡിന്റെ ഏറ്റവും വിജയകരമായ കാലഘട്ടത്തിൽ റൊണാൾഡോയെ മുന്നോട്ട് നയിച്ചത് മെസ്സിയെ മറികടക്കണമെന്ന ഒരൊറ്റ വാശിയാണെന്നും ബെയിൽ വ്യക്തമാക്കുന്നു.
പാസ് നൽകാതിരുന്നാൽ ദേഷ്യം; ഗോളുകളോടുള്ള ആർത്തി
വെയ്ൽസ് താരമായ ഗാരെത് ബെയിൽ ബെർണബ്യൂവിൽ റൊണാൾഡോയ്ക്കൊപ്പം അഞ്ച് സീസണുകളിലാണ് ഒന്നിച്ചു കളിച്ചത്.
ആ കാലയളവിൽ റൊണാൾഡോയുടെ നിരന്തരമായ ഗോൾ വേട്ടയാണ് ആക്രമണങ്ങളുടെ ശൈലി തന്നെ നിശ്ചയിച്ചിരുന്നതെന്ന് ബെയിൽ പറയുന്നു.
“കളിക്കളത്തിൽ റൊണാൾഡോയ്ക്ക് പാസ് നൽകാതെ നമ്മൾ സ്വയം ഷോട്ട് എടുത്ത് ഗോൾ നേടിയാൽ പോലും അദ്ദേഹം ദേഷ്യപ്പെടും.
ഒരു കളിയിൽ മൂന്നും നാലും അഞ്ചും ഗോളുകൾ നേടണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം,” ബെയിൽ ഓർത്തെടുത്തു.
തങ്ങൾ 5-0ത്തിന് മത്സരം ജയിച്ചാൽ പോലും ഗോൾ പട്ടികയിൽ പേര് ചേർക്കാൻ സാധിച്ചില്ലെങ്കിൽ റൊണാൾഡോ ഡ്രസ്സിംഗ് റൂമിൽ നിരാശനായിരിക്കുമെന്ന് ബെയിൽ സമ്മതിക്കുന്നു.
എന്നാൽ ഈ കടുത്ത വ്യക്തിഗത വാശിയാണ് റൊണാൾഡോയെ ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാക്കി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസ്സിയെ തോൽപ്പിക്കുകയെന്ന ലക്ഷ്യം
ലയണൽ മെസ്സിയുമായുള്ള ദീർഘകാല മത്സരമാണ് റൊണാൾഡോയിലെ ഗോൾവേട്ടക്കാരനെ കൂടുതൽ ഊർജ്ജസ്വലനാക്കിയതെന്ന് ബെയിൽ വിശ്വസിക്കുന്നു.
“ബാഴ്സലോണയിൽ മെസ്സി ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ടെന്ന് റൊണാൾഡോയ്ക്ക് നന്നായി അറിയാമായിരുന്നു. മെസ്സിയെ മറികടക്കുക എന്ന വാശി മാത്രമാണ് അദ്ദേഹത്തെ എപ്പോഴും ഭരിച്ചിരുന്നത്.
റെക്കോർഡുകൾ പിന്തുടരുന്ന അദ്ദേഹത്തിന്റെ ആ മാനസികാവസ്ഥ ടീമിനും വലിയ ആത്മവിശ്വാസമാണ് നൽകിയത്,” ബെയിൽ വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് റൊണാൾഡോ മടങ്ങിയപ്പോൾ പലരും വിമർശനങ്ങൾ ഉന്നയിച്ചെങ്കിലും, അദ്ദേഹം നിരന്തരം ഗോളുകൾ നേടിക്കൊണ്ടേയിരുന്നുവെന്നും,ഇപ്പോൾ അൽ നസറിലും അതുതന്നെ ചെയ്യുന്നുവെന്നും അദേഹം പറഞ്ഞു.
ഫുട്ബോളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം ഗോളുകൾ അടിച്ചു കൂട്ടുകയാണെന്നും ബെയിൽ അഭിപ്രായപ്പെട്ടു. മെസ്സിയും റൊണാൾഡോയും തമ്മിലുള്ള ഈ കടുത്ത പോരാട്ടമാണ് ലോക ഫുട്ബോളിന് ചരിത്രപ്രധാനമായ ഒരു ദശാബ്തം സമ്മാനിച്ചതെന്നും ബെയിൽ വിലയിരുത്തി.


