തെന്നിന്ത്യൻ സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ഖുശ്ബു. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം, തനിക്കെതിരെയും കുടുംബത്തിനെതിരെയും സമൂഹമാധ്യമങ്ങളിൽ നിരന്തരം ഉണ്ടാകുന്ന സൈബർ ആക്രമണങ്ങൾക്കും വ്യക്തിഹത്യകൾക്കുമെതിരെ ശക്തമായ ഭാഷയിൽ രംഗത്തുവന്നിരിക്കുന്നു.
പ്രമുഖ ഡിജിറ്റൽ മാധ്യമമായ ജെഎഫ്ഡബ്ല്യുവിന് (JFW Digital) നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഞാനൊരു പബ്ലിക് ഫിഗറാണ്, പബ്ലിക് പ്രോപ്പർട്ടിയല്ല’
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവരോട് അതേ നാണയത്തിൽ തിരിച്ചടിക്കേണ്ടി വരുന്നതിനെക്കുറിച്ചും ഖുശ്ബു സംസാരിച്ചു.
സോഷ്യൽ മീഡിയയിലൂടെ മോശം കമന്റുകളിടുന്നവരും അപകീർത്തിയായും അശ്ലീലമായും സംസാരിക്കുന്നവരും സ്വന്തം കുടുംബത്തെക്കുറിച്ചുകൂടി ചിന്തിക്കണമെന്ന് താരം ഓർമ്മിപ്പിച്ചു.
അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞ വാക്കുകൾ ഇങ്ങനെ:
“ഞാനൊരു പബ്ലിക് ഫിഗറാണ്, അല്ലാതെ ആരുടെയും പബ്ലിക് പ്രോപ്പർട്ടിയല്ല. അത് വളരെ വ്യക്തമാണ്.
നിങ്ങൾ എന്റെ അമ്മയെയോ മക്കളെയോ അധിക്ഷേപിച്ചാൽ തിരിച്ച് ഞാനും അത്തരത്തിൽ സംസാരിക്കേണ്ടി വരും.അപ്പോൾ നിങ്ങൾക്കത് ബുദ്ധിമുട്ടായി തോന്നില്ലേ? അത്രയേ ഉള്ളൂ.
നിങ്ങൾക്കത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ എന്റെ മാതാപിതാക്കളെക്കുറിച്ചോ, കുട്ടികളെക്കുറിച്ചോ, എന്നെക്കുറിച്ചോ മോശമായി സംസാരിക്കാൻ നിങ്ങളാരാണ്?
എന്നെക്കുറിച്ച് അനാവശ്യമായി മ്ലേച്ഛമായ കമന്റുകൾ പറയുന്നവർ വളർന്നുവന്ന സാഹചര്യത്തെക്കുറിച്ചും അവരുടെ മാതാപിതാക്കളെയും ഓർത്ത് എനിക്ക് സഹതാപം മാത്രമാണുള്ളത്.”
തുടർച്ചയായ സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം
വ്യക്തിപരമായ കാര്യങ്ങൾക്കൊപ്പം പൊതുരംഗത്തെ പ്രവർത്തനങ്ങളുടെ പേരിലും തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് നടക്കുന്ന സൈബർ ട്രോളുകൾക്കും അധിക്ഷേപങ്ങൾക്കും എതിരെ നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് ഖുശ്ബു.
സെലിബ്രിറ്റികൾ പബ്ലിക് ഫിഗറുകൾ ആയതുകൊണ്ട് മാത്രം അവരുടെ വ്യക്തിജീവിതത്തിലേക്ക് അതിക്രമിച്ചുകയറാനും അപമാനിക്കാനും ആർക്കും അവകാശമില്ലെന്ന ശക്തമായ സന്ദേശമാണ് താരം ഈ അഭിമുഖത്തിലൂടെ നൽകിയിരിക്കുന്നത്.
താരത്തിന്റെ ഈ തുറന്നപറച്ചിലിനെ പിന്തുണച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്.


