ഇന്ത്യക്കെതിരെയുള്ള ടി-20 പരമ്പര സമനില ആയെങ്കിലും നേട്ടം വെസ്റ്റ് ഇൻഡീസിനാണെന്ന് പരിശീലകൻ ഡാരൻ സമി. ഇന്ത്യയിലെത്തുമ്പോൾ വിൻഡീസിന് ആരും ഒരു സാധ്യതയും കൽപ്പിച്ചിരുന്നില്ലെന്നും ഇവിടെ നിന്നും മികച്ച പ്രകടനം നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സമി വ്യക്തമാക്കി.
‘പരമ്പര സമനിലയിലായെങ്കിലും നേട്ടം വിൻഡീസിനാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കാരണം ഇന്ത്യയിലെത്തുമ്പോൾ ഞങ്ങൾക്ക് ആരും ഒരു സാധ്യതയും കൽപ്പിച്ചിരുന്നില്ല. അവിടെ നിന്നാണ് ഏകദിന പരമ്പരയിലെ അവസാന മൽസരത്തിൽ വലിയ സ്കോർ പിന്തുടർന്ന് ജയിക്കാനായത്. ടി-20 പരമ്പരയിലെ രണ്ട് മൽസരങ്ങൽ ജയിക്കാനായി. ഈ ടീമിൽ എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യയെ പോലെ അതിശക്തരെ അവരുടെ വേദിയിൽ രണ്ട് കളികളിൽ തോൽപ്പിക്കാനായത് ചെറിയ കാര്യമല്ല. ഈ ടീമിൽ എനിക്ക് അഭിമാനമുണ്ട്’ ഡാരൻ സമി പറഞ്ഞു.
ഇന്ത്യ-വെസ്റ്റ് അവസാന ടി-20 മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴമൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗിനിടെ വീണ്ടും മഴയെത്തിയതോടെയാണ് മത്സരം പൂർണമായി ഉപേക്ഷിച്ചത്.

വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് ആണ് പരമ്പരയിലെ താരം. ഈ പരമ്പരയിൽ തന്നെ ഇന്ത്യക്കെതിരെ രണ്ട് സെഞ്ച്വറികൾ നേടിയാണ് ഹോപ്പ് ഈ നേട്ടം കൈവരിച്ചത്.
ഏകദിന പരമ്പര 2-1ന് വിൻഡീസ് പരാജയപ്പെട്ടെങ്കിലും ഹോപ്പിന്റെയും സംഘത്തിന്റെയും പോരാട്ടവീര്യം ഏറെ കയ്യടി നേടിയിരുന്നു.


