മലയാള സിനിമയെക്കുറിച്ചും നടൻ മോഹൻലാലിന്റെ അഭിനയ മികവിനെക്കുറിച്ചുമുള്ള തന്റെ ആദ്യകാല ഓർമ്മകൾ പങ്കുവെക്കുകയാണ് സംവിധായകൻ എസ്.എസ്. രാജമൗലി. മലയാള സിനിമയുടെ യഥാർത്ഥ മേന്മ അറിയാത്ത കാലത്ത് തെലുങ്ക് സിനിമയേക്കാൾ ഉയർന്ന നിലവാരമൊന്നും മലയാളത്തിനില്ലെന്നായിരുന്നു തന്റെ തെറ്റിദ്ധാരണയെന്നും എന്നാൽ മോഹൻലാലിന്റെ ഒരു പ്രകടനം ആ ചിന്തയെ പൂർണ്ണമായി തിരുത്തിയെന്നും രാജമൗലി പറഞ്ഞു.
ചെന്നൈയിൽ താമസിച്ചിരുന്ന കാലത്തെ അനുഭവമാണ് രാജമൗലി ഓർത്തെടുത്തത്. തന്റെ സഹോദരി കടുത്ത മോഹൻലാൽ ആരാധകയായിരുന്നുവെന്നും മലയാള സിനിമകളെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജമൗലിയുടെ വാക്കുകൾ:
“അന്ന് ഞാൻ വളരെ ചെറുപ്പമാണ്. ചേച്ചി മലയാള സിനിമയെക്കുറിച്ച് എപ്പോഴും പറയുന്നത് കേൾക്കുമ്പോൾ ഇവർ എന്താണ് ഈ പറയുന്നതെന്ന് ഞാൻ ചിന്തിക്കുമായിരുന്നു. നമ്മുടെ തെലുങ്ക് സിനിമയോളം വരില്ലല്ലോ മലയാളം എന്നായിരുന്നു എന്റെ അന്നത്തെ ധാരണ. എന്നാൽ പിന്നീട് മോഹൻലാൽ വില്ലനായി അഭിനയിച്ച ഒരു സിനിമയിലെ രംഗം ചേച്ചി എന്നെ കാണിച്ചുതന്നു.”
“ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ അദ്ദേഹത്തിന്റെ കഥാപാത്രം പോകുന്ന രംഗമായിരുന്നു അത്. തെലുങ്കിൽ ഇത്തരം രംഗങ്ങളിൽ നായകൻ ഭ്രാന്തമായി പെൺകുട്ടിയുടെ അടുത്തേക്ക് പോകുന്നതാണ് കാണാറുള്ളത്. എന്നാൽ ആ ചിത്രത്തിൽ ലാൽ സാറിന്റെ കഥാപാത്രം മരങ്ങൾക്കിടയിലൂടെ ശാന്തനായി, എന്നാൽ ഭയപ്പെടുത്തുന്ന രീതിയിൽ പെൺകുട്ടിയുടെ അടുത്തേക്ക് നടന്നുപോകുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് പേടിയായി. ആ ഒറ്റ പ്രകടനത്തോടെ എന്റെ ധാരണകളെല്ലാം മാറി.”
മലയാള സിനിമയുടെ കരുത്ത് എഴുത്തും അഭിനയവും
മലയാള സിനിമയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ അഭിനയ മികവും കഥയെഴുത്തുമാണെന്ന് രാജമൗലി കൂട്ടിച്ചേർത്തു. ചെറിയ ബജറ്റ് ചിത്രങ്ങളായാലും വലിയ സിനിമകളായാലും പ്രണയവും ആക്ഷൻ-ത്രില്ലറും സാമൂഹിക വിഷയങ്ങളുമെല്ലാം ഉയർന്ന നിലവാരത്തിലാണ് മലയാളത്തിൽ നിർമ്മിക്കപ്പെടുന്നത്.
തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ മോഹൻലാൽ ചിത്രങ്ങളുണ്ടെന്ന് രാജമൗലി വ്യക്തമാക്കി. ‘ദൃശ്യം 1’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്നും, അടുത്തിടെ കണ്ട ‘ബ്രോ ഡാഡി’യിലെ ഡയലോഗുകളെക്കുറിച്ച് നടൻ ഫഹദ് ഫാസിലുമായി സംസാരിച്ചിരുന്നുവെന്നും രാജമൗലി വെളിപ്പെടുത്തി.


