വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിലെ മികച്ച വിജയത്തോടെ ഇന്ത്യ ഹോം സീസൺ ഗംഭീരമായി ആരംഭിച്ചിരിക്കുകയാണ്. മത്സരത്തിൽ എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ 1-0 ന് മുന്നിലെത്തി.
ജിയോഹോട്ട്സ്റ്റാറിന്റെ ‘ഹയർ ക്രിക്കറ്റ് ലൈവ്’ പരിപാടിയിൽ സംസാരിച്ച മുൻ ഇന്ത്യൻ പേസറും ജിയോസ്റ്റാർ ക്രിക്കറ്റ് വിദഗ്ധനുമായ വരുൺ ആരോൺ, കുൽദീപ് യാദവിന്റെ മാച്ച് വിന്നിംഗ് പ്രകടനത്തെയും രോഹിത് ശർമ്മയുടെ ബാറ്റിംഗിനെയും കുറിച്ച് മനസ് തുറന്നു.
കുൽദീപ് യാദവിനെതിരെ ഉണ്ടായത് കടുത്ത അവഗണന:
മത്സരത്തിൽ 40 റൺസ് മാത്രം വഴങ്ങി 4 നിർണായക വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായ കുൽദീപ് യാദവിന്റെ പ്രകടനത്തെ വരുൺ ആരോൺ പ്രത്യേകമായി പ്രശംസിച്ചു.
“അങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, കുൽദീപിനെ ഒഴിവാക്കുകയും അവസരങ്ങൾ നിഷേധിക്കുകയും ചെയ്തു. അദ്ദേഹം ഒരു ഗൺ ബൗളറാണ്.
വിക്കറ്റ് വീഴ്ത്താൻ മിടുക്കനായ അദ്ദേഹം തികച്ചും ഒരു മാച്ച് വിന്നറാണ്,” ആരോൺ വ്യക്തമാക്കി.
“അത്രയും ഫ്ലാറ്റായ ഒരു പിച്ചിൽ അത്രയധികം ടേണും ബൗൺസും കണ്ടെത്തുക എളുപ്പമല്ല. തങ്ങൾ കുറഞ്ഞത് 60-70 റൺസ് പിറകിലായിരുന്നു എന്ന് ഷായ് ഹോപ്പും വ്യക്തമാക്കുകയുണ്ടായി.
അത്തരമൊരു പിച്ചിൽ വിക്കറ്റുകൾ വീഴ്ത്തുക മാത്രമല്ല, മികച്ച ഇക്കോണമി നിലനിർത്താനും കുൽദീപിനായി. തുടക്കം മുതൽ തന്നെ അദ്ദേഹം എതിരാളികൾക്ക് റൺസ് നേടാനുള്ള അവസരങ്ങൾ തടഞ്ഞു.
ആ രണ്ടോ മൂന്നോ വിക്കറ്റുകൾ വീണ നിമിഷം തന്നെ വെസ്റ്റ് ഇൻഡീസ് സമ്മർദ്ദത്തിലായി,” അദ്ദേഹം കൂട്ടിച്ചേർത്തു.
രോഹിത് ശർമ്മയുടെ തുടക്കം മികച്ചത്:
മത്സരത്തിൽ 32 റൺസ് നേടിയ രോഹിത് ശർമ്മയുടെ ബാറ്റിംഗ് പ്രകടനത്തെക്കുറിച്ചും ആരോൺ സംസാരിച്ചു. “അദ്ദേഹം മികച്ച ഫോമിലാണ്. ഇന്നിംഗ്സ് ആരംഭിച്ച രീതി തികച്ചും ഗംഭീരമായിരുന്നു,” ആരോൺ പറഞ്ഞു.
“ശുഭ്മാൻ ഗില്ലിന് മുമ്പ് അവസരങ്ങൾ ലഭിച്ചെങ്കിലും, ആ പുറത്താകൽ വരെ രോഹിത് യാതൊരു പിഴവും വരുത്തിയിരുന്നില്ല. അത്രകണ്ട് മികച്ചതല്ലാത്ത ഒരു പന്തിൽ ആ രീതിയിൽ പുറത്തായത് അദ്ദേഹത്തിന് തന്നെ നിരാശ സമ്മാനിച്ചിട്ടുണ്ടാകും.
അതൊരു ഹാഫ് വോളി ആയിരുന്നു, പക്ഷേ പന്ത് സ്ക്വയർ ലെഗിൽ ഫീൽഡറുടെ കൈകളിൽ എത്തിച്ചേരുകയായിരുന്നു. എന്തുതന്നെയായാലും രോഹിത്തും വിരാട് കോഹ്ലിയും മികച്ച ഫോമിലാണ്.
നമ്മൾ സുരക്ഷിതരായ കൈകളിലാണെന്ന് വേണം കരുതാൻ. നമ്മുടെ ഓപ്പണർമാരും മൂന്നാം നമ്പറും തങ്ങളുടെ മികവ് ഈ മത്സരത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു,” വരുൺ ആരോൺ വിലയിരുത്തി.


