കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് അഞ്ച് പതിറ്റാണ്ടോളമായി വില്ലൻ വേഷങ്ങളിലൂടെയും ശക്തമായ സ്വഭാവനടനായും തിളങ്ങുന്ന വിജയരാഘവൻ തന്റെ ഭൂതകാലത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും തുറന്നുപറയുന്നു.
പ്രശസ്ത നാടകകൃത്തും നടനുമായ എൻ. എൻ. പിള്ളയുടെ മകനായ വിജയരാഘവൻ, മുൻകാലങ്ങളിൽ തന്റെ കുടുംബം നേരിട്ട അവഗണനകളെക്കുറിച്ചും സിനിമാ വിശേഷങ്ങളെക്കുറിച്ചും മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മനസ് തുറന്നത്.
അഭിനയത്തിന്റെ പേരിൽ കുടുംബവും നാട്ടുകാരും അകറ്റി നിർത്തി
അച്ഛനും അമ്മയും സഹോദരിയും അടക്കം കുടുംബത്തിലെ മിക്കവരും നാടകത്തിൽ സജീവമായി അഭിനയിച്ചിരുന്ന കാലത്ത് സമൂഹം തങ്ങളെ എങ്ങനെയാണ് കണ്ടിരുന്നതെന്ന് വിജയരാഘവൻ ഓർമിക്കുന്നു. അന്ന് നാടകത്തിൽ അഭിനയിക്കുന്നത് വളരെ മോശപ്പെട്ട ഒരു കാര്യമായാണ് ആളുകൾ കരുതിയിരുന്നത്.
“അന്ന് നാടകത്തിലൊക്കെ അഭിനയിക്കുക എന്നത് വളരെ മോശപ്പെട്ട ഒരു കാര്യമായിട്ടാണ് കണ്ടിരുന്നത്. എന്റെ അച്ഛൻ, അമ്മ, അച്ഛന്റെ പെങ്ങൾ, എന്റെ പെങ്ങൾ, ഞാൻ ഒക്കെ അഭിനയിക്കുമായിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിലുണ്ടായിരുന്ന പലരും ഞങ്ങളുടെ വീട്ടിൽ കയറുമായിരുന്നില്ല.
നാട്ടുകാർ അഭിനയിക്കുന്ന കാര്യം പോട്ടെ, ആ പിള്ളേരെക്കൂടി അതിലേക്ക് വലിച്ചിടേണ്ട കാര്യം ഉണ്ടോ എന്നാണ് എന്റെ അച്ഛനെക്കുറിച്ച് അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അവർക്കതൊക്കെ വലിയ കാര്യമാണ്.
അന്ന് എൻ.എൻ. പിള്ളയും കുടുംബവും എന്നൊക്കെ പറഞ്ഞാൽ അത്രയ്ക്കും പുച്ഛമായിരുന്നു,” വിജയരാഘവൻ വ്യക്തമാക്കി.
അച്ഛനും മകനും തമ്മിലുള്ള സുഹൃദ്ബന്ധം
അച്ഛൻ എൻ.എൻ. പിള്ള ശാസിക്കുകയും മറ്റും ചെയ്യുമായിരുന്നെങ്കിലും തങ്ങൾക്കിടയിൽ മികച്ചൊരു സൗഹൃദബന്ധമാണ് നിലനിന്നിരുന്നതെന്ന് താരം പറയുന്നു.
“അതൊക്കെ കണ്ടാണ് ഞാൻ വളർന്നത്. കുട്ടിക്കാലം മുതൽ അച്ഛൻ എന്നോട് വളരെ ഫ്രണ്ട്ലിയായിട്ടാണ് പെരുമാറിയിരുന്നത്. തല്ലുകയും വഴക്കു പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്.
അച്ഛനോടും അമ്മയോടുമൊക്കെ എനിക്ക് ഭയങ്കര ബഹുമാനമായിരുന്നു; അതേസമയം അച്ഛൻ ഒരു സുഹൃത്തിനെപ്പോലെയും ആയിരുന്നു. എനിക്ക് ആദ്യമായിട്ട് മദ്യം തന്നത് അച്ഛനാണ്, അങ്ങനെ ഞങ്ങൾ തമ്മിൽ വലിയ അകൽച്ചയൊന്നും ഇല്ലായിരുന്നു,” അദ്ദേഹം പറഞ്ഞു.
ഇന്ന് തന്റെ മകനും കൊച്ചുമകളുമായും താൻ അത്തരത്തിലൊരു നല്ല ബന്ധമാണ് സൂക്ഷിക്കുന്നതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. അഭിനയത്തെ ഒരു തൊഴിലായി മാത്രം കണ്ട് ജീവിതം സാധാരണ മനുഷ്യനായി ആസ്വദിക്കുന്നതുകൊണ്ടാണ് തനിക്ക് അതെല്ലാം സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരിയറിലെ പുതിയ വിശേഷങ്ങൾ
1973-ൽ പുറത്തിറങ്ങിയ ‘കാപാലിക’ എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവൻ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ന്യൂഡൽഹി, റാംജി റാവു സ്പീക്കിംഗ്, ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് മേലേപ്പറമ്പിൽ ആൺവീട്, സി.ഐ.ഡി. മൂസ, മേരിക്കുണ്ടൊരു കുഞ്ഞാട്, രാമലീല തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു.
2023-ൽ പുറത്തിറങ്ങിയ ‘പൂക്കാലം’ എന്ന ചിത്രത്തിലെ ‘ഇട്ടൂപ്പ്’ എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ വിജയരാഘവൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയത്.
ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


