റിയാദ്: ഫുട്ബോൾ ലോകത്ത് താൻ നേരിട്ടതിൽ വെച്ച് ഏറ്റവും കടുത്ത എതിരാളി ആരാണെന്ന് വെളിപ്പെടുത്തി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
മുൻ ഇംഗ്ലണ്ട് ഡിഫൻഡർ ആഷ്ലി കോളിനെയാണ് റൊണാൾഡോ തന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ എതിരാളിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ‘സ്പോർട്സ് ബൈബിളിന്’ റൊണാൾഡോ നൽകിയ അഭിമുഖമാണ് ഇപ്പോൾ ഫുട്ബോൾ സർക്കിളുകളിൽ വീണ്ടും ചർച്ചയായിരിക്കുന്നത്.
ആഷ്ലി കോളിനെക്കുറിച്ച് റൊണാൾഡോ പറഞ്ഞത്
“ആഷ്ലി കോളുമായി കളിക്കളത്തിൽ വലിയ പോരാട്ടങ്ങൾ ഞാൻ നടത്തിയിരുന്നു. അവൻ മത്സരങ്ങളിൽ ശ്വാസമെടുക്കാൻ പോലും സമയം നൽകില്ല.
മികച്ച പ്രകടനങ്ങൾ നടത്തുന്ന സമയങ്ങളിൽ അവൻ അതിവേഗത്തിലുള്ള ടാക്കിളിങ്ങുകൾ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ വെച്ച് ഏറ്റവും വലിയ എതിരാളി അവനായിരുന്നു,”എന്ന് റൊണാൾഡോ പറഞ്ഞു.
ക്ലബ്ബ് തലത്തിലും രാജ്യാന്തരതലത്തിലുമായി 14 തവണയാണ് റൊണാൾഡോ നേരിട്ട് ആഷ്ലി കോളിനെ എതിരിട്ടിട്ടുള്ളത്. ഇതിൽ എട്ട് തവണ റൊണാൾഡോ വിജയം കണ്ടപ്പോൾ മൂന്ന് മത്സരങ്ങളിൽ കോൾ വിജയിച്ചു. ബാക്കി മൂന്ന് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയുമായിരുന്നു.
ആഷ്ലി കോളിന്റെ കരിയർ ഹൈലൈറ്റുകൾ
ചെൽസി, ആഴ്സണൽ, എ.എസ് റോമ, എൽ.എ ഗാലക്സി തുടങ്ങിയ പ്രമുഖ ടീമുകൾക്ക് വേണ്ടി പന്ത് തട്ടിയിട്ടുള്ള താരമാണ് ആഷ്ലി കോൾ.
വ്യത്യസ്ത ക്ലബ്ബുകൾക്കായി കളിച്ചുകൊണ്ട് കരിയറിൽ 15 കിരീടങ്ങൾ സ്വന്തമാക്കിയ അദ്ദേഹം 2019-ലാണ് ഔദ്യോഗികമായി ഫുട്ബോളിൽ നിന്നും വിരമിച്ചത്.
ചരിത്രനേട്ടത്തിലേക്ക് റൊണാൾഡോ
മറുവശത്ത്, ഫുട്ബോൾ ലോകത്ത് ഇന്നും ഗോൾവേട്ട തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ 41-ാം വയസ്സിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് താരം പുറത്തെടുക്കുന്നത്.
നിലവിൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിന് വേണ്ടിയാണ് റൊണാൾഡോ കളിക്കുന്നത്.
ഔദ്യോഗിക കരിയറിൽ ഇതുവരെ 979 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോ, ഇനി വെറും 21 ഗോളുകൾ കൂടി നേടിയാൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാമായ 1000 ഗോളുകൾ എന്ന അപൂർവ്വ നേട്ടത്തിലേക്ക് എത്തിച്ചേരാനാകും.


