തെലങ്കാനയിലെ നിസാമാബാദിൽ നാടിനെ നടുക്കിയ കൊലപാതകം. യൂട്യൂബറായ സഹോദരിയുടെ മരണത്തിന് പ്രതികാരമായി ഭർത്താവിനെ സഹോദരൻ നടുറോഡിൽ വെട്ടിക്കൊന്നു. ‘നീതി നടപ്പായില്ല, അതുകൊണ്ട് സഹോദരിയെ കൊന്നയാളെ ഞാൻ കൊന്നു’ എന്ന് വ്യക്തമാക്കി പ്രതിയായ യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയും ഇതിനിടെ വൈറലായിട്ടുണ്ട്.
യൂട്യൂബറായ ഗന്ധം വൈഷ്ണവിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവ് ചിത്താരി ഹരിബാബു (26) ആണ് വൈഷ്ണവിയുടെ സഹോദരനായ സന്തോഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നിസാമാബാദിലായിരുന്നു കൊലപാതകം നടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
റോഡരികിലെ ഭക്ഷണശാലയ്ക്ക് സമീപം നിന്നിരുന്ന ഹരിബാബുവിനെ കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇതിലൊരാൾ പുറത്തിറങ്ങി ഹരിബാബുവിനെ പിന്തുടരുകയും, തേങ്ങ വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തിലും തലയിലും വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരിബാബു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിസാമാബാദ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പശ്ചാത്തലം:
ഈ വർഷം മാർച്ച് 17-നാണ് യൂട്യൂബറായ ഗന്ധം വൈഷ്ണവിയെ ജഗ്തിയാൽ ജില്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെടുമ്പോൾ വൈഷ്ണവി നാലു മാസം ഗർഭിണിയായിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഹരിബാബു തന്നെ പീഡിപ്പിച്ചിരുന്നുവെന്ന കുടുംബത്തിന്റെ പരാതിയെത്തുടർന്നാണ് ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. അറസ്റ്റിലായ ഹരിബാബുവിന് ജൂലൈയിലാണ് ജാമ്യം ലഭിച്ചത്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ:
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സന്തോഷ് പങ്കുവെച്ച സെൽഫി വീഡിയോ ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
“എന്റെ സഹോദരിയെ കൊന്നയാളെ ഞാൻ കൊന്നു. സർക്കാർ നീതി ലഭ്യമാക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല,” എന്ന് സന്തോഷ് വീഡിയോയിൽ പറയുന്നു.
മറ്റൊരു ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെ നിസാമാബാദിൽവെച്ച് ഹരിബാബുവിനെ യാദ്യശ്ചികമായി കാണുകയും, തുടർന്ന് സ്വന്തം സുരക്ഷയ്ക്കായി കരുതിയ ആയുധമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്ന് ഇയാൾ അവകാശപ്പെടുന്നു.
തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്നും വധശിക്ഷയിൽ നിന്ന് ഒഴിവാകാൻ പൊതുജനങ്ങൾ സഹായിക്കണമെന്നും വീഡിയോയിൽ സന്തോഷ് അഭ്യർത്ഥിക്കുന്നുണ്ട്.
പോലീസിന് മുന്നിൽ കീഴടങ്ങാൻ പോകുകയാണെന്ന് വ്യക്തമാക്കിയ സന്തോഷിന്റെ വീഡിയോ പോലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.


