ബൊളീവിയയിലെ കാടുകളിൽ നിന്ന് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്ന ഒരു പുതിയ കണ്ടെത്തൽ പുറത്തുവന്നു. പൂച്ചയെക്കാളും വലുപ്പം കുറഞ്ഞതും എന്നാൽ പുലിയുടെ കുടുംബത്തിൽ പെടുന്നതുമായ പുതിയൊരു വന്യമാർജാര വർഗത്തെ ഗവേഷകർ തിരിച്ചറിഞ്ഞു. പ്രദേശവാസികൾ ‘ടിൽക്കായോ’ (Tilcayo) എന്ന് വിളിക്കുന്ന ഈ ജീവി, ഒരു നൂറ്റാണ്ടിനിടെ കണ്ടെത്തുന്ന പുതിയ മാർജാര സ്പീഷിസുകളിലൊന്നാണ്.
ബൊളീവിയയിലെ യങാസ് കോടക്കാടുകളിൽ (Cloud Forests) കണ്ടെത്തിയ ‘ടിൽക്കായോ’ (Tilcayo) എന്ന പുതിയ വന്യജീവിയാണ് ഇപ്പോൾ ശാസ്ത്രലോകത്തിന്റെ പ്രധാന ചർച്ചാവിഷയം. ‘ലെപ്പാർഡസ് ടിൽകായോ’ (Leopardus tilcayo) എന്നാണ് ശാസ്ത്രീയമായി ഇതിന് പേരിട്ടിരിക്കുന്നത്. നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഇത്തരത്തിലുള്ള പുതിയ മാർജാര വർഗത്തിന്റെ കണ്ടെത്തൽ ‘കറണ്ട് ബയോളജി’ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കണ്ടെത്തലിന് പിന്നിലെ കഥ
ബൊളീവിയയിലെ വന്യജീവി സങ്കേതത്തിൽ വോളണ്ടിയറായി പ്രവർത്തിക്കുകയായിരുന്ന പൗള നോഗാലിസ്-അസ്കരൻസ് (Paola Nogales-Ascarrunz) എന്ന ഗവേഷകയുടെ കൈകളിൽ ഒരു ടിൽക്കായോ കുട്ടി എത്തിയതോടെയാണ് ഈ പഠനത്തിന് തുടക്കമാകുന്നത്. നിലവിലുള്ള ഒരു വന്യമാർജാര വർഗവുമായും ഇതിന് സാമ്യമില്ലെന്ന് തോന്നിയ പൗള, നാഷണൽ ജ്യോഗർഫിക് സൊസൈറ്റിയുടെ സഹായത്തോടെ ഇതിന്റെ ജനിതക പഠനം നടത്താൻ തീരുമാനിക്കുകയായിരുന്നു.
നിർണായകമായ ജനിതക കണ്ടെത്തലുകൾ
ഗവേഷകർ നടത്തിയ ജനിതക പരിശോധനകളിൽ, ഈ മാർജാരയിനം അതിന്റെ അടുത്ത ബന്ധുവിൽ നിന്ന് വേർപിരിഞ്ഞിട്ട് ഏകദേശം 14 ലക്ഷം വർഷമായെന്ന് കണ്ടെത്തി.മാർജാര വർഗത്തിൽ പെടുന്ന 38 ഇനങ്ങളുടെ ജീനോം താരതമ്യം ചെയ്തുകൊണ്ട് ഇതുവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും സമഗ്രമായ ജനിതകപഠനമാണ് ഇതിനായി ഗവേഷക സംഘം നടത്തിയത്.
പ്രകൃതിയുടെ വിസ്മയങ്ങൾ ബാക്കിനിൽക്കുന്നു
കാടുകളിൽ എത്ര ടിൽക്കായോകൾ അവശേഷിക്കുന്നുണ്ടെന്ന കാര്യത്തിൽ കൃത്യമായ കണക്കുകളില്ല. ഒരു നൂറ്റാണ്ടിനു ശേഷം പുതിയൊരു മാർജാര സ്പീഷിസിനെ തിരിച്ചറിയാൻ കഴിഞ്ഞത്, ഇനിയും കണ്ടെത്താത്ത എത്രയോ ജീവിവർഗങ്ങൾ നമ്മുടെ കാടുകളിൽ അവശേഷിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്. അതോടൊപ്പം തന്നെ, നമ്മുടെ ജൈവവൈവിധ്യം എത്രത്തോളം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന വലിയ മുന്നറിയിപ്പും ഈ കണ്ടെത്തൽ നൽകുന്നുണ്ട്.


