മോഹൻലാൽ നായകനായി എത്തിയ വിശ്വപ്രസിദ്ധ ചിത്രം ‘തന്മാത്ര’യിലെ ഒരു വൈകാരിക രംഗം എഴുതിത്തീർത്തത് കണ്ണീരോടെയാണെന്ന് സംവിധായകൻ ബ്ലെസി. ആലുവ രാജഗിരി ആശുപത്രിയിൽ അത്യാധുനിക അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ചിത്രീകരണ അനുഭവം പങ്കുവെച്ചത്.
അൽഷിമേഴ്സ് ബാധിതനായ രമേശന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ‘തന്മാത്ര’ സിനിമയിലെ ഒരു ഹൃദയസ്പർശിയായ രംഗത്തെക്കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ ബ്ലെസി. തനിക്ക് ഐ.എ.എസ്. ലഭിച്ചുവെന്ന് മകൻ സന്തോഷത്തോടെ പറയുമ്പോൾ, അസുഖബാധിതനായ മോഹൻലാലിന്റെ കഥാപാത്രം ‘ആരാ?’ എന്ന് ചോദിക്കുന്ന രംഗം എഴുതിയത് കരഞ്ഞുകൊണ്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മനുഷ്യന്റെ ഓർമക്ഷയത്തെയും ഡിമെൻഷ്യയെയും ഇത്രയധികം തീവ്രതയോടെ അടയാളപ്പെടുത്തിയ ആ ചിത്രം ഇന്നും സമൂഹത്തിന് ഒരു നൊമ്പരമാണെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
രാജഗിരി ആശുപത്രിയിൽ അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
ഓർമക്കുറവ് പ്രശ്നങ്ങൾക്കായി രാജഗിരി ആശുപത്രിയിൽ ആരംഭിച്ച പുതിയ അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക്കിന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിയാനാകാതെ പൂർണമായും കിടപ്പിലാകുന്ന അവസ്ഥയിലേക്ക് പോകുന്നതിൽനിന്ന് ഡിമെൻഷ്യ രോഗികളെ തടയുകയാണ് ഈ ക്ലിനിക്കിന്റെ ലക്ഷ്യമെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.
നൂതന ചികിത്സാ സൗകര്യങ്ങൾ
സി.എസ്.എഫ്. ബയോമാർക്കർ പരിശോധനയ്ക്കുപുറമേ, അൽഷിമേഴ്സ് രോഗം കൃത്യമായി സ്ഥിരീകരിക്കുന്ന അഡ്വാൻസ്ഡ് പെറ്റ് സ്കാനിങ് സംവിധാനം ഇവിടെ ലഭ്യമാണ്.ഡിമെൻഷ്യ രോഗികൾക്കായി നൂതനമായ ‘മോണോക്ലോണൽ ആന്റിബോഡി’ ചികിത്സയും ക്ലിനിക്കിലൂടെ നൽകും.
ഡിമെൻഷ്യയ്ക്ക് സമാനമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമെന്ന് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പ്രദീപ് കൊറ്റം വ്യക്തമാക്കി. ന്യൂറോളജി, റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, റിഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളുടെ സംയോജിത സഹകരണത്തോടെയാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്.
ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


