കൽപ്പറ്റ: റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വസതിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശമദ്യവും വൈനും പിടികൂടി. 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിയമപരമായി കൈവശം വെക്കാവുന്നതിലും അധികം മദ്യം വീട്ടിൽ സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിൽ, ഇതിന്റെ ഉറവിടത്തെക്കുറിച്ചും എക്സൈസ് അന്വേഷണം നടത്തുന്നുണ്ട്.
ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടത്തിയതായി ആരോപിക്കപ്പെടുന്ന വൻ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ആന്റോ അഗസ്റ്റിന്റെ വസതികളിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ് നടത്തുന്നതിനിടെയാണ് എക്സൈസിന്റെ ഈ നടപടി.
പൊലീസ് റെയ്ഡും കേസന്വേഷണവും:
കേസിലെ തെളിവുകൾ ശേഖരിക്കുന്നതിനായി കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടങ്ങളിലാണ് ഒരേസമയം പൊലീസ് തിരച്ചിൽ നടത്തിയത്.കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ്, ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റ്, വയനാട്ടിലെ കുടുംബവീട് എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ പൊലീസ് റെയ്ഡ് തുടർന്നു.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ബാങ്ക് വിവരങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുക്കുന്നതിനാണ് പരിശോധന നടത്തിയത്.
മെസ്സിയുടെ പേര് ഉപയോഗിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും, റെയ്ഡിൽ കണ്ടെത്തിയ രേഖകൾ കേസിൽ നിർണായക തെളിവാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


