അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി യുവതാരം അഭിഷേക് ശർമ്മ. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയത്തിലേക്ക് നയിച്ച അഭിഷേക്, ലോകോത്തര ലെഗ് സ്പിന്നർ റാഷിദ് ഖാനെതിരായ മത്സരത്തിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റിന്റെ പുതിയ റെക്കോർഡും സ്വന്തമാക്കി.
അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിംഗ്
മത്സരത്തിൽ വെറും 32 പന്തിൽ നിന്ന് 7 വീതം ഫോറും സിക്സും സഹിതം 82 റൺസാണ് ഇടംകൈയ്യൻ ബാറ്ററായ അഭിഷേക് ശർമ്മ അടിച്ചുകൂട്ടിയത്. 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസൺ (10) പെട്ടെന്ന് പുറത്തായെങ്കിലും, അഭിഷേകും ഇഷാൻ കിഷനും ചേർന്ന് ടീമിനെ സുരക്ഷിത തീരത്തെത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 53 പന്തിൽ നിന്ന് 121 റൺസാണ് അടിച്ചെടുത്തത്. ടി20 ഫോർമാറ്റിൽ അഫ്ഗാനിസ്ഥാനെതിരെ 100-ലധികം റൺസിന്റെ കൂട്ടുകെട്ടിലെ ഏറ്റവും ഉയർന്ന സ്കോറിംഗ് നിരക്കാണിത് (ഓവറിൽ 13.70 റൺസ്).
റാഷിദ് ഖാനെതിരായ ചരിത്രനേട്ടം
ടി20 ക്രിക്കറ്റിൽ അഫ്ഗാന്റെ സൂപ്പർ താരം റാഷിദ് ഖാനെതിരെ കുറഞ്ഞത് 30 പന്തുകളെങ്കിലും നേരിട്ട 113 ബാറ്റസ്മാൻമാരിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് ഇനി അഭിഷേക് ശർമ്മയുടെ പേരിലാണ്. റാഷിദിന്റെ പന്തുകളെ തരിപ്പണമാക്കിയ താരം, ലോകോത്തര ബൗളർമാർക്കെതിരെയും തന്റേതായ ശൈലി മാറ്റില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. പവർപ്ലേയിൽ തന്നെ ഇന്ത്യയെ 82/1 എന്ന ശക്തമായ നിലയിലെത്തിക്കാൻ അഭിഷേകിന്റെ പ്രകടനത്തിനായി.
പിന്നീട് ശ്രേയസ് അയ്യരും തിലക് വർമ്മയും ചേന്ന് 13.4 ഓവറിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. ചൊവ്വാഴ്ച നടക്കുന്ന രണ്ടാം ടി20 മത്സരത്തിലും വിജയം നേടി പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം.


