Connect with us

Article

രാജകീയം ഈ മരങ്ങള്‍;മരത്തിനു ചികിത്സയേകുമ്പോള്‍ പ്രായം 94. രക്ഷപെടുമോ എന്നു സംശയം . ചികിത്സ പിഴച്ചില്ല.

കേരളത്തിലെ സ്വകാര്യ ഭൂമിയിലെ ഏറ്റവും വലിയ തമ്പക മരങ്ങളാണിത്. ഏതു ദിക്കില്‍ നിന്നു നോക്കിയാലും ഹൈറേഞ്ചിന്റെ അടിവാരത്തു വീറോടെ നില്‍ക്കുന്ന തമ്പകങ്ങളെ കാണാം. ചില്ലറകാരല്ല, ഇവര്‍. ബ്രിട്ടീഷ് ഭരണത്തിന്റെയും തിരുവിതാംകൂര്‍ രാജഭരണത്തിന്റെയും ചരിതങ്ങള്‍ ഈ മരത്തണലിലുണ്ട്. ഒരു നൂറ്റാണ്ടില്‍ കരിപ്പാപറമ്പില്‍ പിറന്നുവീണവര്‍ ഉണര്‍ന്നെഴുന്നേറ്റത് തമ്പകത്തിന്റെ സുഗന്ധം നുകര്‍ന്നാണ്

Published

on

എസ്. സുധീഷ്‌കുമാര്‍

PHOTO –ഡയസ് ആന്റണി

ആറു വര്‍ഷം മുന്‍പാണ് സംഭവം. മെയ് മാസത്തിലെ വേനല്‍മഴയില്‍ വീട്ടുമുറ്റത്തെ ഇരട്ടകളായ മരങ്ങളിലൊന്നിനു മിന്നലേറ്റു. കൊമ്പ്; ഒന്നു വാടി. ചികിത്സിക്കാതെ തരമില്ല. നിസാരക്കാരനല്ലിത്, ബ്രിട്ടീഷ് ഭരണകാലത്ത് നട്ടുപിടിപ്പിച്ച മരമാണ്. തിരുവിതാംകൂര്‍ രാജാവിന്റെ വനനിയമത്തില്‍ ഇടംപിടിച്ച റോയല്‍ വനവൃക്ഷവും! വീട്ടുകാര്‍ പല വൈദ്യമാരെയും തേടി നടന്നു. ഒടുവില്‍ വൈദ്യനെത്തി. വൃക്ഷവൈദ്യന്‍!. ഒന്നര മാസത്തെ ചികിത്സ. മരത്തിനു ചികിത്സയേകുമ്പോള്‍ പ്രായം 94. രക്ഷപെടുമോ എന്നു നാട്ടാരടക്കം സംശയം പ്രകടിപ്പിച്ചു. ചികിത്സ പിഴച്ചില്ല. ഇന്നും ഈ ‘തമ്പക മരങ്ങള്‍’ ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട നിര്‍വൃതിയില്‍ തലയുയര്‍ത്തിനില്‍ക്കുന്നു, രാജകീയ പ്രൗഢിയോടെ.


കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്പത്രിക്ക് എതിര്‍വശത്തേക്ക് ഡോമിനിക് തൊമ്മന്‍ പാത നീണ്ടു നിവര്‍ന്നുകിടക്കുന്നു. ഒരു മൈല്‍ സഞ്ചരിച്ചാല്‍ കരിപ്പാപറമ്പില്‍ വീട്ടുമുറ്റത്തെത്താം. കരിങ്കല്ലില്‍ പണിതെടുത്ത ചുറ്റുമതിലോടു കൂടിയ 12 ഏക്കര്‍ സ്ഥലം. പച്ചപ്പണിഞ്ഞ മതില്‍കെട്ടിനുള്ളില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന കരിപ്പാപറമ്പ് ബംഗ്ലാവ്. നാട്ടുവാക്കില്‍ കാഞ്ഞിരപ്പള്ളി അച്ചായന്റെ വീടെന്നു പറയാം. കിഴക്കോട്ട് ദര്‍ശമേകുന്ന കെ.സി ഡൊമിനിക്കിന്റെ വീടിനു ഇടതും വലതും അതിരില്‍ അപൂര്‍വമായ രണ്ട് കൂറ്റന്‍ തമ്പക മരങ്ങള്‍. ഡൊമിനിക് തൊമ്മന്റെ കൊച്ചുമകന്‍ ബാബുച്ചായന്റെ കുടുംബമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നതും തമ്പകമരത്തെ സംരക്ഷിക്കുന്നതും. കേരളത്തിലെ സ്വകാര്യ ഭൂമിയിലെ ഏറ്റവും വലിയ തമ്പക മരങ്ങളാണിത്. ഏതു ദിക്കില്‍ നിന്നു നോക്കിയാലും ഹൈറേഞ്ചിന്റെ അടിവാരത്തു വീറോടെ നില്‍ക്കുന്ന തമ്പകങ്ങളെ കാണാം. ചില്ലറകാരല്ല, ഇവര്‍. ബ്രിട്ടീഷ് ഭരണത്തിന്റെയും തിരുവിതാംകൂര്‍ രാജഭരണത്തിന്റെയും ചരിതങ്ങള്‍ ഈ മരത്തണലിലുണ്ട്.

ദ റോയല്‍ തമ്പക ട്രീ

കൊല്ലവര്‍ഷം 1103ല്‍ കരിപ്പാപറമ്പ് തറവാട്ടില്‍ കെ.സി ഡൊമിനിക്ക് എന്ന ബാബുച്ചായന്റെ വല്യപ്പന്‍ ഡൊമനിക് തൊമ്മനാണ് നിലമ്പൂരില്‍ നിന്ന് തമ്പകം കാഞ്ഞിരപ്പള്ളിയില്‍ എത്തിച്ചത്. സ്വാതന്ത്ര്യലബ്ദിക്കു മുമ്പ് തിരുവിതാംകൂര്‍ രാജഭരണത്തിലെ മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സിലര്‍ ആയിരുന്നു പരിസ്ഥിതി സ്‌നേഹിയായ ഡൊമനിക് തൊമ്മന്‍. ഭരണ സംബന്ധമായ കാര്യങ്ങള്‍ക്കാണ് തൊമ്മന്‍ നിലമ്പൂരിലേക്ക് പോയത്. ആ സമയത്ത് തിരുവിതാംകൂര്‍ മഹാരാജാവ് പ്രകൃതി സംരക്ഷണത്തിനായി നിയമം തയാറാക്കുന്ന സമയമായിരുന്നു. വനഭൂമി അളന്നു തിട്ടപ്പെടുത്താന്‍ രാജാവ് ചുമതലപ്പെടുത്തിയത് മണ്‍റോ സായിപ്പിനെയാണ്. രാജാവിന്റെ നിര്‍ദേശാനുസരണം മണ്‍റോ സായിപ്പ് കേരളത്തിലെ വനമേഖല അളന്നു മരങ്ങളുടെ പട്ടികയും തയാറാക്കി. കേരളത്തിലെ മരങ്ങളുടെ അപൂര്‍വത കണ്ട മണ്‍റോ സായിപ്പ് മരങ്ങളെയും വനത്തെയും സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ വനനിയമത്തിന് രൂപംനല്‍കി. അതിപ്രാധാന്യമുള്ള 27 മരങ്ങള്‍ക്കു ഇംഗ്ലണ്ടിലെ പോലെ റോയല്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ രാജാവിന് നിര്‍ദേശം നല്‍കി. മണ്‍റോയുടെ ശുപാര്‍ശ രാജാവും അംഗീകരിച്ചു.

മണ്‍റോ നല്‍കിയ പട്ടികയില്‍ ചന്ദനമരത്തിനായിരുന്നത്രേ പ്രഥമ സ്ഥാനം. ആദ്യ പത്തില്‍ തമ്പകവും ഇടം പിടിച്ചു. അങ്ങനെ തമ്പകം രാജകീയ പദവിലേക്ക് ഉയര്‍ന്നു. ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം ഡൊമനിക് തൊമ്മന്‍ നിലമ്പൂര്‍ കാട് സന്ദര്‍ശിച്ചു. അവിടെ നിന്നാണ് തമ്പകത്തെ കണ്ടെത്തുന്നത്. രണ്ട് തൈകള്‍ ഒപ്പം കൂട്ടി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ എത്താന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ നാല് വര്‍ഷം പ്രായമുള്ള തൈകളാണ് കൈയില്‍ കരുതിയത്. തറവാട് മുറ്റത്തിന്റെ രണ്ടു വശങ്ങളിലായി തൈകള്‍ വച്ചുപിടിപ്പിച്ചു. ഈ മരം ഇത്ര വലുതാകുമെന്ന് അറിയാവുന്നതുകൊണ്ട് അതിനായി പ്രത്യേകം സംരക്ഷണത്തറയൊരുക്കി. മരംനട്ട വര്‍ഷവും തീയതിയും രേഖപ്പെടുത്തിയ ഒരു ഫലകവും സംരക്ഷണത്തറയില്‍ സ്ഥാപിച്ചു. കൊല്ലവര്‍ഷം 1103 പത്താം മാസം ഏഴാം തിയതി.

കുടുംബാഗം പോലെ

ഒരു നൂറ്റാണ്ടില്‍ കരിപ്പാപറമ്പില്‍ പിറന്നുവീണവര്‍ ഉണര്‍ന്നെഴുന്നേറ്റത് തമ്പകത്തിന്റെ സുഗന്ധം നുകര്‍ന്നാണ്. മൂന്നു തലമുറകള്‍ ഈ തമ്പകങ്ങള്‍ക്കിടയില്‍ ഓടിക്കളിച്ചു. കരിപ്പാപറമ്പുകാര്‍ക്ക് ജീവനാഡിയാണ് ഈ മരങ്ങള്‍. ഡൊമനിക് തൊമ്മന്റെ രണ്ട് ഭാര്യമാരില്‍ നിന്നായി 22 മക്കളും അവരുടെ മക്കളും അടക്കം നൂറിലധികം പേര്‍ തമ്പകത്തിന്റെ തണല്‍പറ്റി. പുരയ്ക്കു മേല്‍ പലവട്ടം ചില്ലകള്‍ നീണ്ടെങ്കിലും ഇവരില്‍ ആരും തന്നെ തമ്പകത്തെ വെട്ടിമാറ്റാന്‍ ആലോചിച്ചതേയില്ല. തമ്പകത്തെ കടപുഴക്കാന്‍ ഒരു കാറ്റുവീശുകയാണെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ ഒരു മരം പോലും മിച്ചം കാണില്ലെന്ന് ബാബുച്ചായന്‍ പറയുന്നു. ഉരുക്കു പോലെ തലയുയര്‍ത്തി നില്‍ക്കുന്ന തമ്പകമരത്തിന്റെ കാരിരുള്‍ നിറമാണ് തടയ്ക്ക്. ചെത്തി മിനുക്കിയ തമ്പക ച്ചോട്ടില്‍ ഒരു ഇല പോലുമില്ല.

ചിലതരിക്കില്ല, ഉരുക്കിന്റെ ബലവും

നിത്യഹരിതവനങ്ങളിലാണ് തമ്പകമരം വളരുന്നത്. കമ്പകം മരം എന്നും അറിയപ്പെടുന്നതായി വൃക്ഷ വൈദ്യന്‍ കെ. ബിനു പറയുന്നു. വീുലമ ുമൃ്ശളഹീൃമ എന്നാണ് ശാസ്ത്രീയനാമം. അയേണ്‍ വുഡ് ഓഫ് മലബാര്‍ എന്നാണ് ഇംഗ്ലീഷില്‍ ഈ മരം അറിയപ്പെടുന്നത്. ചിതലരിക്കാത്ത ഈ മരത്തിന്റെ തടിയാണ് റെയില്‍ പാളങ്ങളുടെ നിര്‍മാണത്തിനായി പാശ്ചാത്യ രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്നത്. കേരളത്തിലെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച പുനലൂര്‍ തൂക്കുപാലം നിര്‍മിച്ചത് തമ്പക മരം ഉപയോഗിച്ചാണ്. വേനല്‍കാലത്ത് അധികമായി ഇല പൊഴിയില്ല എന്നൊരു പ്രത്യേകതയും തമ്പകത്തിനുണ്ട്.

രണ്ട് മരത്തിന് 40 ലക്ഷം വില

മരങ്ങളെ കണ്ണുവെച്ചു ഒട്ടേറെ പേര്‍ കാഞ്ഞിരപ്പള്ളി കറങ്ങിയ കഥകളുണ്ട്. ഒരിക്കല്‍ കൊല്ലത്തുള്ള ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ ബാബുച്ചായനെ തേടിയെത്തി. തമ്പക മരം വാങ്ങുകയായിരുന്നു ലക്ഷ്യം. ചിലതരിക്കില്ലാത്തതിനാല്‍ ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിക്കാം. അഞ്ച് ലക്ഷത്തില്‍ നിന്ന് വില പറയാന്‍ തുടങ്ങി. വില്‍ക്കില്ലെന്ന് ബാബുച്ചായന്‍ തീര്‍ത്തു പറഞ്ഞു. രണ്ടിനും കൂടി 40 ലക്ഷം തരാമെന്ന് ഭാരവാഹികള്‍. കോടികള്‍ തന്നാലും വില്‍ക്കില്ലെന്ന് ബാബുച്ചായനും. ലോകമാകെ വേരോട്ടമുള്ള കടപ്പാപറമ്പില്‍ കുടുംബം അത്രയ്ക്ക് കടപ്പെട്ടിരിക്കുകയാണ് ഈ തമ്പകത്തോട്.

പറന്നിറങ്ങുന്ന വിത്തുകള്‍

ഋതുക്കള്‍ ഏതുമാവട്ടെ, തമ്പക ചോട്ടിലെത്തിയാല്‍ മനസൊന്നു തണുക്കും. സദാസമയം കുളിരും ഇളംകാറ്റും തമ്പകത്തെ വേറിട്ടു നിര്‍ത്തുന്നു. വേനല്‍കാലമെത്തിയാല്‍ വിത്തിന്റെ സമയമായി. ഉയരത്തിലുള്ള ചില്ലകളില്‍ നിന്നും വിത്തു മണ്ണിലേക്കു പറന്നിറങ്ങുന്ന കാഴ്ച ആരെയും മോഹിപ്പിക്കും. പമ്പരം പോലെ കറങ്ങിയാണ് വിത്തുകള്‍ പറന്നിറങ്ങുക. വേനല്‍ക്കാലത്ത് മുറ്റം നിറയെ പറന്നിറങ്ങുന്ന വിത്തുകള്‍ കൊണ്ടു നിറയും. രസമുള്ളൊരു കാഴ്ചയാണത്. മരം കാണാനായി പലരും എത്തിയതോടെ ബാബുച്ചായന്‍ വിത്തുകള്‍ ശേഖരിക്കാന്‍ തുടങ്ങി. മാസങ്ങളോളം ശേഖരിച്ചു പായ്ക്കറ്റിലാക്കി നൂറോളം കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമായി വിതരണവും ചെയ്തു.
ഇനി വരുന്നൊരു തലമുറയ്ക്കു കൂടി വസന്തം സമ്മാനിക്കാന്‍ മണ്ണില്‍ കൂറ്റന്‍ വേരാഴ്ത്തി, ആകാശ സീമകളിലേക്കു ചില്ലകള്‍ പടര്‍ത്തി തമ്പകമരങ്ങള്‍ പടര്‍ന്നു നില്‍ക്കുന്നു. സംരക്ഷിക്കാന്‍ കരിപ്പാപറമ്പില്‍ തറവാടും.

Article

അറുതിവേണം ഈ അഴിഞ്ഞാട്ടത്തിന്

EDITORIAL

Published

on

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 – 17 വര്‍ഷങ്ങളില്‍ 305 കൊലപാതകങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷമായപ്പോഴേക്കും അത് 350 ല്‍ എത്തിയിരിക്കുകയാണ്. ലഹരിയും അക്രമവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമാണ് കൊലപാതകങ്ങളുടെ പെരുംവര്‍ധനവിന് ഇടയാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ സിനിമയും ലഹരിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തുറന്നുകാണിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങള്‍. നടന്‍ ഷൈന്‍ടോം ചാക്കോ ലഹരിക്കേ സില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിനിമാ മേഖലയില്‍ അരങ്ങുവാണുകൊണ്ടിരിക്കുന്ന ലഹരിയുടെ മായാലോകത്തിലോക്കുള്ള വിരല്‍ചൂണ്ടലായി അത് മാറിയിരിക്കുകയാണ്. സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആഴത്തില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ക ലാരൂപമാണ് സിനിമ.

സിനിമാ താരങ്ങള്‍ക്കു സമൂഹത്തിലുള്ള അംഗീകാരവും ആരാധനയും ഈ യാഥാര്‍ത്ഥ്യത്തിനുള്ള തെളിവാണ്. സമീപകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും പിന്നില്‍ സിനിമ പ്രസരിപ്പിക്കുന്ന സന്ദേശങ്ങള്‍ വഹിക്കുന്ന പങ്ക് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, കഥയേക്കാള്‍ വലിയ സ്വാധീനശക്തിയായ കഥാപാത്രങ്ങളില്‍ നിന്നും ഇത്തരം തിക്താനുഭവങ്ങള്‍ പുറത്തുവരുന്നത്.

സംസ്ഥാനത്ത് ലഹരി വ്യാപകമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ സങ്കേതങ്ങളിലൊന്നായി സിനിമാ മേഖല മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ലഭ്യമാവുന്ന എല്ലാത്തരം ലഹരികളും ഏറിയും കുറഞ്ഞും മലയാള സിനിമ മേഖലയിലും ലഭിക്കുമെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. മദ്യത്തിന്റെയും കഞ്ചാവിന്റെയുമെല്ലാം ഉപയോഗം സര്‍വസാധാരണമായിരുന്ന ഷൂട്ടിങ് സെറ്റുകളില്‍ രാസല ഹരിയുടെ കടന്നുവരവോടെ കാര്യങ്ങള്‍ അപ്പാടെ മാറിമറിഞ്ഞതായാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ആരൊക്കെ എന്തോക്കെ ലഹരികള്‍ ഉപയോഗിക്കുന്നുവെന്നത് എല്ലാവര്‍ക്കും പരസ്പരം അറിയാവുന്ന സ്ഥിതി വിശേഷം വരെ നിലനില്‍ക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യ ത്യാസമില്ലാതെ ലഹരിയുടെ ഉപയോഗവും വിപണനവുമെല്ലാം തകൃതിയായി നടക്കുമ്പോള്‍ അതിനെ നിര്‍ലജ്ജം ന്യായീകരിക്കാനും ആളുകളുണ്ടെന്നത് ഏറെ ഗൗരവതര വും, ലഹരി ഈ മേഖലയിലുണ്ടാക്കിയിരിക്കുന്ന സ്വാധീ നത്തിന്റെ തെളിവുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പിന്നെ ഈ വ്യവസായത്തില്‍ തന്നെ ഇടമില്ല എന്നതാണ് അവസ്ഥ. അവസരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കുന്നതിനുവേണ്ടിയും എല്ലാ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് പല നടീനടന്‍മാര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ ദുഷ്പ്രവണതക്കെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ അനുഭവങ്ങള്‍ ഇരകളാക്കപ്പെട്ടവരെ നിശബ്ദരും നിഷ്‌ക്രിയരുമാക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഷൈന്‍ ടോം ചാക്കോക്കെതിരായ ആരോപണത്തില്‍പോലും ഈ പിന്‍വലിയല്‍ പ്രകടമാണ്. അതുപോലെ ഇത്തരം കൃത്യങ്ങള്‍ക്കെതിരെ ന്യായീകരണവുമായെത്തുന്നവരുടെയും ലക്ഷ്യം അവസരവും അം ഗീകാരവും തന്നെയാണ്.

ലഹരിയുടെ ഉപയോഗം ഷൂട്ടിങ്ങ് സെറ്റുകളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നതായുള്ള പരാതികള്‍ വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ ഈ പ്രവണതക്കെതിരെ ഒരുനടപടിയു മുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഷൂട്ടിങ് സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിക്കുകയും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയതിരുന്നു.

സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ നിയമിക്കുന്നതിനെയും സംഘടന അംഗീകരിച്ചിരുന്നു. സെറ്റുകളിലെ ലഹരിയുടെ വ്യാപനത്തിനെതിരെ തങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ പരാതി.

സിനിമാ രംഗത്തുമാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ തന്നെ വലിയകോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വന്‍പരാമര്‍ശങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആലില അനങ്ങിയില്ലെന്നുള്ളതാണ് പിന്നീടുണ്ടായ യാഥാര്‍ത്ഥ്യം. സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന മേഖലയെന്ന നിലയില്‍ സിനിമയും സിനിമാ മേഖലയും ശുദ്ധീകരിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

എന്നാല്‍ ലഹരിയുടെ വ്യാപനത്തിന് എല്ലാം അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഒരുഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. പുതിയ സാഹചര്യങ്ങള്‍ വിഷയത്തിന്റെ രൗദ്രത വരച്ചുകാണിക്കുമ്പോള്‍ ഇനിയെങ്കിലും ഇടപെടാന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്.

Continue Reading

Article

വഖഫില്‍ തൊടാന്‍ സമ്മതിക്കില്ല

EDITORIAL

Published

on

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പ്രതിക്ഷാ നിര്‍ഭരവും കരിനിയമത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെടുന്നതുമാണ്. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ഇന്നത്തേക്ക് മാറ്റിവെക്കുമ്പോള്‍ തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നിയമനിര്‍മാണത്തിന്റെ പേരില്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉത്തരംമുട്ടി നില്‍ക്കുകയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആഞ്ഞടിക്കുകയുമായിരുന്നു. ഇന്നലെ തന്നെ ഇടക്കാല ഉത്തരവ് പറയാതിരിക്കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതിക്കു മുന്നില്‍ കേണപേക്ഷിക്കേണ്ട സ്ഥിതിയിലായിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന കേസില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമസ്ത ഉള്‍പ്പെടെ സാമുദായിക സംഘടനകളും വ്യക്തികളും അടക്കം 73 ഓളം ഹരജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കബില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങളിലാണ് നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനോട് നിര്‍ണായക ചോദ്യങ്ങളും സംശയങ്ങളുമെല്ലാം സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. വഖഫ് ബൈയൂസര്‍ നിയമത്തിലെ ആശങ്കകളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മുസ്ലിം ലീഗിനുവേണ്ടി ഹാജരായ കബില്‍ സിബലും അഡ്വ. വി.കെ ഹാരിസ് ബീരാനും പ്രധാനമായും നിരത്തിയ വാദം പുതിയ നിയമത്തിലെ വ്യവസ്ഥകളില്‍ പലതും മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 26 ന്റെ ലംഘനമാണ് എന്ന തായിരുന്നു. വഖഫ് വിഷയങ്ങളില്‍ കലക്ടര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്ന നിയമത്തിലെ വ്യവസ്ഥയെയും അദ്ദേഹം ചോദ്യം ചെയ്തു. കലക്ടര്‍ സര്‍ക്കാറിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന് ഒരു ജഡ്ജിയുടെ അവകാശാധികാരങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം തുറന്നുകാട്ടി. വഖഫ് ബൈയൂസര്‍ വിഷയത്തില്‍ സിബല്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയം. പുതിയ വ്യവസ്ഥ പ്രകാരം 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് വഖഫ് സ്ഥാപിക്കപ്പെട്ട വസ്തുക്കളുടെ പോലും രേഖകള്‍ ഹാജരാക്കേണ്ട അവസ്ഥയാണ് ഉണ്ടാ യിത്തീരുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് വഖഫ് ബൈ യൂസര്‍ പ്രകാരം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വഖഫ് സ്വത്തുക്കള്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യുമെന്നും അവക്ക് എന്തു രേഖകളാണ് ഉണ്ടാക്കുകയെന്നും ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചിരിക്കുകയാണ്. ഡല്‍ഹി ജുമാ മസ്ജിദ് പോലുള്ള ചരിത്രപ്രസിദ്ധമായ നിര്‍മിതികള്‍ വഖഫ് ബൈ യൂസര്‍ പ്രകാരം നിലവില്‍ വന്നതാണെന്നും പുതിയ നിയമമനുസരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡിന്റെ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നുമുള്ള കോടതിയുടെ ചൂണ്ടിക്കാട്ടലും ഏറെ ശ്രദ്ധേയമാണ്.

വഖഫ് കൗണ്‍സിലില്‍ മുസ്ലിമേതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന വിഷയത്തിലും ഇടപെട്ട കോടതി എക്‌സ് ഒഫീഷ്യാ അംഗങ്ങളൊഴികെയുള്ളവരെല്ലാം ഇസ്ലാംമത വിശ്വാസികളായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഹിന്ദു എന്റോവ്മെന്റ് ബോര്‍ഡുകളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ തയാറുണ്ടോയെന്ന സര്‍ക്കാര്‍ അഭിഭാഷകനോടുള്ള കോടതിയുടെ ചോദ്യം കേന്ദ്രത്തിന്റെ ഉദ്ദേശ ശുദ്ധിയിലുള്ള കോടതിയുടെ സംശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കോടതി നടത്തിയിട്ടുള്ള നിര്‍ണായക നിരീക്ഷണങ്ങള്‍ ഇന്നത്തെ ഇടക്കാല വിധിയെ സ്വാധീനിക്കുമെന്നു തന്നെയാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ഏറെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന വഖഫ് ബൈ യൂസര്‍, വഖഫ് ബോര്‍ഡിലെ അമുസ്ലിം പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളില്‍. നീതിയും നിയമവും നോക്കു കുത്തിയാക്കി സര്‍ക്കാര്‍ നിര്‍മിച്ചിട്ടുള്ള നിയമത്തിന്റെ അസാംഗത്യത്തെ കോടതി തുറന്നുകാ ട്ടുമ്പോള്‍ നിയമപോരാട്ടത്തിന് വലിയ പ്രതീക്ഷയാണ് ലഭിക്കുന്നത്. അനധികൃതമായി വഖഫില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പായിരുന്നു ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മഹാറാലി. അന്തിമവിധിയിലും കോടതി ഇന്നലെ നടത്തിയ നിരീക്ഷണങ്ങളുടെ പ്രതിഫലനമുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Continue Reading

Article

ചരിത്ര ദൗത്യവുമായി മുസ്ലിംലീഗ്

EDITORIAL

Published

on

സമാനതകളില്ലാത്ത ദുരന്തത്തിന്റെ അടയാളപ്പെടുത്തലാണ് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. ഒരു നാട് ഒന്നാകെയാണ് ഇല്ലാതായിപ്പോയത്. ഗ്രാമീണ വിശുദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും മടിത്തട്ടില്‍ പ്രാരാബ്ധങ്ങളെയും പ്രതിസന്ധികളെയും വകഞ്ഞുമാറ്റി പകലന്തിയോളം പണിയെടുത്ത് ജീവിതം കെട്ടിപ്പടുത്ത ഒരുജനത പതിവുപോലെ കിടന്നുറങ്ങിയപ്പോള്‍ ജീവനും ജീവിതവും മാത്രമല്ല, ആ നാടൊന്നടങ്കം മണ്ണില്‍പുതഞ്ഞുപോവുകയായിരുന്നു. കേള്‍വിയില്‍ പോലും ഇടംനേടിയില്ലാത്ത വിധം മണ്ണും മനുഷ്യനും കുത്തിയൊലിച്ചുപോയ ഒരു ദുരന്തം സ്വന്തംകണ്‍മുന്നില്‍ കാണേണ്ടിവന്നപ്പോള്‍ വയനാടു മാത്രമല്ല, മലയാളക്കരയൊന്നടങ്കം ഒരുവേള വിറങ്ങലിച്ചുപോയി.

എവിടെ തുടങ്ങണം, എങ്ങിനെ നേരിടണമെന്നറിയാതെ പകച്ചുപോയ ഏതാനും നിമിഷങ്ങള്‍ക്കുശേഷം പിന്നെ നടന്നത് കൂട്ടായ്മയുടെ കരുത്തിലുള്ള ദുരിതാശ്വാസത്തിന്റെ മഹാ വിപ്ലവം തന്നെയായിരുന്നു. ദുരന്തത്തിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ് ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തുടങ്ങി മുഴുവന്‍ ജന വിഭാഗങ്ങളും രക്ഷാ പ്രവര്‍ത്തനമെന്ന ആ പോരാട്ടത്തില്‍ ഭാഗവാക്കായിത്തീര്‍ന്നു. ജീവന്റെ തുടിപ്പുതേടി ഒഴുകിയെത്തിയ മണ്ണിലേക്കും ചെളിയിലേക്കും എടുത്തു വെച്ച കാല്‍ അവര്‍ പിറകോട്ടുവലിക്കുമ്പോഴേക്കും ആഴ്ച്ച കള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. എത്തിപ്പെടാനാകുന്നിടത്തെല്ലാം അവര്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ചൂരല്‍ മല മുതല്‍ ചിലായാറിന്റെ ഓരങ്ങളിലൂടെ ആ അന്വേഷണങ്ങള്‍ നീണ്ടു. മുപ്പതും നാല്‍പ്പതു കിലോമീറ്ററുകള്‍ക്കിപ്പുറത്തുനിന്നുവരെ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.

ചരിത്രപരമായ നിയോഗമായിട്ടായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പോഷകസംഘടനകളും ഈ ദുരന്ത നിവാരണത്തെ ഏറ്റെടുത്തത്. ശരവേഗത്തില്‍ ദുരന്തഭൂമിയില്‍ പാഞ്ഞെത്തി കൈമെയ്മറന്നുള്ള പ്രയത്‌നങ്ങളിലേര്‍പ്പെടുമ്പോള്‍തന്നെ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി സേവനത്തിന്റെ മഹത്തായ പാതയിലൂടെയായിരുന്നു ഇളംപച്ചക്കുപ്പായക്കാരായ വൈറ്റുഗാര്‍ഡുകളുടെ സഞ്ചാരം. ജീവനോടെയും അല്ലാതെയും പുറത്തെത്തുന്ന മനുഷ്യ ശരീരങ്ങളുമായി ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞുകൊണ്ടേയിരുന്നു. തിരിച്ചറിഞ്ഞതും അറിയപ്പെടാത്തതുമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലും മണ്ണോടുചേര്‍ത്തുവെക്കുന്നതിലും അവര്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചു. സാധ്യതകളുടെ മുഴുവന്‍ വഴികളിലൂടെയുമുള്ള അന്വേഷണങ്ങളില്‍ കൊക്കില്‍ ജീവനുള്ള എല്ലാ ജീവികള്‍ക്കും അവര്‍ സ്‌നേഹവും സാന്ത്വനവുമായി. ഉടമയെ ഉരുള്‍കൊണ്ടുപോയ പശുവിന്റെ അകിടിലെ പാല്‍ അവര്‍ കറന്നെടുത്തു. വളര്‍ത്തുമൃഗങ്ങളെയും ദുരന്ത ഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ തെരുവ് നായകളിലേക്കു പോലും ആ കാരുണ്യ ഹസ്തങ്ങള്‍ നീണ്ടു.

എല്ലാം നഷ്ടപ്പെട്ട്, ബാക്കിയായ ജീവന്‍ ഒരു ഭാരമായിമാറിയവരിലൂടെയായിരുന്നു പിന്നീട് ആ കാരുണ്യയാത്ര. ഒരു സംവിധാനത്തെയും കാത്തുനില്‍ക്കാതെ, ഒരു നിമിഷംപോലും പാഴാക്കാതെ സ്വന്തമായി പണം കണ്ടെത്തി നഷ്ടപ്പെട്ടത് ഒന്നൊന്നായി തിരികെ നല്‍കി അവരെ ജീവിതത്തി ലേക്ക് കൊണ്ടുവരാനുള്ള ഭഗീരത പ്രയത്‌നമായിരുന്നു പിന്നീട് കണ്ടത്. ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഇല്ലാതാക്കാന്‍, ഞങ്ങളുണ്ട് കൂടെ എന്നുറപ്പുവരുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുനല്‍കി. ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് ആശ്വാസ ധനമായി 15000 രൂപ വീതം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും. ടാക്സി ജീപ്പ് നഷ്ടപ്പെട്ട നാലു പേര്‍ക്ക് ജിപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. പുനരധിവാസ മെന്ന മഹാദൗത്യത്തിലേക്കായിരുന്നു പിന്നീടുള്ള നീക്കം. വീടുനിര്‍മിച്ചു നല്‍കാന്‍ സ്ഥലത്തിനായി സര്‍ക്കാറിനെ അല്‍പംകാത്തുനിന്നു. ചിറ്റമ്മ നയം ബോധ്യമായപ്പോള്‍ സ്ഥലവും സ്വന്തമായി കണ്ടെത്തി. ദുരന്തബാധിതരുടെ ആവശ്യം മുഖവിലക്കെടുത്ത് അവരുടെ സ്വന്തം പഞ്ചായത്തില്‍തന്നെ കണ്ണായ സ്ഥലം കണ്ടെത്തി. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 105 പേര്‍ക്ക് സ്വപ്നഭവനങ്ങള്‍ ഉയരും. 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. കുടിവെള്ളവും വൈദ്യുതിയും വഴിയുമെല്ലാം ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മികച്ച ആര്‍കിടെക്റ്റിനെ തന്നെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു. എട്ട് മാസങ്ങള്‍കൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറാനാണ് ആഗ്രഹം. സയ്യിദ് സാദിഖലി തങ്ങളുടെ അനുഗ്രഹിത കരങ്ങളാല്‍ ആ മഹാ ദൗത്യത്തിന് ശിലയിടുമ്പോള്‍ ദുരിതബാധിതര്‍ക്ക് ഉയരുന്നത് സ്വപ്‌ന ഭവനങ്ങളാണെങ്കില്‍ മുസ്ലിം ലീഗ് നിര്‍വഹിക്കുന്നത് ചരിത്ര ദൗത്യമാണ്.

Continue Reading

Trending