ഉത്തര കൊറിയ സഹോദര രാജ്യമായ ചൈനക്കും ശത്രു പക്ഷത്തുള്ള അമേരിക്കക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു. തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ചൈന. സൈനിക ഭീഷണി മുഴക്കി അമേരിക്കയും ഉത്തര കൊറിയക്ക് ചുറ്റും വട്ടമിടുന്നു. മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തര കൊറിയക്ക് എതിരെ സൈനിക നടപടി എന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സിന്റെ ഭീഷണിയൊന്നും വിലപ്പോവില്ല.
ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന വന്‍ ശക്തി രാഷ്ട്രങ്ങളും ഇരു കൊറിയയുമടങ്ങുന്ന ആറ് രാഷ്ട്ര സംഘത്തിലെ പ്രമുഖാംഗമാണ് കമ്മ്യൂണിസ്റ്റ് ചൈന. ഉത്തര കൊറിയക്ക് എതിരെ യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി നീണ്ടുപോകുന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ യാതൊരു പരിഹാര നിര്‍ദ്ദേശവും ഉയര്‍ന്നുവന്നില്ല. സമീപ ഭാവിയിലൊന്നും അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷയുമില്ല. അതേസമയം, സര്‍വ ഉപരോധങ്ങളെയും മറികടന്ന് ഉത്തര കൊറിയ പരീക്ഷണം തുടരുന്നു. ആറാമത്തെ ഭൂഗര്‍ഭ ആണവ പരീക്ഷണത്തിനുള്ള അവസാന ഘട്ടത്തിലാണ് ഉത്തര കൊറിയ എന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സിനുള്ള വിവരം. കഴിഞ്ഞ മാസം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നില്ലെന്നാണ് അവരുടെ അറിവ്. ഉത്തര കൊറിയ എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ തലവന്‍ കിം ജോംഗ് ഉന്നിനെ ഭ്രാന്തന്‍ ഭരണാധികാരി എന്നാണ് പാശ്ചാത്യ ലോകത്തിന്റെ പരിഹാസ്യമെങ്കിലും സൈനിക രംഗത്ത് അവരുടെ മുന്നേറ്റം അതിഗംഭീരമാണെന്ന് ശത്രുക്കള്‍ പോലും സമ്മതിക്കുന്നു. വിവാദങ്ങളുടെ പിറകെയാണ് ചെറുപ്പക്കാരനായ ഏകാധിപതി എങ്കിലും ഉത്തര കൊറിയയുടെ താല്‍പര്യ സംരക്ഷണത്തിന് മുന്തിയ പരിഗണന നല്‍കുന്നു. വൈദേശിക, ആഭ്യന്തര ഭീഷണികളെ നേരിടുന്നതില്‍ ഉന്നിന്റെ തന്ത്രം വിജയകരമാണ്. അര്‍ധ സഹോദരന്‍ കിം ജോംഗ് നാമിന്റെ മലേഷ്യയില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ ഉത്തര കൊറിയന്‍ ഭരണകൂടം തന്നെയാണ് എന്ന ആക്ഷേപം ഉയര്‍ന്നുവന്നുവെങ്കിലും ഉന്‍ അവയൊന്നും വകവെച്ചില്ല. തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാവരെയും തട്ടിക്കളയുന്നതില്‍ ‘മിടുക്ക്’ കാണിക്കുന്നു. നേരത്തെ അമ്മാവന്റെ കൊലപാതകത്തെ കുറിച്ചും സമാന സ്വഭാവത്തില്‍ ആക്ഷേപം ഉയര്‍ന്നതാണ്. നാമിന്റെ കൊലപാതകം സംബന്ധിച്ച് മലേഷ്യയുമായി വാക്‌പോര് രൂക്ഷമാണ്. രണ്ട് വനിതകളാണത്രെ ഈ കൊലപാതകത്തിന് പിന്നില്‍. പക്ഷെ, ഇവയൊക്കെ കെട്ടടങ്ങുന്ന ലക്ഷണമാണിപ്പോള്‍.
ചൈന ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ സജീവമല്ല. എന്നാല്‍ ലോകത്ത് അവശേഷിക്കുന്ന മൂന്ന് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഒന്നായ ഉത്തര കൊറിയയെ തള്ളിക്കളയാന്‍ അവര്‍ക്ക് കഴിയില്ല. കര്‍ശന ഉപരോധത്തെ നേരിടുന്ന ഉത്തര കൊറിയ ആണവ, മിസൈല്‍ പരീക്ഷണവുമായി മുന്നോട്ട് പോകുന്നതില്‍ ചൈനയുടെ പരോക്ഷ സഹായം ഉണ്ടെന്ന് സംശയിക്കുന്നു. ചൈനീസ് സഹായമില്ലാതെ ഇത്തരം പരീക്ഷണവുമായി മുന്നോട്ട് പോകാന്‍ ഉത്തര കൊറിയക്ക് കഴിയില്ലെന്നാണ് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകരുടെ വിശ്വാസം. കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്നതിന് പുറമെ, ഉത്തര കൊറിയയുടെ തകര്‍ച്ച മേഖലയുടെ സന്തുലിതാവസ്ഥയില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്നും ചൈനീസ് താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ചൈനീസ് നേതൃത്വം കരുതുന്നത്. സൈനിക ഇടപെടലിന് പകരം ‘ഭരണകൂടത്തെ മാറ്റുക’ എന്ന തന്ത്രവും അമേരിക്കയുടെ പരിഗണനയിലുണ്ട്. ഇറാഖില്‍ സദ്ദാം ഭരണകൂടത്തെയും ലിബിയയില്‍ ഖദ്ദാഫി ഭരണകൂടത്തെയും പിഴുതെറിഞ്ഞ് പാവ ഭരണകൂടത്തെ പ്രതിഷ്ഠിച്ചത് പോലെയുള്ള പരീക്ഷണത്തിനാണ് ഉത്തര കൊറിയയിലും ആലോചന. അതിനും സാവകാശം വേണ്ടിവരും. ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയ) ശക്തമായ ജനകീയ പ്രസ്ഥാനമാണ്. പാര്‍ട്ടിയിലെയും സൈനിക നേതൃത്വത്തിലെയും എതിരാളികളെ കണ്ടെത്തുകയും വധിക്കുകയും ചെയ്യുന്നതില്‍ കിം ജോംഗ് ഉന്‍ ശ്രദ്ധിക്കുന്നുണ്ട്. ആഭ്യന്തര രംഗത്ത് ശത്രുക്കള്‍ക്ക് അവസരം നല്‍കാതെ അദ്ദേഹം നടത്തുന്ന നീക്കങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കാനോ, അട്ടിമറിക്കാനോ പെട്ടെന്ന് കഴിയില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിനറിയാം. സൈനിക നടപടി വന്‍ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്നാണ് സൈനിക ഉപദേശകരുടെ നിലപാട്. അമേരിക്കയിലെ വന്‍ നഗരങ്ങള്‍ ലക്ഷ്യമിടുന്ന ഉത്തര കൊറിയയുടെ ബാലസ്റ്റിക് മിസൈലുകള്‍ ഭീഷണി ഉയര്‍ത്തുന്നു. അണ്വായുധം കൈവശമുള്ളതിനാല്‍, ഉത്തര കൊറിയയുടെ പ്രത്യാക്രമണം ആണവ യുദ്ധമായി പരിണമിക്കുമോ എന്ന ആശങ്കയും പെന്റഗണിനുണ്ട്. ഇതിന് പുറമെ, മേഖലയിലെ അമേരിക്കയുടെ സഖ്യരാഷ്ട്രമായ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്ക് നേരെയും ഉത്തര കൊറിയയുടെ പ്രത്യാക്രമണമുണ്ടാകും. ഉത്തര കൊറിയക്ക് എതിരെ സൈനിക നടപടി അപകടം പിടിച്ചതാണെന്ന് പെന്റഗണ്‍ വിലയിരുത്തുന്നു. ഒബാമ ഭരണകാലത്ത് നടത്തിയ നയതന്ത്ര നീക്കമാണ് മികച്ചത് എന്നാണ് സൈനിക നേതൃത്വത്തിന്റെ നിലപാട്.
അമേരിക്ക, ജപ്പാന്‍, ചൈന, റഷ്യ, ഇരു കൊറിയന്‍ രാഷ്ട്രങ്ങള്‍ എന്നിവ നടത്തി വരുന്ന ചര്‍ച്ചയില്‍ പ്രതീക്ഷ നല്‍കുന്ന യാതൊരു സൂചനയുമില്ല. ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈനിക താവളവും സാന്നിധ്യവും അവസാനിപ്പിക്കണമെന്നാണ് ഉത്തര കൊറിയയുടെ പ്രധാന ഡിമാന്റ്. അമേരിക്കയും സഖ്യരാഷ്ട്രങ്ങളും വഴങ്ങാന്‍ തയാറില്ല. ഉത്തര കൊറിയയെ വരുതിയില്‍ നിര്‍ത്തണമെങ്കില്‍ ആദ്യം ചൈനയെ കൂട്ടുപിടിക്കണം. പക്ഷെ, ചൈന ഞാണിന്മേല്‍ കളിക്കുകയാണത്രെ.
ട്രംപ് ഭരണകൂടം നേരിടുന്ന വലിയ പ്രതിസന്ധിയാണ് ഉത്തര കൊറിയ. ‘പ്രൊപഗണ്ടാവാര്‍’ കൊണ്ട് ഉത്തര കൊറിയയെ തോല്‍പ്പിക്കാനാവില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത ഭരണാധികാരിയായ കിം ജോംഗ് ഉന്നിനെ സൗഹൃദത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനക്കും മുന്‍ കമ്മ്യൂണിസ്റ്റായ വ്‌ളാഡ്മിര്‍ പുട്ടിന്റെ റഷ്യക്കും സാധിക്കും.
രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം കൊറിയയെ വിഭജിച്ചതിന്റെ പാപഭാരമാണ് വന്‍ ശക്തികളും മുതലാളിത്ത രാജ്യങ്ങളും അനുഭവിക്കുന്നത്. ദക്ഷിണ കൊറിയ മുതലാളിത്ത പാതയും ഉത്തര കൊറിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പാതയും സ്വീകരിച്ചു. ഉത്തര കൊറിയയുടെ അവകാശികള്‍ സോവിയറ്റ് യൂണിയന്‍ എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ്. പിന്നീട് 1950-53 കാലത്ത് നടന്ന കൊറിയന്‍ യുദ്ധത്തിന്റെ ദുരിതം ഇന്നും അവസാനിച്ചില്ല. അതിനും മുമ്പേ 1910-45 കാലത്ത് ജപ്പാന്‍ കയ്യടക്കിയതാണ്. കൊറിയന്‍ പുനരേകീകരണത്തിനുള്ള ശ്രമം, 1991ലെ സോവിയറ്റ്, കിഴക്കന്‍ യൂറോപ്പ് കമ്മ്യൂണിസ്റ്റ് തകര്‍ച്ചക്ക് ശേഷം ശക്തമായി നടന്നു. പക്ഷെ, പരാജയപ്പെട്ടു. അതിലിടക്ക് ജര്‍മ്മന്‍, യമന്‍ പുനരേകീകരണം നടന്നു. ഇവയൊക്കെ കമ്മ്യൂണിസ്റ്റ്, മുതലാളിത്ത ചേരികളായി വിഭജിക്കപ്പെട്ടതാണ്. ബെര്‍ലിന്‍ ഭിത്തി തകര്‍ത്ത് ജര്‍മ്മനി ഒന്നായി. യമനിലും ഏക രാഷ്ട്രമുണ്ടായി. കൊറിയ ഈ പാതയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പരാജയപ്പെട്ടു. മുതലാളിത്ത പാതയിലുള്ള ദക്ഷിണ കൊറിയ ഇപ്പോള്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്. പ്രസിഡണ്ട് പാര്‍ക് ഗ്യൂണ്‍ഹേയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്ത് പുറത്താക്കി. അവര്‍ വിചാരണ നേരിടുന്നു. മെയ് ഒമ്പതിന് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കും.
ഉത്തര കൊറിയ ലോക രാഷ്ട്രീയത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യമാണ്. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാനും ഉത്തര കൊറിയയെ പിടിച്ച്‌കെട്ടാനും അമേരിക്കയുടെ ഭീഷണിക്കൊന്നും സാധ്യമല്ല. ലോക യഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ എല്ലാവരും തയാറാകുമ്പോള്‍ മാത്രമായിരിക്കും ഇത്തരം പ്രതിസന്ധിയില്‍ നിന്ന് ലോകം കരകയറുക. ഇറാന്‍ ആണവ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താന്‍ നേതൃത്വം നല്‍കിയ പഞ്ചമഹാ ശക്തികള്‍ വിട്ടുവീഴ്ചയോടെ ഉത്തര കൊറിയന്‍ പ്രശ്‌നത്തെയും സമീപിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇറാന്‍ പ്രശ്‌നത്തില്‍ ട്രംപ് ഭരണകൂടം നിലപാട് മാറ്റിയാല്‍, ഭാവിയില്‍ ആരെയും വിശ്വാസമില്ലാത്ത അവസ്ഥ വരും. വിശാല താല്‍പര്യത്തോടെ പ്രശ്‌നത്തെ സമീപിച്ചാല്‍ ഉത്തര കൊറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമാകും.