കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ അമ്പരപ്പിക്കുന്ന വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ ഇന്ത്യ ഹേറ്റ് ലാബിന്റേതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അനുസരിച്ച് മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 2024 ല്‍ 1,165 ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തില്‍ ഇത് വര്‍ഷത്തെ 668 ആയിരുന്നു. 74% വര്‍ധനവ് ഉണ്ടായി. ഇതില്‍ ഭൂരിഭാഗവും, ഏകദേശം 98 ശതമാനവും മുസ്ലിംകളെയോ ക്രിസ്ത്യാനികളെയോ ലക്ഷ്യം വെച്ചുള്ളവയാണ്. 2024 മാര്‍ച്ച് 16 നും ജൂണ്‍ 1 നും ഇടയിലാണ് വിദ്വേഷ പ്രസംഗ സംഭവങ്ങളുടെ മൂന്നിലൊന്ന് ഭാഗവും സംഭവിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ഹിന്ദു ഭൂരിപക്ഷത്തെ അണിനിരത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പിയും തന്റെ പ്രചാരണ വേളയില്‍ മുസ്ലിങ്ങള്‍ക്കെതിരെ വലിയ തോതില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതായി വിമര്‍ശകരും മനുഷ്യാവകാശ ഗ്രൂപ്പുകളും പറഞ്ഞു. തന്റെ റാലികളില്‍ മോദി മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിശേഷിപ്പിച്ചു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് അവകാശപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്നില്ലെന്ന് മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പിയും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എങ്കിലും ഭരണഘടനാപരമായി മതേതരത്വത്തെ മുറുകെ പിടിക്കുന്ന ഒരു രാഷ്ട്രമായ ഇന്ത്യയെ, ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ മോദിയുടെ ഹിന്ദു ദേശീയവാദ പാര്‍ട്ടി ശ്രമിച്ചുവെന്ന് വിമര്‍ശകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ വിദ്വേഷ പ്രസംഗ പരിപാടികളില്‍ ഏകദേശം 30% ബി.ജെ.പി സംഘടിപ്പിച്ചതായി കണ്ടെത്തി, ഇത് മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം ആറ് മടങ്ങ് കൂടുതലാണ്, പാര്‍ട്ടി നേതാക്കള്‍ മാത്രം 452 വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 350% വര്‍ധനവ് ആണിത്. പൊതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഭൂരിപക്ഷവും രേഖപ്പെടുത്തിയത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത്. 86 എണ്ണം. തൊട്ട് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് (67) അമിത് ഷായാണ് മൂന്നാമത് (58).
മോദിയുടെ നേതൃത്വത്തില്‍, ഹിന്ദു ദേശീയവാദികളെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചു, ഇത് മുസ്ലിങ്ങളെ അന്യായമായി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ഒപ്പം ഇത് നിയമനിര്‍മാണത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് അധികാരം നല്‍കുന്നു. ഇന്ത്യയിലെ മുന്‍ ഇസ്ലാമിക ഭരണാധികാരികളുടെ ചരിത്രത്തെ കുറച്ചുകാണാന്‍ പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതി, മുഗള്‍ കാലഘട്ടത്തിലെ പേരുകളുള്ള നഗരങ്ങളുടെയും തെരുവുകളുടെയും പേര് മാറ്റി, സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി കൈയേറിയെന്നും കലാപം നടത്തിയെന്നുമാരോപിച്ച് മുസ്ലിങ്ങളുടെ സ്വത്തുക്കള്‍ അധികാരികള്‍ പൊളിച്ചുമാറ്റി.
2019ല്‍ മോദി, ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം പിന്‍വലിക്കുകയും അതിനെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. 2019 ലെ പൗരത്വ നിയമം, കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലിരുന്നപ്പോള്‍ സ്‌കൂളുകില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത്, ഇതിനൊപ്പം ബി.ജെ.പിയും ഘടകകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള വീടടക്കമുള്ള കെട്ടിടങ്ങള്‍ അനധികൃതമായി പൊളിക്കല്‍ തുടങ്ങിയവയൊക്കെ വിദ്വേഷപരമായ ഇടപെടലായി വിവിധ മനുഷ്യാവകാശ സാമൂഹിക സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള പക്ഷപാതപരമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്ന് ബി.ജെ.പി ആരോപിച്ചു.