ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത ആരോപണവുമായി ബി.ജെ.പിയിലെ പ്രമുഖ ദലിത് എംപി ഛോട്ടേ ലാല്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുപിയിലെ റോബര്‍ട്ട്‌സ് ഗഞ്ചില്‍ നിന്നുളള ഛോട്ടേ ലാല്‍ ഖര്‍വാറാണ് പരസ്യമായി രംഗത്തെത്തിയത്. യോഗി കാണാനെത്തിയ തന്നെ മുഖ്യമന്ത്രി അസഭ്യം പറയുകയും പുറത്താക്കുകയും ചെയ്‌തെന്നാണ് ഛോട്ടേ ലാലിന്റെ ആരോപണം. തന്നെ അധിക്ഷേപിച്ചെന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലോക്‌സഭാംഗമായ 45 കാരന്‍ പരാതിയും നല്‍കി.
യോഗിമായുള്ള കൂടിക്കാഴ്ചയ്ക്കു പോയ തനിക്ക് രണ്ടുതവണ ഇതു സംഭവിച്ചതായും പരാതിയിലുണ്ട്. കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും എതിരെ രാജ്യത്താകമാനം ദലിത് പ്രക്ഷോഭം ശക്തമായിരിക്കെയാണു ബി.ജെ.പി എം.പിയില്‍ നിന്നുതന്നെ പരാതി പുറത്തുവരുന്നത്.
ദളിത് വിഷയങ്ങള്‍ ഉന്നയിച്ചാണ് ഛോട്ടേ ലാല്‍ യോഗിയുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങിയത്. എന്നാല്‍ മുഖ്യമന്ത്രിയെ കാണനായി രണ്ടു തവണ എത്തിയെങ്കിലും അദ്ദേഹം കൂടികാഴ്ചക്ക് തയാറാകാതെ തന്നെ പുറത്താക്കുകയാണുണ്ടായതെന്ന് ലാല്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയത്. പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കിയതായും ഛോട്ടേ ലാല്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരില്‍നിന്നു വലിയ വിവേചനം നേരിടുന്നെന്നാണു പ്രധാനമന്ത്രിക്കു രേഖാമൂലം നല്‍കിയ പരാതിയില്‍ ഛോട്ടേ ലാല്‍ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരും ഉദ്യോഗസ്ഥരും തന്റെ മണ്ഡലത്തെയും ആവശ്യങ്ങളെയും പരിഗണിക്കുന്നില്ല. തന്റെ മണ്ഡലത്തോട് കടുത്ത വിവേചനമാണ് പുലര്‍ത്തുന്നത്. പാര്‍ട്ടി സംസ്ഥാന നേതൃത്വം പോലും തന്റെ പരാതി കേള്‍ക്കാന്‍ സന്നദ്ധത കാണിക്കുന്നില്ലെന്നും എം.പി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ, സുനില്‍ ബന്‍സാല്‍ എന്നിവരെ കത്തില്‍ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നുണ്ട്.