X

ഗോരക്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പ് നാളെ; ബി.ജെ.പിക്ക് അഗ്നി പരീക്ഷ; വര്‍ഗീയ കാര്‍ഡിറക്കി യോഗി

ഗോരക്പൂര്‍: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ ഗോരക്പൂരില്‍ ബി.ജെ.പി ഇത്തവണ നേരിടുന്നത് പതിവില്ലാത്ത അഗ്നി പരീക്ഷ. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.പി-ബി.എസ്.പി, നിഷാദ് പാര്‍ട്ടി, പീസ് പാര്‍ട്ടി സഖ്യ സ്ഥാനാര്‍ത്ഥി യോഗി ആദിത്യനാഥിന്റെ തട്ടകത്തില്‍ ബി.ജെ.പിക്ക് ഉയര്‍ത്തുന്നത് ചെറുതല്ലാത്ത വെല്ലുവിളിയാണ്.

യോഗിയെ തുടര്‍ച്ചയായി അഞ്ച് തവണ പാര്‍ലമെന്റിലെത്തിച്ച ലോക്‌സഭാ മണ്ഡലമാണ് ഗോപാല്‍പുര്‍. മണ്ഡലത്തിലെ എം.പിയായിരുന്ന യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ മണ്ഡലത്തിലെ ഫലം യോഗി സര്‍ക്കാറിനെ വിലയിരുത്തുന്നതാവും. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയ കാര്‍ഡിറക്കി രംഗത്തെത്തിയിരിക്കുകയാണ് സംസഥാന മുഖ്യമന്ത്രിയായ യോഗി. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് യോഗി എതിരാളിയായ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയത്. സമാജ് വാദി പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥി ഇറക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഔറംഗസേബ് ഭരണം ആവശ്യമില്ലെന്നുമായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുയുടെ വിവാദ പരാമര്‍ശം.

ഗോരഖ്പൂരില്‍ ബിജെപി റാലി അഭിസംബോധന ചെയ്ത യോഗി ആദിത്യനാഥ്, എസ്.പി-ബി.എസ്.പി സഖ്യത്തെ പരിഹസിക്കുന്ന തരത്തിലാണ് വിമര്‍ശനമാണ് ഉയര്‍ത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകനായ ഉപേന്ദ്ര ശുക്ലയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. അതേസമയം നിഷാദ് പാര്‍ട്ടി നേതാവ് പ്രവീണ്‍ കുമാര്‍ നിഷാദാണ് വിശാല സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്നത്. എസ്പിയുടെ ഇറക്കുമതി സ്ഥാനാര്‍ത്ഥി എന്നാരോപിച്ചായിരുന്നു നിഷാദിനെതിരായ യോഗിയുടെ വര്‍ഗീയ പരാമര്‍ശം.

നാലു പാര്‍ട്ടികള്‍ ചേരുന്നതോടെ ദളിത്, മുസ്്‌ലിം, യാവദ, നിഷാദ് വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് ബി.ജെ.പി ഭയപ്പെടുന്നത്. 1998ലും 99ലും ബി.എസ്.പി സ്ഥാനാര്‍ത്ഥിക്കെതിരെ യോഗി ആദിത്യനാഥ് വിയര്‍ത്തതിന് തുല്യമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 98ല്‍ യോഗി 26,206 വോട്ടിനും 99ല്‍ 7,000 വോട്ടിനുമാണ് മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയത്.

ഗോരക്പൂര്‍ മഠത്തില്‍ നിന്നുള്ളവരാണ് സ്ഥിരമായി ബി.ജെ. പിയെ മണ്ഡലത്തില്‍ പ്രതിനിധീകരിക്കുന്നത്. ബി.ജെ.പി വിജയിക്കുമെന്ന് ഉറപ്പ് പറയുമ്പോഴും ബി.എസ്.പി-എസ്.പി വോട്ടുകളുടെ ഏകീകരണം ജയപരാജയങ്ങളില്‍ പ്രതിഫലിക്കുമെന്ന കാര്യം വ്യക്തമാണ്. 2014ല്‍ രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിന്നും യോഗി ആദിത്യനാഥ് വിജയിച്ചത്. പിന്നാക്ക വിഭാഗക്കാരായ നിഷാദ് വോട്ടുകളായിരിക്കും യോഗിയുടെ പിന്‍ഗാമിയുടെ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാനം. സുര്‍ഹിത ചാറ്റര്‍ജി കരീമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെങ്കിലും ഇവര്‍ നേടുന്ന വോട്ടുകളും നിര്‍ണായകമാവും. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ഇവര്‍ 80,000 വോട്ടുകള്‍ നേടിയിരുന്നു.
പരമ്പരാഗത ബ്രാഹ്മണ സവര്‍ണ വോട്ടുകളാണ് ബി.ജെ. പിയുടെ ശക്തി. എസ്.പി-ബി.എസ്.പി സഖ്യം തുടരാന്‍ നേതാക്കള്‍ സമ്മതിക്കുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ യു.പിയില്‍ നിന്നും തുരത്താനാവുമെന്ന് എസ്.പി ജില്ലാ പ്രസിഡന്റ് പ്രഹ്ലാദ് യാദവ് പറയുന്നു. ഗോരക്പൂരിനൊപ്പം ഫുല്‍പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

chandrika: