ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്ക് രക്ഷപ്പെടാനുള്ള നിയമഭേദഗതിക്കായി നിയമസഭ തയ്യാറെടുക്കുന്നു. നിരോധന ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട് 1995-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് രക്ഷപ്പെടാനാണ് യോഗിയുടെ നീക്കം. യോഗിആദിത്യനാഥ്, കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല, ബി.ജെ.പി എം.എല്‍.എ ശീതള്‍ പാണ്ഡെ തുടങ്ങിയവരടക്കം 10 പേരും കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് നിയമഭേദഗതി വരുത്തുന്നത്.
ഉത്തര്‍പ്രദേശ് ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ ഡിസംബര്‍ 21ന് സഭയുടെ മേശപ്പുറത്തുവെച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് ഒഴിവാക്കുകയാണ് നിയമ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇത്തരത്തില്‍ ഇരുപതിനായിരത്തോളം കേസുകള്‍ സംസ്ഥാനത്തുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് മറികടന്ന് യോഗം ചേര്‍ന്നതിനെതിരെ പിപ്പിഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ 1995 മെയ് 27ന് ആണ് യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയുടെ മുമ്പാകെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഖൊരക്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വസ്തുതകള്‍ പരിശോധിച്ചതിനുശേഷം കേസ് പിന്‍വലിക്കുന്നതായി കാണിച്ച് മജിസ്‌ട്രേറ്റ് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.