Connect with us

Culture

ജെയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ; നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്പത്തിക മേഖലയെ തകര്‍ത്തു

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അംഗവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചയ്ക്കു കാരണം ജെയ്റ്റ്‌ലിയുടെ ഉദാസീന സമീപനമാണെന്നും നോട്ടു നിരോധനവും ജി.എസ്.ടിയും സാമ്പത്തിക രംഗത്തെ പിറകോട്ടടിപ്പിച്ചെന്നും വാജ്‌പെയ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ ‘ഇന്ത്യന്‍ എക്‌സ്പ്രസി’ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

‘ഇപ്പോള്‍ ഞാന്‍ സംസാരിക്കേണ്ടതുണ്ട്’ എന്ന തലക്കെട്ടിലുള്ള ലേഖനം ധനകാര്യ മന്ത്രിയുടെ ചെയ്തികളെപ്പറ്റി ഇപ്പോഴെങ്കിലും പറയുക എന്നത് രാജ്യത്തോടുള്ള തന്റെ ബാധ്യതയാണെന്നും ബി.ജെ.പിയിലുള്ളവര്‍ വാ തുറക്കാത്തത് പേടി കൊണ്ടാണെന്നും പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്.

പ്രധാനപ്പെട്ട നാല് മന്ത്രാലയങ്ങളുടെ ചുമതലകള്‍ ജെയ്റ്റ്‌ലിയെ ഒറ്റയടിക്ക് ഏല്‍പ്പിച്ചത് ശരിയായില്ലെന്നും ധനമന്ത്രാലയം തന്നെ അതീവ ദുര്‍ഘടമായ ജോലികള്‍ ഉള്ള സ്ഥലമാണെന്നും സിന്‍ഹ പറയുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ചെയ്താലും തീരാത്ത ജോലികളാണ് ധനകാര്യ മന്ത്രാലയത്തിലേത്.

ഉദാരവല്‍ക്കരണത്തിനു ശേഷം ഇന്ത്യയില്‍ ചുമതലയേറ്റ ഏറ്റവും ഭാഗ്യവാനായ ധനകാര്യ മന്ത്രിയായിരുന്നു ജെയ്റ്റ്‌ലി. ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഇടിഞ്ഞത് വന്‍ ഭാഗ്യമാണ് സമ്മാനിച്ചത്. ഇത് ഭാവനാപൂര്‍ണമായി ഉപയോഗിക്കണമായിരുന്നു. എന്നാല്‍ പഴയ പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുകയും പുതിയവയെ നേരിടാന്‍ കഴിയാതിരിക്കുകയുമാണുണ്ടായത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും മോശം അവസ്ഥയാണ് സാമ്പത്തിക രംഗത്തേത്. വ്യവസായം, കൃഷി, നിര്‍മാണ മേഖല, സേവന മേഖല എല്ലാം തിരിച്ചടി നേരിട്ടു. കയറ്റുമതി കുറഞ്ഞു. എല്ലാ മേഖലയും വന്‍ സാമ്പത്തിക ബാധ്യതയിലാണ്. നോട്ട് നിരോധനം ഇതുവരെ ഉണ്ടായിട്ടില്ലാത്ത സാമ്പത്തിക ദുരന്തത്തിന് വഴിവെച്ചു. മോശമായി നടപ്പിലാക്കിയ ജി.എസ്.ടി ബിസിനസുകളെ തകര്‍ത്തു. കോടിക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടമായി.

സാമ്പത്തിക തകര്‍ച്ചക്ക് കാരണം നോട്ട് നിരോധനം അല്ലെന്നാണ് സര്‍ക്കാറിന്റെ വക്താക്കള്‍ പറയുന്നത്. ശരിയാണ്, നേരത്തെ തന്നെ തുടങ്ങിയ തകര്‍ച്ച വേഗത്തിലാക്കാന്‍ എണ്ണ പകരുകയാണ് നോട്ട് നിരോധനം ചെയ്തത്.

ജി.എസ്.ടിയില്‍ നിന്ന് ആദ്യപാദത്തില്‍ പ്രതീക്ഷിക്കപ്പെട്ട വരുമാനം 95,000 കോടിയായിരുന്നു. ലഭിച്ചതാകട്ടെ വെറും 65,000 കോടിയും. ചെറുകി, മധ്യ വ്യവസായങ്ങളെ അത് കാര്യമായി ബാധിച്ചു. നോട്ട് നിരോധനത്തിനു ശേഷം ആദായ നികുതി വകുപ്പിന് താങ്ങാവുന്നതിലും കൂടുതല്‍ ജോലിയാണ്. റെയ്ഡുകള്‍ ഒരു സാധാരണ കാര്യമായി മാറിക്കഴിഞ്ഞു.

നിര്‍മിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സാമ്പത്തിക രംഗത്തെ തകര്‍ക്കാന്‍ കഴിയും. സാമ്പത്തിക രംഗത്തെ ഒറ്റ രാത്രി കൊണ്ട് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മാന്ത്രികവടി ആരുടെയും കൈവശമില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സാമ്പത്തിക മേഖലയെ തിരിച്ചു കൊണ്ടുവരുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. അത് നടക്കാന്‍ സാധ്യതയില്ല. – സിന്‍ഹ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഫഹദ് ഫാസില്‍; നായകനാകുന്ന കാര്യം സ്ഥിരീകരിച്ച് സംവിധായകന്‍ ഇംതിയാസ് അലി

തൃപ്തി ദിമ്രിയായിരിക്കും സിനിമയിൽ ഫഹദിന്റെ നായിക എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്

Published

on

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫഹദ് ഫാസിലിനൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള വാർത്ത സ്ഥിരീകരിച്ച് വിഖ്യാത ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി. ‘ദ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ’ എന്ന് പേരിട്ട സിനിമ ബോളിവുഡിലേക്കുള്ള ഫഹദ് ഫാസിലിന്റെ നായക അരങ്ങേറ്റമായിരിക്കും. ഈയടുത്ത് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ഇംതിയാസ് അലി തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

‘സിനിമയെക്കുറിച്ച് പ്രഖ്യാപിച്ച് കഴിഞ്ഞു, എന്നാൽ പ്രഖ്യാപനം ഏറെ നേരത്തെയാണ്. ഒരു സിനിമ താൻ നിർമിക്കാൻ ശ്രമിക്കുന്നുണ്ട്, അടുത്ത സിനിമയാകുമോ അതിനടുത്ത സിനിമയാണോ എന്നറിയില്ല, എന്നാൽ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ എന്ന പേരിലാണ് സിനിമ നിർമിക്കുന്നത്’ എന്നായിരുന്നു ഇംതിയാസ് അലി പറഞ്ഞത്. 2025ലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്.

അനിമൽ, ഭൂൽ ഭുലയ്യ ത്രീ, ബുൾബുൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച തൃപ്തി ദിമ്രിയായിരിക്കും സിനിമയിൽ ഫഹദിന്റെ നായിക എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജബ് വി മെറ്റ്, തമാഷ, ഹൈവേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദിൽജിത്ത് ദോസഞ്ചും പരിണീതി ചൊപ്രയും അഭിനയിച്ച അമർസിങ് ചംകീല ആയിരുന്നു ഇംതിയാസ് അലിയുടെ അവസാന സിനിമ. സിനിമയിൽ ഫഹദ് ഫാസിൽ ഒരു ശ്രദ്ധേയ വേഷത്തെ അവതരിപ്പിച്ചിരുന്നു.

Continue Reading

Film

 ‘മാർക്കോ’ തെലുങ്ക് റൈറ്റ്‌സിനു റെക്കോർഡ് തുക

Published

on

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ബോക്സോഫീസില്‍ തരംഗം സൃഷ്ട്ടിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ സൂപ്പർ ഹിറ്റിലേക്കാണ് മാർക്കോ കുതിക്കുന്നത്. ചിത്രത്തിന്റെ കളക്ഷൻ ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കടന്നു. മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ മാർക്കോ യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ്.

ഉണ്ണി മുകുന്ദൻ എന്ന താരത്തെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ബെഞ്ച് മാർക്ക് ചിത്രം കൂടിയാണ് മാർക്കോ. ചിത്രത്തിന്റേതായി പുറത്തു വരുന്ന പ്രോമോകൾ എല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ വിശേഷണവുമായിട്ടാണ് മാർക്കോയുടെ പുതിയ സക്സസ് ടീസർ അണിയറപ്രവത്തകർ പുറത്തു വിട്ടത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദർശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്‌സ് വിറ്റ് പോയത്. മാർക്കോയുടെ ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലൻറ് ഫിലിം എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ്.

അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാർക്കോ’ 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ,  സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ്  തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനു മണമ്പൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ: കിഷൻ. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. വിഎഫ്എക്സ്: 3 ഡോർസ്. സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ.

Continue Reading

Film

കാർത്തിക് സുബ്ബരാജിന്റെ സൂര്യാ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്‌

ലവ്, ലാഫ്റ്റർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് കാർത്തിക് സുബ്ബരാജ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

Published

on

സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ 44ന്റെ  ടൈറ്റിൽ ടീസർ റിലീസായി. ‘റെട്രോ’ (Retro) എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ സിനിമാ പ്രേക്ഷകർക്കും ആരാധകർക്കും ഒരു കിടിലൻ വിരുന്ന് തന്നെയാണ് കാർത്തിക്ക് സുബ്ബരാജ് റെട്രോ ടൈറ്റിൽ ടീസറിലൂടെ നൽകിയിരിക്കുന്നത്. ലവ്, ലാഫ്റ്റർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് കാർത്തിക് സുബ്ബരാജ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

സൂര്യ-കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ പൂജാ ഹെഗ്‌ഡെയാണ് നായിക. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് നിർമാണം. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂര സുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്. കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്.

സംഗീതസംവിധാനം: സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ്: മുഹമ്മദ് ഷഫീഖ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ, സ്റ്റണ്ട്: കേച്ച കംഫക്ദീ, മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ ജി., അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ് എം., പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

 

Continue Reading

Trending