ദീപാ നിശാന്ത് /അലിഫ് ഷാഹ്
കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍’എന്ന അനുഭവ കുറിപ്പുകളിലൂടെ മലയാളിയുടെ വായനാ ശീലങ്ങളിലേക്ക് പുതിയൊരു വഴി വെട്ടിത്തുറന്ന എഴുത്തുകാരിയാണ് ദീപാ നിശാന്ത്. തനിക്കു ചുറ്റുമുള്ള ചെറിയ ലോകത്തെ കുറിച്ചും അതിന്റെ അനുഭവ പരിസരങ്ങളെ കുറിച്ചും സത്യസന്ധമായി, മനസ്സില്‍ തൊടുന്ന രീതിയില്‍ എഴുതിയ ദീപാ നിശാന്ത് ശ്രദ്ധേയയായത് ഇത്തരം എഴുത്തുകളിലൂടെ മാത്രമല്ല, സാമൂഹിക വിഷയങ്ങളില്‍ നിര്‍ഭയമായി അപ്രിയ സത്യങ്ങള്‍ തുറന്നുപറയുന്നതിലൂടെ പൊതുസമൂഹം പലപ്പോഴും അവരുടെ നാവായി നിലപാടായി അടയാളപ്പെടുത്തലായി ദീപാ നിശാന്തിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ നോക്കിക്കണ്ടു.
സ്ത്രീ, അദ്ധ്യാപിക എന്നിങ്ങനെ പൊതുസമൂഹം ചുരുക്കി വരച്ച വൃത്തങ്ങളെ മായ്ച്ചുകളഞ്ഞ് പുതിയൊരു ലോകം സാധ്യമാണ് എന്ന് സ്വപ്‌നം കാണാന്‍ വലിയ ഒരു വായനാസമൂഹത്തെ പ്രാപ്തമാക്കിയ എഴുത്തുകാരി എന്ന നിലയില്‍ ദീപാ നിശാന്തിന് വര്‍ത്തമാനകാലത്ത് സമൂഹത്തില്‍ സ്വന്തമായി ഒരു ഇടം ഉണ്ട്.
തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ എഴുതുമ്പോള്‍ ആഘോഷിക്കുകയും അല്ലാത്തപ്പോള്‍ അസഹിഷ്ണുത കാണിക്കുകയും ചെയ്യുന്ന നാട്ടുനടപ്പുകളുടെ രാഷ്ട്രീയം അവരെ പലരീതിയില്‍ പരുവപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോഴും നീതിക്കൊപ്പം വീണവര്‍ക്കൊപ്പം നിലകൊള്ളുക എന്നതാണ് തന്റെ രാഷ്ട്രീയപ്രവര്‍ത്തനം എന്ന് തുറന്നുപറയുന്നു ദീപാ നിശാന്ത്.
? നിങ്ങളൊരു ഫെമിനിസ്റ്റാണോ. ഒരു സ്ത്രീ എന്ന പ്രിവിലേജ് ഉപയോഗിച്ചുള്ള ചില സംവരണങ്ങളിലൂടെയാണോ സ്ത്രീ മുന്നേറേണ്ടത്. അതോ അതൊക്കെ ഉപേക്ഷിച്ച് നിലവിലുള്ള സാഹചര്യങ്ങളെ അതിജീവിക്കണം എന്നാണോ?
= സവര്‍ണന്റെ ഔദാര്യമാണ് അവര്‍ണന്റെ അവകാശങ്ങള്‍ എന്നതുപോലെയുള്ള പ്രയോഗമായേ എനിക്ക് ഈ ചോദ്യത്തെ കാണാനാവുന്നുള്ളൂ. എഴുത്തിലോ സാംസ്‌കാരിക ഇടപെടലുകളിലോ എവിടെയെങ്കിലും സംവരണം ഉള്ളതായി തോന്നിയിട്ടില്ല.
ഞാനൊരു ലെഫ്റ്റിസ്റ്റാണ്, അതുകൊണ്ട് സ്വാഭാവികമായും ഫെമിനിസ്റ്റും. ഒരു ലെഫ്റ്റിസ്റ്റിന് ഫെമിനിസ്റ്റാവാതിരിക്കാന്‍ സാധിക്കില്ല. തിരിച്ചും. സ്ത്രീ എന്നത് പ്രിവിലേജല്ല. സംവരണം എന്നത് ഔദാര്യവുമല്ല. രാഷ്ട്രീയഘടനയില്‍ അന്യായമായി ഒഴിച്ചുനിര്‍ത്തപ്പെടുന്നവര്‍ക്ക്, അത് സ്ത്രീകള്‍ക്കായാലും സാമുദായികമോ വംശീയമോ ഭൂമിശാസ്ത്രപരമോ ആയ മറ്റ് കാരണങ്ങള്‍ കൊണ്ട് ആര്‍ക്കായാലും, പ്രാപ്യത നിഷേധിക്കപ്പെടുന്നവര്‍ക്ക് സമൂഹം സ്വാഭാവികമായി നല്‍കേണ്ട ദൃശ്യതയും അധികാരവും നിഷേധിക്കപ്പെടുമ്പോള്‍ അത് നാമമാത്രമായെങ്കിലും ഉറപ്പാക്കാനുള്ള പ്രതിനടപടിയാണ് സംവരണം.
? സൈബര്‍ ഇടങ്ങളില്‍ പുതിയ എഴുത്തുകള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് വളരെ സ്വതന്ത്രമായി ആത്മവിശ്വാസത്തോടെ എഴുതാനുള്ള ആര്‍ജ്ജവം ഉണ്ടായതില്‍ ദീപാ നിശാന്ത് എന്ന വ്യക്തിക്ക് വലിയ പങ്കുണ്ട്. എന്തുതോന്നുന്നു?
= എനിക്കറിയില്ല. അതൊരു മൂല്യനിര്‍ണ്ണയമാണ്. ദീപാ നിശാന്ത് എന്ന വ്യക്തിയെപ്പറ്റി മൂല്യനിര്‍ണ്ണയം നടത്തേണ്ടത് ഞാനല്ല. അത് ചെയ്യേണ്ടതും പറയേണ്ടതും മറ്റുള്ളവരാണ്. നിങ്ങള്‍ പറഞ്ഞ കാര്യത്തില്‍ എത്ര ചെറുതോ വലുതോ ആകട്ടെ, ഒരു പങ്കെങ്കിലും ഉണ്ടെങ്കില്‍ സന്തോഷമുണ്ട്. ഇല്ലെങ്കില്‍ നിരാശയുമില്ല. എന്റെ ഇടപെടല്‍ ആര്‍ക്കെങ്കിലും ചിറകുനല്‍കുന്നുണ്ടെങ്കില്‍ അത് നല്‍കുന്ന സംതൃപ്തി ചെറുതല്ല. എന്നാല്‍ അങ്ങനെ ഒരു അവകാശവാദവും എനിക്കില്ല.
? വലിയ വലിയ ആവിഷ്‌കാര മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന പല സംഘടനകളും അവരെ വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത കാട്ടുന്നതായി തോന്നിയിട്ടുണ്ടോ?
= സംഘടനകള്‍ സമൂഹത്തിന്റെ പരിച്ഛേദമാണ്. സമൂഹത്തിനകത്തുള്ളതൊക്കെ അവക്കകത്തും സ്വാഭാവികമായും കാണും. തുടര്‍ച്ചയായ തിരുത്തലുകള്‍ വഴിയും ആഭ്യന്തര വിമര്‍ശനങ്ങളിലൂടെയും ബാഹ്യവിമര്‍ശനങ്ങളെ സ്വാംശീകരിച്ചും ഓരോ സംഘടനയും വ്യക്തിയും നേടിയെടുക്കേണ്ട സാമൂഹിക ഔന്നത്യമുണ്ട്. അതൊരു തുടര്‍ പ്രക്രിയയാണ്. അതില്‍ പല സംഘടനകളും പല തലത്തിലാണ് നില്‍ക്കുന്നത്.
ആ വ്യത്യാസങ്ങളെ അംഗീകരിക്കാതെ എല്ലാം കണക്കാണ് എന്ന പൊതു തള്ളിപ്പറയല്‍ നടത്താന്‍ ഞാനാഗ്രഹിക്കുന്നില്ല. സാമൂഹ്യ കീഴാള വിരുദ്ധതയുടെ ഒഴുക്ക് സംഘടനയില്‍ നിന്ന് പുറത്തേക്കാണോ അതോ സമൂഹത്തില്‍ നിന്ന് സംഘടനയുടെ അകത്തേക്കാണോ എന്നതായിരിക്കണം ഒരു സംഘടനയുടെ അസഹിഷ്ണുതയെ അളക്കാനുള്ള മാനദണ്ഡം. ആ നിലക്ക് പലപ്പോഴും വലതുപക്ഷവര്‍ഗീയ ആധിപത്യ ആശയങ്ങള്‍ പേറുന്ന സംഘടനകള്‍ ആ വിരുദ്ധതയുടെ നിര്‍മ്മാതാക്കളാണ്. പൊതുസമൂഹത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ പൂര്‍ണ്ണ ശുദ്ധി അവകാശപ്പെടാന്‍ മാത്രം പരിശുദ്ധമാണ് ഇടതുപക്ഷം എന്നൊന്നും എനിക്ക് അഭിപ്രായമില്ല. എങ്കിലും അസഹിഷ്ണുതയുടെ കാര്യത്തില്‍ ചില താരതമ്യപ്പെടുത്തലുകള്‍ വരാമെങ്കിലും ഫാസിസ്റ്റ് രീതിയും അസഹിഷ്ണുതയും അളവില്ലാതെ ആരില്‍ കടന്നുവരുമ്പോഴും എതിര്‍ക്കും. അതില്‍ പക്ഷം നോക്കാറില്ല.
? ഇടതുപക്ഷം എന്നത് സമൂഹത്തില്‍ വളരെ സര്‍ഗ്ഗാത്മകമായി ഇടപെടുന്ന, അനീതികള്‍ക്കെതിരെ വിപ്ലവം നയിക്കുന്ന, മാനവികതക്ക് വേണ്ടി നിലകൊള്ളുന്ന, ഒരുവന്റെ സ്വരം അപരന് സംഗീതമാകാന്‍ കൊതിക്കുന്നവരുടെ ഒരു കൂട്ടമായിരിക്കും. ആ സങ്കല്‍പ്പങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് അപചയം സംഭവിക്കുന്നുണ്ടോ?
= സാമൂഹ്യമായി മാരകമായ ഒരു കാല്പനിക സങ്കല്പമാണത്. മനുഷ്യന്റെയും അവന്‍ നിര്‍മ്മിച്ചെടുത്ത സമൂഹത്തിന്റെയും ആന്തരികമായ സംഘര്‍ഷങ്ങളെ ഇത്തരമൊരു സങ്കല്പം നിഷേധിക്കുന്നു. സ്‌നേഹമല്ല നീതിയാണ് ഇടതുപക്ഷത്തിന്റെ അടിസ്ഥാനഘടകം എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ചരിത്രത്തിലെ ഏത് നല്ല അടയാളപ്പെടുത്തലുകളും അടുത്ത തലമുറ മാത്രമേ മാനിക്കൂ. ഭൂതകാലത്തെ പറ്റി പറയുമ്പോള്‍ നമ്മള്‍ ഏതൊരാളും പറയാറില്ലേ,’ഹൊ ഞങ്ങളുടെ കാലമായിരുന്നു ഒരു കാലം എന്ന്. അതുപോലെ തന്നെ കാലാകാലങ്ങളിലെ ഇടത്‌നേട്ടങ്ങളും അടുത്ത തലമുറയാകും വിലയിരുത്തുക. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലവിലെ ചില പ്രവര്‍ത്തനങ്ങളോ നിലപാടുകളോ വെച്ച് മാര്‍ക്ക് ഇടാന്‍ ഞാന്‍ ആളല്ല. യോജിപ്പുകളും വിയോജിപ്പുകളും പൊതു ഇടങ്ങളില്‍ തുറന്നു പറയാറുമുണ്ട്.
? ആശയസംവാദം കൊണ്ട് തോല്‍പ്പിക്കാനാവാത്ത സ്ത്രീകളെ, അവരുടെ സ്വകാര്യതയില്‍ സംശയമുന കൊണ്ട് മുറിവേല്‍പ്പിച്ച് കീഴ്‌പ്പെടുത്താനാണ് സമൂഹം പലപ്പോഴും ശ്രമിക്കുക. അത്തരം ദുരനുഭവങ്ങള്‍ കൊണ്ട് എപ്പോഴെങ്കിലും ഉള്‍വലിയണമെന്ന് തോന്നിയിട്ടുണ്ടോ?
= ഉവ്വ്… ആദ്യമൊക്കെ. ട്രെയിനിലെ കുളിമുറിയില്‍ ഒരു ഞരമ്പുരോഗി വരച്ചുവെക്കുന്ന വൈകൃത ചിത്രങ്ങള്‍ക്ക് നമ്മുടെ ഛായയുണ്ടോ എന്ന് പരിശോധിക്കാന്‍ പോകരുതെന്ന് പിന്നീട് ഞാന്‍ അനുഭവത്തില്‍ നിന്ന് പഠിച്ചു. എല്ലാത്തരം അനുഭവങ്ങളേയും അവയുടെ വൈവിദ്ധ്യങ്ങളേയും സ്വീകരിക്കാന്‍ ഞാനിപ്പോള്‍ ഏറെക്കുറെ സന്നദ്ധയാണ്. എന്നാല്‍ ഈ അവസ്ഥയെ അതിജീവിക്കാനാവാതെ ഉള്‍വലിഞ്ഞ ഒരുപാടു പേരുണ്ട്. അവര്‍ക്കുവേണ്ടി കൂടിയാണ് പലപ്പോഴും എന്റെ എഴുത്ത്. ശബ്ദം നിഷേധിക്കപ്പെട്ടവര്‍ക്കു വേണ്ടി ശബ്ദിക്കുന്നതും ഒരു രാഷ്ട്രീയപ്രവര്‍ത്തനം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
? സ്ത്രീയുടെ ഇടപെടലിന് സമൂഹം ചില അദൃശ്യപരിധികള്‍ വെച്ചിട്ടുണ്ട്. അത് ഭേദിക്കുമ്പോഴാണ്, ‘ഒരു പെണ്ണാണ് ഇത് പറയുന്നത് എന്ന രീതിയില്‍ സമൂഹം അവളുടെ തന്റേടത്തെ നേരിടുന്നത്. ഇത്രയേറെ സാംസ്‌കാരികമായി പുരോഗമിച്ചിട്ടും നമ്മുടെ സമൂഹം ഇങ്ങനെ male dominated ആയി തുടരുന്നതെന്തുകൊണ്ടാണ്?
= ആണു മാത്രം രാഷ്ട്രീയം സംസാരിക്കുന്ന, ആണു മാത്രം തെറിപറയുന്ന, ആണു മാത്രം ശരീരത്തെ ആഘോഷിക്കുന്ന, ആണു മാത്രം ആസക്തികളെപ്പറ്റിയും ലഹരികളെപ്പറ്റിയും ഉറക്കെ പറയുന്ന ഒരു പുരുഷപ്രമാണിത്ത സമൂഹമാണ് ഒരു പരിധിവരെ നമ്മുടേത്. പെണ്ണിന്റെ തുറന്നുപറച്ചിലുകള്‍ അത്തരമൊരു സമൂഹത്തെ സംബന്ധിച്ചിടത്തോളം അലോസരമുണ്ടാക്കുന്നതുമാണ്. പെണ്ണിന്റെ മൗനമാഗ്രഹിക്കുന്നവരെ ഒച്ചകൊണ്ടു തന്നെയാണ് നേരിടേണ്ടത്.
? പതിവായി കേള്‍ക്കുന്ന ആക്ഷേപമാണ്, നിങ്ങളൊരു സ്ത്രീയാണ് അദ്ധ്യാപികയാണ്. എന്നിട്ടും… എന്ന ചോദ്യം. ആ ചോദ്യം ഉയര്‍ന്നുവരുന്നത് നമ്മുടെ പരമ്പരാഗത ഗുരുസങ്കല്‍പ്പത്തില്‍ നിന്നും നാരീ സങ്കല്‍പ്പത്തില്‍ നിന്നുമല്ലേ. അതിനെ പൊളിച്ചെഴുതിയ ആളല്ലേ നിങ്ങള്‍?
= വേറിട്ട അദ്ധ്യാപക ജീവിതം എന്നത് താരതമ്യപരമായ ഒരു വിവക്ഷയാണ്. അതില്‍ വലിയ പ്രസക്തിയില്ല. അതൊരുതരം മുന്‍വിധിയോ അതിശയോക്തിയോ ഒക്കെയാണ്. ഞാന്‍ എന്റെ തൊഴില്‍ എനിക്കാവുന്നത്ര നന്നായി ചെയ്യുന്ന അനേകരില്‍ ഒരാള്‍ മാത്രമാണ്. അതിന് അംഗീകാരം ലഭിക്കുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടയുമാണ്. അതിനൊക്കെ അപ്പുറത്ത് എന്റെ വിദ്യാര്‍ത്ഥികളുടെ ഉള്ളില്‍ അവര്‍ക്കു പ്രിയപ്പെട്ട ഒരാളായി പലയിടത്തും അവരുടെ അനുഭവക്കുറിപ്പുകളായി കാണുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നാറുണ്ടെന്നത് സത്യം.
വിശുദ്ധമായ മൂല്യങ്ങള്‍ തൊഴിലുകളിലും വ്യക്തികളിലും ആരോപിക്കുന്നതും പ്രതീക്ഷിക്കുന്നതും അവക്കകത്തെ ആഭ്യന്തരമായ തിരുത്തല്‍ സാദ്ധ്യതകളെ തുരങ്കം വെക്കാനാണ്. വ്യക്തി എന്ന നിലയില്‍ സാമ്പ്രദായിക സാമൂഹ്യ മൂല്യവ്യവസ്ഥയും അതിനകത്തെ തിരുത്തലുകളും തമ്മിലുള്ള വടംവലി അനുഭവിക്കുന്ന ഒരാളാണ് ഞാനും. എല്ലാം മാറ്റേതുണ്ട് എന്നോ ഒന്നും മാറ്റേണ്ടതില്ല എന്നോ അഭിപ്രായം എനിക്കില്ല. നിരന്തര മൂല്യനിര്‍ണ്ണയം ആവശ്യപ്പെടുന്ന ഒന്നാണ് തൊഴില്‍ ധാര്‍മ്മികതകളും അതിനകത്തെ സംഘര്‍ഷങ്ങളും. പൊളിച്ചെഴുതി എന്നതൊക്കെ കടന്ന അവകാശവാദമാണ്.
? വലിയ ഒരു വായനാസമൂഹം കൂടെയുണ്ടായിട്ടും ദീപാ നിശാന്തിനെ പൈങ്കിളി എന്നുപറഞ്ഞ് പാര്‍ശ്വവത്കരിക്കാന്‍ ഒരുവിഭാഗം നിരന്തരം ശ്രമിക്കുന്നുണ്ട്. എന്തായിരിക്കാം അതിനു കാരണം?
= അറിയില്ല. നേരത്തെ പറഞ്ഞതുപോലെ അതും ഞാനല്ല പറയേണ്ടത്. ഏത് കാറ്റഗറിയില്‍ വരും എന്ന് നോക്കിയിട്ടല്ല എഴുതുന്നത്. അതിന് എത്ര വായനക്കാരുണ്ട് എന്നതും വിഷയമല്ല. എന്റെ എഴുത്തിന്റെ പ്രജാപതി ഞാനാണ്. ഞാന്‍ നിരന്തര വായനകളിലൂടെയും വിദ്യാഭ്യാസത്തിന്റെയും അനുഭവലോകത്തിന്റെയും പിന്‍ബലത്തില്‍ എന്റേതായ രീതിയില്‍ എഴുതുന്ന ഒരാളാണ്. എഴുത്തിനു ധാരാളം വായനക്കാരുണ്ടാകുന്നു എന്നതും പലരുടെ ജീവിതത്തിലും അത് ഗുണപരമായി ഇടപെടുന്നു എന്നുള്ളതുമൊക്കെ സന്തോഷം തരുന്ന കാര്യമാണ്. അല്ലാതെ എഴുത്തിനെ വര്‍ഗീകരിച്ച് കള്ളിയാക്കി തിരിച്ച് വരേണ്യത പ്രഖ്യാപിക്കുന്നവരോടു യോജിപ്പോ വിയോജിപ്പോ ഇല്ല. ഞാനതു ഗൗനിക്കുന്നില്ല. എന്ത് വായിക്കണമെന്ന തെരഞ്ഞെടുപ്പ് വായനക്കാരന്റേതാണ്. ഓരോരുത്തരുടേയും അഭിരുചി വ്യത്യസ്തമായിരിക്കും. അതില്‍ കൈകടത്താനുള്ള അധികാരം ആര്‍ക്കുമില്ല.
ചില ഇരട്ടത്താപ്പുകള്‍ ഇടയ്ക്ക് നമ്മെ ചിരിപ്പിക്കും. ഒരേ സമയം നമ്മള്‍ മലയാളിയുടെ നഷ്ടപ്പെട്ട വായനാശീലത്തെക്കുറിച്ച് ഘോരം പ്രസംഗിക്കും. അതേ നമ്മള്‍ തന്നെ ഒരു പുസ്തകം നാലാള് വായിച്ചാല്‍ അവരുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് അപലപിക്കും. വായനക്കാരുടെ നിലവാരമളക്കാന്‍ നമ്മളാരാണ്?
? ദൈവ വിശ്വാസിയാണെന്ന് പലപ്പോഴും ആവര്‍ത്തിച്ച് പറയുന്നതായി കേട്ടിട്ടുണ്ട്. എന്താണ് നിങ്ങളുടെ ദൈവസങ്കല്‍പ്പം?
= ആവര്‍ത്തിച്ച് പറയാറുണ്ടെന്നോ? ഒരിക്കലുമില്ല. നിങ്ങളുദ്ദേശിക്കുന്ന ഒരു ഉത്തരത്തിനു വേണ്ടിയുള്ള ചോദ്യമാണ് അതെന്നു തോന്നുന്നു. അതിനാല്‍ തുറന്നുപറയുന്നു, ദൈവം എന്റെ വിഷയമല്ല വിശ്വാസവും. അത് തീര്‍ത്തും വ്യക്തിപരമാണ്. വിശ്വാസമല്ല, മതമാണ് സാമൂഹികം. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഏകാശിലാത്മക അധികാരസങ്കല്‍പ്പമാണ് ഹിന്ദുവെങ്കില്‍ ഞാന്‍ ഹിന്ദുവല്ല. ഒരു വൈരുദ്ധ്യാത്മകത എന്റെ മതസമീപനത്തിലുണ്ട്. മതപരത എത്ര കുടഞ്ഞാലും കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന, വലുതല്ലാത്ത ഒരു പട്ടണത്തില്‍ ജോലി ചെയ്യുന്ന എന്നെ ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. അതെന്റെ തെരഞ്ഞെടുപ്പല്ല. മതവിരുദ്ധതയില്‍ മാത്രം നില്‍ക്കാന്‍ നോക്കിയാല്‍ അതല്ലാതെ വേറെ ഒന്നും നടക്കില്ല. ഒരര്‍ത്ഥത്തില്‍ അതുപോലും നടക്കില്ല. എതിരുനില്‍ക്കേണ്ടവയോടെല്ലാം യുദ്ധം ചെയ്യാനുള്ള വിഭവബൗദ്ധിക സമയശേഷികള്‍ എനിക്കില്ല. അതുകൊണ്ട് ബോദ്ധ്യമുണ്ടെങ്കില്‍ പോലും പലതിലും നിശ്ശബ്ദത പാലിക്കേണ്ടിവരും. മുന്‍ഗണനകളുടെ പ്രശ്‌നമാണത്. അതിനാല്‍ അപരനെ ഉപദ്രവിക്കാത്ത എന്നാല്‍ അപരന് ആനന്ദം നല്‍കുന്ന ചില ശീലങ്ങളോട് ചേര്‍ന്ന് നില്‍ക്കാറുണ്ട്. അതില്‍ മതവും ദൈവവും വിശ്വാസവുമൊക്കെ ചേര്‍ന്ന് നില്‍ക്കുന്നുണ്ടാകാം ഇല്ലാതിരിക്കാം.
? ഓണ്‍ലൈന്‍ എഴുത്തുകള്‍ ഒരു എഡിറ്ററുടെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ നാഥനില്ലാക്കളരിയാണ് എന്ന അധിക്ഷേപം ഉണ്ടല്ലോ. അതിനെ എങ്ങനെ നോക്കിക്കാണുന്നു?
= ഇരുതലമൂര്‍ച്ചയുള്ള ഒരു വാളാണ് ഓണ്‍ലൈന്‍ ഇടം. എഡിറ്ററില്ലാത്തത് പ്രശ്‌നമാവുന്ന സന്ദര്‍ഭങ്ങളേക്കാള്‍ എണ്ണം കൊണ്ടല്ല, ഗുണപരമായി അത് ഉള്ളടക്കത്തെ സ്വതന്ത്രമാക്കുന്ന സന്ദര്‍ഭങ്ങളാണ് കൂടുതലും. അതാ ഇടത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. പരിഭവിക്കാന്‍ ഒന്നുമില്ല, പരിഭവിച്ചിട്ട് കാര്യവുമില്ല. ആഘോഷിക്കാന്‍ ഉണ്ടുതാനും. എഡിറ്റര്‍ ഒരു വ്യക്തിയല്ല, അയാളുടെ സ്ഥാപനത്തിന്റെ രാഷ്ട്രീയത്തിന്റെയും സമീപനങ്ങളുടെയും പ്രതിരൂപമാണ്. പേനയിലെ മഷിയില്‍ വരെ അത് ഇടപെടും. പത്രാധിപരുടെ ഇടപെടലിനെ ഭയക്കാതെ, പ്രസാധകന്റെ ഔദാര്യത്തിന് കാത്തു നില്‍ക്കാതെ ജനാധിപത്യപരമായ സംവാദ സാധ്യതകള്‍ ഓണ്‍ലൈന്‍ എഴുത്തിനുണ്ട്. അതിന്റെ സാധ്യതയും പരിമിതിയും അതുതന്നെയാണ്. എന്തായാലും മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച പല സംഭവങ്ങളും പൊതുജനശ്രദ്ധയിലേക്കെത്തിക്കാന്‍ സൈബറിടത്തിന് കഴിഞ്ഞിട്ടുണ്ട്. വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് സാധ്യമല്ലാത്ത വിതരണ വേഗതയും അതിനുണ്ട്. ജനാധിപത്യത്തില്‍ കാഴ്ചക്കാരന്‍ മാത്രമായിരുന്ന പൊതുജനം ഇടപെടുന്നവര്‍ കൂടിയായി മാറുന്നത് സൈബറിടത്തിന്റെ മുഖ്യ സംഭാവനകളിലൊന്നാണ്.
? ഓണ്‍ലൈന്‍ എഴുത്തുകള്‍ അല്പായുസ്സുകളല്ലേ? ദീപാ നിശാന്ത് എന്ന എഴുത്തുകാരി കാലാതീതമായി നിലനില്‍ക്കുമോ?
= അത്തരം കാര്യങ്ങളൊന്നും ഞാന്‍ ചിന്തിക്കാറില്ല. എഴുത്തില്‍ അധികവും ഭൂതകാലമാണെങ്കിലും വര്‍ത്തമാനകാലത്തില്‍ നില്‍ക്കുന്ന ആളാണ് ഞാന്‍. കാലാതീതമായി നിലനില്‍ക്കണമെങ്കില്‍ തീര്‍ച്ചയായും നാം നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടേയിരിക്കണം. എഴുത്തിന്റെ കാര്യമായാലും ജീവിതത്തിന്റെ കാര്യമായാലും അതങ്ങനെത്തന്നെയാണ്. മാറ്റങ്ങളില്ലാതെ ഒന്നും കാലാതിവര്‍ത്തിയായി നിലനില്‍ക്കില്ല.
? ഈ ബഹളങ്ങള്‍ക്കിടയിലും കുടുംബിനി എന്ന രീതിയില്‍ ജീവിതത്തെ എങ്ങനെയാണ് ആസ്വദിക്കുന്നത്?
= ഈ ചോദ്യം ഒരു പുരുഷനോടാണെങ്കില്‍ ചോദിക്കുമോ? ബഹളങ്ങള്‍ക്കിടയിലും കുടുംബം പരിപാലിച്ചു കൊണ്ടുപോകേണ്ടത് സ്ത്രീയാണ് എന്നൊരു ധ്വനി ചോദ്യത്തില്‍ത്തന്നെയുണ്ട്. എന്റെ കുടുംബം ഞാനും എന്റെ ഭര്‍ത്താവും കുട്ടികളും പ്രാഥമികമായും എന്റെയും ഭര്‍ത്താവിന്റെയും മാതാപിതാക്കളും സഹോദരങ്ങളും എല്ലാം ചേരുന്ന രണ്ടാമതൊരു തലത്തിലും അവിടെനിന്നും പല നിലക്കും രീതിയിലും വികസിക്കുകയും ചെയ്യുന്ന ഒന്നാണ്. അതിനകത്ത് ഞങ്ങള്‍ നടത്തുന്ന റോള്‍ വിഭജനങ്ങളും സഹകരണങ്ങളും പങ്കുവെക്കലുകളും ഏറ്റെടുക്കലുകളും ഇവയൊക്കെ പരസ്പരം മാറിയും മറിഞ്ഞുമൊക്കെ വന്നുണ്ടാവുന്ന ഡൈനമിക്‌സും ഉണ്ട്. കുടുംബിനി എന്ന സ്റ്റീരിയോടൈപ്പ് എനിക്കെന്നല്ല സ്വാതന്ത്ര്യം ഉത്തരവാദിത്വപൂര്‍ണ്ണമായി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ക്കും ചേരില്ല. ഞാന്‍ അമ്മയാണ്, ഭാര്യയാണ്, മകളാണ്, സഹോദരിയാണ്, കസിനാണ് അങ്ങനെ പലതുമാണ്. പക്ഷേ, കുടുംബിനിയല്ല.
? എഴുത്തിനോടും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടുമുള്ള ഭര്‍ത്താവിന്റെ സമീപനം?
= ഒരു സ്ത്രീയായതുകൊണ്ടു മാത്രമാണ് ഞാന്‍ പലപ്പോഴും ഈ ചോദ്യം നേരിടേണ്ടി വരുന്നത്. സ്ത്രീക്ക് സവിശേഷാനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ഒരു മധ്യവര്‍ഗ സദാചാര ബോധത്തിലൂടെ മുന്നോട്ടുപോകുന്ന കുടുംബത്തിലാണ് ഞാന്‍ ജീവിക്കുന്നത്. അത്തരമൊരു അവസ്ഥയില്‍ എന്റെ എഴുത്തിനും സാമൂഹ്യ ജീവിതത്തിനും നിരവധി പ്രതിബന്ധങ്ങള്‍ സ്വാഭാവികമായും നേരിടേണ്ടി വരും. അത് വൈയക്തികമല്ല. കുടുംബത്തിന് പുറത്ത് കടക്കുന്ന ഏത് സ്ത്രീയും മറികടക്കേണ്ടി വരുന്ന സാമൂഹ്യപ്രശ്‌നം തന്നെയാണത്. സ്ത്രീകള്‍ മാത്രം സംരക്ഷിക്കേണ്ട ഒരു സ്ഥാപനമായാണല്ലോ നമ്മളിപ്പോഴും കുടുംബത്തെ അടയാളപ്പെടുത്തുന്നത്. വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും സാമ്പത്തികമായ സ്വയംപര്യാപ്തതയിലൂടെയും സാമൂഹിക ജീവിതത്തിന്റെ സ്വാതന്ത്ര്യങ്ങളിലേക്ക് പ്രവേശിക്കാമെന്ന് നാം കരുതും. ഒരു പരിധിവരെ സാധിക്കുകയും ചെയ്യും. പക്ഷേ, അപ്പോഴും കുടുംബം എന്ന ഇടം ഒരു ചങ്ങലപോലെ നമ്മെ പിറകിലോട്ട് വലിച്ചുകൊണ്ടേയിരിക്കും.
എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തില്‍ ഇരട്ടി ഉത്തരവാദിത്വമുണ്ട്. നിശാന്ത് വിദേശത്തായതിനാല്‍ കുടുംബത്തില്‍ ഡബിള്‍റോള്‍ കളിക്കേണ്ട അവസ്ഥയാണ്. അതിനിടയിലാണ് എഴുത്തും മറ്റു കാര്യങ്ങളും. മിക്ക ഭര്‍ത്താക്കന്മാരെയും പോലെ കുടുംബം എന്ന സ്ഥാപനത്തെ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്ന ആളായി എന്നെ കാണാനാണ് നിശാന്തിനും ആഗ്രഹം. എന്റെ എഴുത്തുകളുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളും മറ്റ് വിവാദങ്ങളുമുണ്ടാകുമ്പോള്‍ പിന്തിരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ മനസ്സാക്ഷിക്ക് ശരിയാണെന്ന് തോന്നിയാല്‍ അതിലുറച്ചു നില്‍ക്കുന്ന രീതിയാണെന്റേത്. നിശ്ശബ്ദതയിലൂടെ ലഭിക്കുന്ന സ്വാസ്ഥ്യത്തില്‍ എനിക്ക് വിശ്വാസമില്ല. അത് നിശാന്തിനും അറിയാം. അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങള്‍ ഞങ്ങളുടെ പരസ്പരബന്ധത്തെ ബാധിക്കാറില്ല. പരസ്പരം താല്‍പ്പര്യങ്ങളിലേക്ക് ഇടിച്ചുകയറി ആധിപത്യം പ്രയോഗിക്കാന്‍ ശ്രമിക്കാറില്ല. പ്രയോഗിക്കാന്‍ ശ്രമിച്ചാലും അതിനെ മറികടക്കാനാകുമെന്ന് എനിക്ക് വിശ്വാസവുമുണ്ട്.
? ജീവിതത്തില്‍ പുലര്‍ത്തുന്ന, അല്ലെങ്കില്‍ പുലര്‍ത്തേണ്ട മൂല്യങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം?
= മൂല്യം എന്ന വാക്ക് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമായ രീതിയിലാണ്. ഒരു തലമുറ വരും തലമുറയുടെ പുരോഗതിക്ക് വേണ്ടി പകര്‍ന്നു കൊടുക്കുന്നതിനെയാണ് പൊതുവെ നാം മൂല്യമെന്ന് വിശേഷിപ്പിക്കുന്നത്. മൂല്യങ്ങള്‍ക്ക് ഏതു കാലത്തും മാറ്റങ്ങള്‍ വരാം. ആ മാറ്റം സമൂഹപുരോഗതിക്കു വേണ്ടിയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്‌തേ പറ്റൂ. പഴയതിനെ മുറുകെ പിടിച്ച് മനുഷ്യരെ കുളത്തില്‍ തള്ളിയിടുന്നതാണ് മൂല്യമെങ്കില്‍ ഞാനതിനെ നിരാകരിക്കുന്നു. ആശയത്തില്‍ നിന്ന് വെളിച്ചം പ്രസരിക്കുന്നില്ലെങ്കില്‍ അതുപേക്ഷിച്ച് മുന്നോട്ടു പോകുക.