ബഷീര്‍ കൊടിയത്തൂര്‍
ആരോഗ്യമേഖലയില്‍ മരുന്നിന്റെ സ്ഥാനം സുപ്രധാനമാണ്. കോവിഡ് പോലുള്ള പുതിയ രോഗങ്ങള്‍ ലോകം കീഴടക്കുമ്പോഴും അതിനെതിരെ പ്രായോഗിക പ്രതിരോധമൊരുക്കുന്നതില്‍ മുഖ്യസ്ഥാനം വഹിക്കുന്നവരാണ് മരുന്നു മേഖല കൈകാര്യം ചെയ്യുന്ന ഫാര്‍മസിസ്റ്റുമാര്‍. ഡോക്ടര്‍ കഴിഞ്ഞാല്‍ രോഗികളുമായി ഏറ്റവും അടുത്ത് പെരുമാറുന്നത് ഫാര്‍മസിസ്റ്റുമാരാണ്. ഡോക്ടറെ കാണുന്ന ഓരോരുത്തര്‍ക്കും മരുന്നും നിര്‍ദേശങ്ങളും നല്‍കുന്നതിനു പുറമെ ആസ്പത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കുകയും അത് പരിപാലിക്കുകയും ചെയ്യേണ്ടത് ഈ വിഭാഗത്തിന്റെ ചുമതലയാണ്. കോവിഡ് കാലത്ത് ആസ്പത്രികള്‍ക്കു പുറമെ കോവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിച്ചപ്പോള്‍ അവിടേക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യുന്നത് ഫാര്‍മസി മേഖലയാണ്.
ലോകമെങ്ങും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് ഫാര്‍മസിസ്റ്റുമാര്‍. കോവിഡിന് മരുന്നു ലഭ്യമാല്ലാതിരുന്നിട്ടും രോഗചികില്‍സക്കും പ്രതിരോധത്തിനും സാധ്യമായ തരത്തിലുള്ള മരുന്നുകളുടൈ ഏകീകരണവും വിതരണവും സാധ്യമാക്കി ഇവര്‍ പിന്നണിയിലെ പോരാളികളായി മാറി. അതുകൊണ്ട് തന്നെ ലോകത്തിന്റെ ആദരം ഇവരേറ്റു വാങ്ങി. മാര്‍പ്പാപ്പ കുര്‍ബാനക്കിടെ ഇവരെ അനുമോദിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. കോവിഡ് രംഗത്ത് ഫാര്‍മസി മേഖലയുടെ സേവനത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേകം അനുമോദിച്ചു.
ആഗോള ആരോഗ്യ രംഗം പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഇത്തവണത്തെ സന്ദേശം. ആഗോള ഫാര്‍മസിസ്റ്റ് സംഘടനയായ ഫെഡറേഷന്‍ ഇന്റര്‍ നാഷണല്‍ ഫാര്‍മസിസ്റ്റ് ന്റെ നേതൃത്വത്തില്‍ വിപുലമായ നവീകരണ ആശയങ്ങളാണ് രാജ്യങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.
മാറ്റത്തിന്റെ കാലത്തും കടുത്ത വെല്ലുവിളികള്‍ നേരിടുന്നവരാണ് ഫാര്‍മസിസ്റ്റുമാര്‍. കാലത്തിനുസരിച്ചുള്ള മാറ്റമോ പരിഗണനയോ ഇവര്‍ക്ക് സര്‍ക്കാര്‍തലങ്ങളില്‍ ഇല്ല എന്നത് ഖേദകരമാണ്. കോവിഡ് പ്രതിരോധ കാലത്തും കേരളത്തില്‍ ഫാര്‍മസിസ്റ്റുകളെ അവഗണിക്കുന്ന നയമാണ് തുടര്‍ന്നത്. കോവിഡ് പ്രതിരോധത്തിന് ആരോഗ്യമേഖലയില്‍ എല്ലാ തരം ജീവനക്കാരെയും ആവശ്യത്തിലും കൂടുതല്‍ നിയമിച്ചപ്പോള്‍ ഫാര്‍മസി മേഖലയില്‍ നിയമനം നടത്തിയില്ലെന്ന് മാത്രമല്ല അധിക ചുമതല നല്‍കുകയാണ് ചെയ്തത്. കോവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയത് താല്‍ക്കാലികമായിട്ടാണെങ്കിലും ഒരു ആസ്പത്രിക്കു വേണ്ട എല്ലാ സൗകര്യങ്ങളോടെയുമായിരുന്നു. അവിടേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍ മുതല്‍ ക്ലീനിങ് സ്റ്റാഫിനെ വരെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും ചുമതലയും കണക്കും സൂക്ഷിക്കേണ്ട സുപ്രധാന വിഭാഗമായ ഫാര്‍മസിസ്റ്റുമാരെ നിയമിച്ചില്ല. പകരം തൊട്ടടുത്ത ആസ്പ്ത്രിയിലെ ഫാര്‍മസിസ്റ്റുമാര്‍ക്ക് അധിക ചുമതല നല്‍കുകയാണ് ചെയ്തത്. തങ്ങള്‍ ജോലി ചെയ്യുന്ന ആസ്പ്ത്രിയില്‍ തന്നെ എടുത്താല്‍ തീരാത്ത ജോലി ഭാരത്തില്‍ നട്ടംതിരിയുമ്പോഴാണ് ഈ അധികഭാരം വന്നുപെട്ടത്. എങ്കിലും ഫാര്‍മസിസ്റ്റുമാര്‍ ഈ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു എന്നതാണ് ഇവരെ വേറിട്ടുനിര്‍ത്തുന്നത്. യാത്രാദുരിതവും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ഉണ്ടായിട്ടും ജോലി സമയം നോക്കാതെ അവര്‍ ആ ചുമതല വഹിക്കുന്നു. മറ്റുവകുപ്പിലെ ജീവനക്കാര്‍ കോവിഡ് കാലം വീട്ടിലിരുന്നപ്പോഴാണ് ആരോഗ്യരംഗത്തെ ഈ ജീവനക്കാരുടെ പ്രവര്‍ത്തനമെന്ന് ശ്രദ്ധേയമാണ്.
സര്‍ക്കാറിന്റെ ഒരു നവീകരണ പദ്ധതിയിലും ഫാര്‍മസിസ്റ്റുമാരില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കിയപ്പോഴും പുതുതായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വച്ചു എന്നല്ലാതെ മരുന്നു വിതരണം നടത്തേണ്ട ഫാര്‍മസിസ്റ്റുമാരെ നിയമിച്ചില്ല. ആര്‍ദ്രം പദ്ധതിയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആരോഗ്യമേഖലയില്‍ 4000 തസ്തികകള്‍ അനുവദിച്ചപ്പോള്‍ 180 ഫാര്‍മസിസ്റ്റ് തസ്തിക മാത്രമാണ് അനുവദിച്ചത്. രണ്ടാം ഘട്ട്ത്തില്‍ 200 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി 1000 തസ്തികകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ ഒരു ഫാര്‍മസിസ്റ്റ് തസ്തിക പോലുമില്ല. രാവിലെ 9 മണിമുതല്‍ വൈകിട്ട് 6 മണിവരെ രണ്ടു ഷിഫ്റ്റുകളിലായി ജീവനക്കാര്‍ ജോലി ചെയ്യുമ്പോള്‍ ഫാര്‍മസി വിഭാഗത്തില്‍ ഒരാള്‍ മാത്രമാണുള്ളത്. സൗകര്യം കൂടുന്നതിനുസരിച്ച് രോഗികളുടെ എണ്ണവും വര്‍ധിച്ചപ്പോള്‍ അവര്‍ക്ക് മരുന്നു നല്‍കേണ്ട സൗക്യവും കൂട്ടേണ്ടതായിരുന്നു. 3 ഡോക്ടര്‍മാരും 3 നഴ്‌സുമാരും ഉള്ളപ്പോഴാണ് മുഴുവന്‍ രോഗികള്‍ക്കും മരുന്നും നിര്‍ദേശവും നല്‍കാന്‍ ഒരു ഫാര്‍മസിസ്റ്റ് മതിയെന്ന ബാലിശമായ തീരുമാനം ആരോഗ്യവകുപ്പ് കൈകൊള്ളുന്നത്. ഇതിനെ മറികടക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പകരക്കാരെ നിയമിക്കുകയാണ്. ജീവിതശൈലി രോഗികളുടെ താവളമായ സംസ്ഥാനത്ത് ഇവര്‍ക്കാവശ്യമായ മരുന്ന് ശേഖരണവും വിതരണവും കണക്ക് സൂക്ഷിക്കുന്നതും മുഖ്യമായ ചുമതലയാണ്.
1961നുള്ള സ്റ്റാഫ് പാറ്റേണ്‍ മാനദണ്ഡമാണ് സര്‍ക്കാര്‍ ഇന്നും പിന്തുടരുന്നത് എന്നതിനാലാണ് നിയമനം തടസ്സപ്പെടുത്തുന്നത്. ആരോഗ്യമേഖല ഏറെ പുരോഗതിയിലെത്തുകയും മറ്റു വിഭാഗങ്ങളെ കൂടുതലായി ഉള്‍ക്കൊള്ളുകയും ചെയ്ത സഹാചര്യത്തില്‍ ഫാര്‍മസിസ്റ്റ് സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌ക്കരിച്ച് കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കി മരുന്നു മേഖല വിപുലമാക്കേണ്ടതുണ്ട്.
കേരളാ സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ 70,000 പേര്‍ ഫാര്‍മസിസ്റ്റുമാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി ആകെ 3000 ഫാര്‍മസിസ്റ്റ് തസ്തികകള്‍ മാത്രമാണുള്ളത്. കുറച്ചു പേര്‍ കേന്ദ്ര സര്‍വീസിലും വിദേശത്തും ജോലി ചെയ്യുന്നു. 12,000ത്തോളം പേര്‍ സ്വകാര്യ ഫാര്‍മസികളില്‍ ജോലി നോക്കുന്നു. സംസ്ഥാനത്തുള്ള 80 ശതമാനം യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകള്‍ അവസരം ഇല്ലാത്തവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആവശ്യ സര്‍വീസായിട്ടും ആരോഗ്യമേഖലയില്‍ ഇവരുടെ സേവനം ഉപയോഗിക്കുന്നില്ല. പുതിയ നിയമനങ്ങള്‍ ഈ വിഭാഗത്തില്‍ മാത്രം അന്യമായി തുടരുന്നു.
ഒരു അംഗീകൃത ഡോക്ടറുടെ കുറിപ്പടി പ്രകാരം മരുന്നു നല്‍കാന്‍ രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റിനുമാത്രമാണ് അനുമതി ഉള്ളത്. 1948ലെ ഫാര്‍മസി നിയമപ്രകാരം അല്ലാത്തവര്‍ മരുന്നു കൈകാര്യം ചെയ്താന്‍ 1000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണ്. രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റിന്റെ സാന്നിധ്യത്തില്‍ മാത്രമാണ് മരുന്നു വില്‍പ്പന നടത്താന്‍ അനുമതിയുള്ളത്. എന്നാല്‍ രാജ്യത്ത് മരുന്ന കൈകാര്യം ചെയ്യുന്നതില്‍ 70 ശതമാനം പേരും യോഗ്യതയില്ലാത്തവരാണ്. മാത്രമല്ല പുതിയ നിയമനങ്ങള്‍ നടത്താതിരിക്കാന്‍ മറ്റുള്ളവരെ കൊണ്ട് മരുന്ന് കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നീക്കമുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന ഈ പ്രവണതക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ആശ്പത്രികളില്‍ മരുന്നു നല്‍കാന്‍ ഫാര്‍മസിസ്റ്റുമാര്‍ക്കു പകരം പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെയും സ്റ്റാഫ് നഴ്‌സുമാരെയും ഏര്‍പ്പെടുത്തി ഈ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു.
മരുന്നുകള്‍ വിദഗ്ധ നിര്‍ദേശത്തില്‍ കാലാവധി നിശ്ചയിച്ച് ഉപയോഗിക്കേണ്ടതാണ്. അല്ലാത്ത ഉപയോഗം ഗുരുതരമായ അപകടങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവും. ആന്റിബയോട്ടിക് മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം രാജ്യത്ത് വ്യാപനകമാണ്. അതുകൊണ്ട് തന്നെ രോഗാണുക്കള്‍ മരുന്നുകളെ അതിജീവിക്കാനുള്ള കരുത്ത് നേടുകയും മരുന്ന് ഫലം ചെയ്യാതെ ആവുകയും ചെയ്യുന്നു. ലോകം നേരിടുന്ന മുഖ്യ ആരോഗ്യ പ്രശ്‌നമായി ഇത് മാറിയിരിക്കുകയാണ്. ഫാര്‍മസിസ്റ്റുകളുടെ അഭാവത്തില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ സുലഭമായതാണ് ഇതിനു കാരണം. വേദനസംഹാരികളും മയക്കുഗുളികകളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത് അതിന്റെ ലഭ്യത കൂടിയതുകൊണ്ടാണ്. മരുന്നുകളുടെ ശേഖരണത്തിലും വിതരണത്തിലും ഉത്തരവാദിത്തമുള്ളവരായ ഫാര്‍മസിസ്റ്റുമാരെ നിരാകരിച്ചതിന്റെ ഫലമാണിത്. പ്രഗത്ഭ സമിതി തയ്യാറാക്കിയ ഫാര്‍മസി നിയനം ജനങ്ങളുടെ ആരോഗ്യസുരക്ഷക്കായി രാജ്യത്ത് നടപ്പിലാക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവണം.
നവീന ആശയങ്ങളും പഠനങ്ങളും വഴി വൈദഗ്ധ്യം ആവശ്യമുള്ളത് കൊണ്ട് തന്നെ ഈ മേഖലയില്‍ കാലിക പരിഷ്‌ക്കരണം അനിവാര്യമാണ്. സര്‍ക്കാര്‍ മേഖലയില്‍ കേരള ഗവ. ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷനും മറ്റു മേഖലകളില്‍ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷനുമാണ് ഫാര്‍മസിസ്റ്റുമാരെ ഏകോപിപ്പിക്കുന്നത്. ഈ ദുരിത കാലത്തും ജീവന്‍ മറന്ന് മരുന്നുകളുമായി ആരോഗ്യരംഗത്തെ സംരക്ഷിക്കുന്ന ഫാര്‍മസിസ്റ്റുമാരെ ഈ ദിനത്തില്‍ ആശീര്‍വദിക്കാം.