Connect with us

News

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ഇന്ത്യക്ക് വിജയക്കിരീടം

ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ വിജയിച്ചത്.

Published

on

ബിഹാറിലെ രാജ്ഗിറില്‍ നടന്ന വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വിജയക്കിരീടം. ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ വിജയിച്ചത്.

ദീപികയുടെ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 31ാം മിനിറ്റില്‍ ദീപിക ഇന്ത്യക്കായി ഗോള്‍ നേടുകയായിരുന്നു. ടൂര്‍ണമെന്റില്‍ 11 ഗോളുകളുമായി ദീപിക മികച്ച സ്‌കോററായി. നേരത്തെ ലീഗ് ഘട്ടത്തില്‍ ഇന്ത്യ 3-0ത്തിന് ചൈനയെ കീഴക്കിയിരുന്നു.

ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജപ്പാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.

കിരീടമണിഞ്ഞ ടീമിലെ അംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യ 3 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് ബിഹാര്‍ ഗവര്‍മെന്റ് 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

india

യുപിയില്‍ വോട്ട് ചെയ്യാനെത്തിയ മുസ്ലിം യുവതികള്‍ക്കു നേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്

സംഭവത്തില്‍ കാണ്‍പൂരിലെ സിസാമാവു അസംബ്ലി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ നിരവധി പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാന്‍ കമീഷന്‍ ഉത്തരവിട്ടു.

Published

on

ഉത്തര്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന മുസ്ലിം യുവതികള്‍ക്കു നേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്. സംഭവത്തിന്റെ ദൃശ്യം പുറത്ത് വന്നു.

തോക്ക് ചൂണ്ടുന്ന പൊലീസുകാരനോട് ‘നിങ്ങള്‍ക്ക് വെടിവെക്കാനാകില്ല’ എന്ന് മുസ്ലിം സ്ത്രീ പറയുമ്പോള്‍, ‘ഞങ്ങള്‍ക്ക് ഉത്തരവുണ്ട്’ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസുകാരന്‍ അടുത്തേക്ക് നടക്കുന്നതാണ് ദൃശ്യത്തില്‍ ഉള്ളത്. കക്രൗലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവ് ശര്‍മ്മയാണ് ഈ പൊലീസുകാരനെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

മുസ്ലിംകളെയും യാദവരെയും ലക്ഷ്യമിട്ട് തടയുകയായിരുന്നുവെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

സംഭവത്തില്‍ കാണ്‍പൂരിലെ സിസാമാവു അസംബ്ലി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ നിരവധി പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാന്‍ കമീഷന്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്ത കാര്യം കാണ്‍പൂര്‍ പൊലീസ് അറിയിച്ചു.

 

Continue Reading

india

രാമേശ്വരത്ത് മേഘവിസ്‌ഫോടനം

മൂന്ന് മണിക്കൂറില്‍ 362 മീല്ലീമീറ്റര്‍ മഴയാണ് പെയ്തത്.

Published

on

രാമേശ്വരത്ത് മേഘവിസ്‌ഫോടനം. മൂന്ന് മണിക്കൂറില്‍ 362 മീല്ലീമീറ്റര്‍ മഴയാണ് പെയ്തത്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ വ്യാപക മഴയാണ്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് തിരുനെല്‍വേലിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പാമ്പന്‍ കാലാവസ്ഥ കേന്ദ്രത്തില്‍ ഏകദേശം 19 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ കഴിഞ്ഞ ആറുദിവസമായി വ്യാപക മഴയാണ്. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്.

 

 

Continue Reading

kerala

എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നു; മുന്നറിയിപ്പ്

പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Published

on

എറണാകുളത്ത് മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണം ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിര്‍മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ എറണാകുളത്ത് 563 ഹെപ്പറ്റൈറ്റിസ് എ കേസുകള്‍ സ്ഥിരീകരിച്ചു. ശ്രീമൂലനഗരം, മലയാറ്റൂര്‍, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍.

മഞ്ഞപ്പിത്തരോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

 

Continue Reading

Trending