ടി.കെ ഷറഫുദ്ദീന്‍
ജീവിതത്തില്‍ ഉറച്ചലക്ഷ്യവും അതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ എവിടെയും വിജയിച്ചുകയറാമെന്ന് ജീവിതത്തിലൂടെ കാണിച്ചുതന്നിരിക്കുകയാണ് കേരളത്തിലെ ആദ്യ അംഗീകൃത ക്രിക്കറ്റ് പരിശീലകയായ എം.ടി ജാസ്മിന്‍. പാഡണിഞ്ഞ് കളിക്കളത്തില്‍ ഇറങ്ങിയ വിദ്യാലയകാലത്തും, വിവാഹശേഷം കളിഗ്രൗണ്ടിലേക്ക് മടങ്ങിയെത്താനുള്ള ഉറച്ചതീരുമാനമെടുക്കുമ്പോഴും എതിര്‍പ്പുകളും നിരുത്സാഹപ്പെടുത്തലുകളും നേരിടേണ്ടിവന്നിട്ടുണ്ട് ഈ യുവതാരത്തിന്. ജീവിതത്തില്‍നേരിട്ട ബൗണ്‍സറുകളെയെല്ലാം ബൗണ്ടറിലൈനിന് മുകളിലേക്ക് പറത്തിയ ഈ 33കാരി ഇന്ന് തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ വനിതാ ക്രിക്കറ്റ് പരിശീലകയാണ്. മുസ്‌ലിംവിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ വനിതാ കോച്ച് എന്ന അപൂര്‍വ്വ ബഹുമതിയും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കടിയങ്ങാട് സ്വദേശിയായ ജാസ്മിന് സ്വന്തം.
അത്‌ലറ്റിക്‌സില്‍ തുടങ്ങി ക്രിക്കറ്റിലേക്ക് ചുവട്മാറ്റം
കുട്ടിക്കാലം മുതല്‍ കായികമേഖലയോട് താല്‍പര്യമുണ്ടായിരുന്നെങ്കിലും അത്‌ലറ്റിക്‌സായിരുന്നു ആദ്യം മനസിലുടക്കിയത്. സ്‌കൂള്‍തലത്തില്‍ സ്‌പോര്‍ട്‌സ്മീറ്റുകളില്‍ പങ്കെടുക്കുകയും മെഡല്‍നേടുകയും ചെയ്ത് ജാസ്മിന്‍ അത്‌ലറ്റിക്‌സില്‍ വരവറിയിച്ചു. 199798കാലത്ത് കൂത്താളി എയുപി സ്‌കൂളില്‍ പഠിക്കുമ്പോള്‍ വടകര വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് കായികമേളയില്‍ മെഡലുകള്‍വാരിക്കൂട്ടി. അത്‌ലറ്റിക്‌സിലെ മികച്ച പ്രകടനം കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കുള്ള പ്രവേശനത്തിന് വഴിതുറന്നു. പത്താംക്ലാസ് കഴിഞ്ഞതോടെയാണ് ക്രിക്കറ്റിലേക്കുള്ള ഇഷ്ടം തുടങ്ങിയത്. 2003ല്‍ കണ്ണൂര്‍ ജില്ലാടീമിന്റെ ഭാഗമായി സംസ്ഥാന വിമണ്‍സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതാണ് ക്രിക്കറ്റ് കരിയറിലെ തുടക്കം.
പ്ലസ്ടുകാലത്ത് ക്രിക്കറ്റ് പരിശീലിച്ചു തുടങ്ങിയെങ്കിലും പ്രൊഫഷണാക്കണമെന്ന് ആഗ്രഹത്തോടെ ബാറ്റിംഗും ബൗളിംഗും പരിശീലിച്ചത് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ബിരുദപഠനത്തിന് ചേര്‍ന്നപ്പോഴാണ്. കോളജ് കായികാധ്യാപകന്‍ ഹരിദാസന്‍ സാറിന് കീഴിലെ പരിശീലനകാലം ഈ യുവതാരത്തിന്റെ തലവരമാറ്റുന്നതായി. ഇന്റര്‍ കോളജിയേറ്റ് മീറ്റുകളില്‍ തുടര്‍ച്ചയായി കിരീടം നേടി കരുത്തുകാട്ടിയ ടീമില്‍ നിര്‍ണായകപ്രകടനവുമായി ജാസ്മിന്‍തിളങ്ങി. 2005 മുതല്‍ 2014 വരെ ഇടയ്ക്കുള്ള രണ്ട് വര്‍ഷമൊഴിച്ച് തുടര്‍ച്ചയായി യൂണിവേഴ്‌സിറ്റി ടീമില്‍ അംഗമായിരുന്നു. ഇടയ്ക്ക് ടീം ക്യാപ്റ്റനാകാനും അവസരംലഭിച്ചു. പിന്നീട് ഈസ്റ്റ്ഹില്‍ ഗവ:ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജില്‍ ബിപിഎഡ് പൂര്‍ത്തിയാക്കി പരിശീലകയാകാനുള്ള പ്രഥമദൗത്യം പൂര്‍ത്തിയാക്കി.
രണ്ടാംവരവ്
ഡിഗ്രി പഠനത്തിന്റെ അവസാനസമയത്തായിരുന്നു വിവാഹം. വിവാഹശേഷം ഒരുവര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കേണ്ടതായിവന്നു. ഇടയ്‌ക്കൊക്കെ കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ ശ്രമം നടത്തിയെങ്കിലും 2011 മുതലാണ് രണ്ടാംവരവുണ്ടായത്. ആ കാലത്ത് കൈകുഞ്ഞായിരുന്ന മകന്‍ മുഹമ്മദ് റിയാനുമായെത്തി ഗ്രൗണ്ടില്‍ പരിശീലനത്തിനായിവരുന്ന ജാസ്മിനെ അത്ഭുതത്തോടെയും പ്രതീക്ഷയോടെയുമാണ് സഹകളിക്കാര്‍ കണ്ടിരുന്നത്. ക്രിക്കറ്റ് തുടരാനായി വീടിനടുത്തുള്ള സി.കെ.ജി കോളജ് പേരാമ്പ്രയില്‍ പിജിയ്ക്ക് ചേര്‍ന്നു. ജീവിതത്തിലെന്നപോലെ ക്രിക്കറ്റിലും ഓണ്‍റൗണ്ടര്‍ വേഷത്തിലാണ് ജാസ്മിന്‍ തിളങ്ങിയത്. പ്രതിബന്ധങ്ങളെ സധൈര്യം നേരിട്ട് ബാറ്റിംഗിലും ബൗളിംഗിലും കഠിനപരിശീലനം നടത്തുമ്പോഴും ലക്ഷ്യം ഒന്നുമാത്രമായിരുന്നു… ക്രിക്കറ്റ് ടീം പരിശീലകയാകണം.
പട്യാലയിലെ പഠനകാലം
പട്യാലയില്‍ ഉപരിപഠനമെന്ന ആഗ്രഹം ഡിഗ്രി പഠനകാലംമുതലേ മനസില്‍കൊണ്ടുനടന്നിരുന്നു ഈയുവതാരം. എന്നാല്‍ അന്നത്തെ വീട്ടിലെ സാഹചര്യവും സാമ്പത്തികപരാധീനതയുമെല്ലാം പിന്നോട്ടടിപ്പിച്ചു. ക്രിക്കറ്റ് പിച്ചില്‍ പിന്നീട് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും പട്യാല സ്വപ്‌നമായി അവശേഷിച്ചു. അങ്ങനെയിരിക്കെ കുടുംബവുമൊന്നിച്ച് 2019ല്‍ തിരുവനന്തപുരത്ത് വിനോദയാത്രയ്ക്ക് പോയ സമയത്താണ് യാദൃശ്ചികമായി വീണ്ടും സ്വപ്നങ്ങള്‍ക്ക് ചിറകുമുളക്കുന്നത്. തലസ്ഥാനത്തെത്തിയതിനാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലെത്തി ജാസ്മിന്‍. പഴയ സുഹൃത്തുക്കളേയും പരിശീലകരേയും കണ്ട് സൗഹൃദ സംഭാഷണത്തിനിടെയാണ് പട്യാലയിലെ കോഴ്‌സ് ഇത്തവണത്തോടുകൂടി അവസാനിക്കുന്നതായി അറിയാന്‍കഴിഞ്ഞത്. ഇത് ലാസ്റ്റ് ചാന്‍സാണെന്നും നഷ്ടപ്പെടുത്തരുതെന്നും ഏവരും ജാസ്മിനെ സ്‌നേഹത്തോടെ ഓര്‍മപ്പെടുത്തി. കോഴ്‌സിനായി ലഭിച്ച അപേക്ഷകരായ 200ലധികം പേര്‍ പങ്കെടുത്ത ട്രയല്‍സില്‍ നിന്ന് സെലക്ട് ചെയ്ത 13പേരില്‍ ഒരാളായി. കേരളത്തില്‍ നിന്നുള്ള ഏകതാരം. ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പിന്തുണയോടെ പട്യാലയിലേക്ക് വണ്ടികയറി.
ബിരുദപഠനം കഴിഞ്ഞ് ഒരുപതിറ്റാണ്ടിന് ശേഷം, പഞ്ചാബിലെ പട്യാലയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ നിന്ന് ക്രിക്കറ്റ് കോച്ചിംഗില്‍ ഡിപ്ലോമ കരസ്തമാക്കി. 33ാം വയസിലെ ഈ അംഗീകാരം കഠിനാദ്ധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കിയാണ് ഈ യുവതി നേടിയെതുത്തത്. 2019 ജൂണില്‍ ആരംഭിച്ച കോഴ്‌സ് 2020 ജൂണില്‍ അവസാനിക്കണമെങ്കിലും കോവിഡ് സാഹചര്യമായതിനാല്‍ റിസല്‍ട്ട് അല്‍പ്പംനീണ്ടുപോയി. എന്നാല്‍ മഹാമാരികാലത്തും ലക്ഷ്യസാക്ഷാത്കാരം ജാസ്മിനെതേടിയെത്തി. ഒടുവില്‍ നവംബറോടെ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിയമന ഉത്തരവ് ലഭിച്ചു.
കേരളത്തില്‍ നിന്നുള്ള ആദ്യ എന്‍.ഐ.എസ് ക്രിക്കറ്റ് പരിശീലക
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പോടുകൂടിയാണ് പട്യാലയില്‍ കോഴ്‌സ് ചെയ്തത്. പഠനശേഷം കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍പോയസമയത്താണ് ഇത്തരമൊരു നേട്ടത്തെകുറിച്ച് അറിയുന്നത്. കോഴ്‌സ് ചെയ്ത 12പേരില്‍ എല്ലാവരും പുരുഷന്‍മാര്‍. അങ്ങനെ കേരളത്തിലെ ആദ്യ എന്‍ഐഎസ് വനിതാ ക്രിക്കറ്റ് പരിശീലകയായിമാറി. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഇന്ത്യയില്‍തന്നെ ആദ്യത്തെ പരിശീലകയെന്നതും അഭിമാനനേട്ടമായി.
അഭിമാനനിമിഷത്തിലും സന്തോഷം ഉള്ളിലൊതുക്കാനാണ് ജാസ്മിന്‍ തീരുമാനിച്ചത്. എന്നാല്‍ അടുത്തകാലത്ത് നാട്ടിലെ കരിയര്‍ ഗൈഡന്‍സ് കുട്ടികള്‍ക്കായി പ്രത്യേക പ്രോഗ്രാം ചെയ്യവെ ജാസ്മിന്റെ ജീവിതവും കരിയറും വിവരിക്കുന്ന വീഡിയോ തയാറാക്കിയിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൂടുതല്‍ പേരിലേക്കെത്തി. ഫോണിലൂടെയും നേരിട്ടും അഭിനന്ദനമറിയിച്ച് നിരവധി പേര്‍ എത്തിയതോടെയാണ് സംഭവം ജാസ്മിന്‍ അറിഞ്ഞത്. തനിക്കൊപ്പം ക്യാമ്പിലുണ്ടായിരുന്നവരും കോഴ്‌സ്‌ചെയ്തവരുമായ പഴയകാലസുഹൃത്തുക്കളെല്ലാം വിളിക്കുകയും അന്നത്തെ ഓര്‍മകള്‍ പങ്കുവെക്കുകയും ചെയ്തു. ക്രിക്കറ്റ് കളിച്ചുതുടങ്ങിയപ്പോള്‍ എതിര്‍ത്തിരുന്നവരെല്ലാം ഇപ്പോള്‍ പിന്തുണയുമായി എത്തുമ്പോള്‍ മധുരപ്രതികാരംകൂടിയായി യുവതാരത്തിന് ഈ നേട്ടം.
ക്രിക്കറ്റിലെ വനിതകള്‍
അടുത്തകാലത്തായി നിരവധി പെണ്‍കുട്ടികളാണ് ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നത്. മുന്‍പൊക്കെ വനിതാ ക്രിക്കറ്റ് ടീം ഉണ്ടോയെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. കെ.സി.എയ്ക്ക് കീഴില്‍ ആയതിന് ശേഷം മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് ലഭിക്കുന്നത്. നേരത്തെ വിമണ്‍സ് അസോസിയേഷന്‍ ആയിരുന്നപ്പോള്‍ ഫണ്ടിന്റെ അപര്യാപ്തതയും അസൗകര്യങ്ങളും വലിയ പ്രയാസമായിരുന്നു. ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍പോകുമ്പോള്‍ പലപ്പോഴും കുട്ടികളും അധ്യാപകരും കൈയില്‍ നിന്ന് പണം മുടക്കേണ്ട സ്ഥിതിയുണ്ടായി. ക്രിക്കറ്റ് കിറ്റ് പോലും വല്ലപ്പോഴുംമാത്രമാണ് ലഭിക്കാറുള്ളൂ. എന്നാല്‍ ദേശീയതലത്തിലടക്കം വനിതാ ക്രിക്കറ്റ് ടീം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍തുടങ്ങിയതോടെ അതിന്റെതായമാറ്റം കേരളത്തിലുമുണ്ടായി. സമീപകാലത്ത് കേരളം നടത്തുന്ന മികച്ചപ്രകടനവും പ്രതീക്ഷനല്‍കുന്നതാണെന്ന് ജാസ്മിന്‍ പറയുന്നു.
കൂടെയുണ്ട് കുടുംബം
വിവാഹശേഷവും കുഞ്ഞുജനിച്ചസമയത്തുമെല്ലാം ക്രിക്കറ്റില്‍ തുടരാനായത് വീട്ടുകാരില്‍ നിന്ന് ലഭിച്ച പിന്തുണകൊണ്ടാണെന്ന് ജാസ്മിന്‍ പറയുന്നു. ഭര്‍ത്താവ് തന്‍വീര്‍ കായികസ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ കൂടെനിന്നു. പഴയകായികതാരമായിരുന്ന ഉമ്മ ഖദീജയും പൂര്‍ണപിന്തുണയോടെ ഒപ്പമുണ്ടായി. മകളെ കളിക്കളത്തില്‍ നിന്ന് വിലക്കണമെന്ന് നാട്ടുകാരും ബന്ധുക്കളും നിരവധിതവണ പറഞ്ഞിട്ടും പിതാവ് മൂസയും മാതാവ് ഖജീദയും പിന്തുണനല്‍കി ഒപ്പംനില്‍കുകയായിരുന്നു. ഗ്രാമീണമേഖലയിലെ മുസ്‌ലിംകുടുംബത്തില്‍ ക്രിക്കറ്റ് പരിശീലിക്കുന്ന പെണ്‍കുട്ടിയെന്നത് അക്കാലത്ത് കേട്ടുകേള്‍വിയില്ലാത്തതായിരുന്നു. എല്ലാഎതിര്‍പ്പുകളേയും അവഗണിച്ച് അവര്‍ ജാസ്മിനെ കളിക്കളത്തില്‍തുടരാന്‍ അനുവദിച്ചു. ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ട്കുതിച്ച ഈ യുവപരിശീലക കായികരംഗത്ത് പ്രതീക്ഷയര്‍പ്പിക്കുന്ന ഒട്ടേറെ വനിതാതാരങ്ങള്‍ക്ക് പ്രചോദനമാണ്.