പുഷ്പ 2 റിലീസിനിടെ യുവതി ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിയറ്ററില്‍ അപ്രതീക്ഷിതമായി നടന്‍ എത്തിയതാണ് തിരക്കിന് കാരണമായത്. യുവതിയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ നേരത്തെ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഈ മാസം 4നാണ് അല്ലു അര്‍ജുന്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും, ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നതായും നടന്‍ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും ക്രമസമാധാന പരിപാലനത്തിനായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കി.
അന്വേഷണത്തില്‍ തിയേറ്ററിന്റെ ഉടമകളില്‍ ഒരാള്‍, സീനിയര്‍ മാനേജര്‍, ലോവര്‍ ബാല്‍ക്കണിയിലെ സുരക്ഷ ജീവനക്കാരന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.