Categories: indiaNews

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി നിലകൊള്ളും; നിലപാട് വ്യക്തമാക്കി മോദി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ‘വികടന്‍’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് കവര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരായി സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തനം തടസപ്പെടുത്തിയ തമിഴ് മാധ്യമമായ ‘വികടന്‍’ വഷയത്തില്‍ നിലപാട് വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി നിലകൊള്ളുമെന്ന് ‘വികടന്‍’ ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കും എന്ന തത്വമനുസരിച്ചാണ് എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്. അത് ഇനിയും തുടരും. വെബ്സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കിയതിനെ കുറിച്ച് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല- വികടന്‍ ഗ്രൂപ്പ് വ്യക്തമാക്കി.

വികടന്റെ ഡിജിറ്റല്‍ മാസികയായ വികടന്‍ പ്ലസ് ഫെബ്രുവരി പത്തിനാണ് നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് കവര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. അനധികൃത ഇന്ത്യക്കാരെ കയ്യാമംവെച്ച് അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന വിഷയവും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും കാണിച്ച് കൊണ്ടായിരുന്നു കാര്‍ട്ടൂണ്‍.

എന്നാല്‍ വികടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍, പാര്‍ലമെന്ററി കാര്യ സഹമന്ത്രി എല്‍. മുരുകന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. വികടനില്‍ പ്രത്യക്ഷപ്പെട്ട അഞ്ച് കാര്‍ട്ടൂണുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കി. തമിഴ്നാട്ടിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നാണ് വികടന്‍ ഗ്രൂപ്പ്. മോദിയുടെ നയങ്ങളെ വിമര്‍ശിച്ച് മുമ്പും നിരവധി കാര്‍ട്ടൂണുകള്‍ വികടന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

webdesk18:
whatsapp
line