ഹൈദരാബാദ്: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റു പിടിച്ചതിന് പിന്നാലെ തങ്ങളുടെ അടുത്ത ലക്ഷ്യം പശ്ചിമബംഗാളാണ് എന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) പ്രഖ്യാപിച്ചിരുന്നു. ബംഗാളിന് ശേഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പിലും തങ്ങളുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ വര്‍ഷമാണ് പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ യുപി തെരഞ്ഞെടുപ്പും.
മുസ്‌ലിം വോട്ടുകളില്‍ കണ്ണ്
തീവ്രവലതു പക്ഷത്തിന്റെ ഉയര്‍ച്ചയാണ് എഐഎംഐഎമ്മിന്റെ ഇന്ധനം. മുസ്‌ലിം പോക്കറ്റുകള്‍ ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് പൊതുവെ പാര്‍ട്ടി നടത്തുന്നത്. ബിഹാറില്‍ ദളിത് പാര്‍ട്ടിയായ മായാവതിയുടെ ബിഎസ്പിയും പ്രകാശ് അംബേദ്കറിന്റെ വിബിഎയും കൂടെ ചേര്‍ന്നപ്പോഴാണ് പാര്‍ട്ടിക്ക് എക്കാലത്തെയും മികച്ച പ്രകടനം നടത്താനായത്.
മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള കിഷന്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തിലെ നാലു സീറ്റിലും-അമൗര്‍, ബൈസി, ബഹദൂര്‍ഗഞ്ച്, കോച്ചല്‍ധമാന്‍- പാര്‍ട്ടി ജയിച്ചു. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച കിഷന്‍ഗഞ്ചില്‍ തോല്‍ക്കുകയും ചെയ്തു. അറാറിയ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ജോകിഹട്ട് ആണ് എംഐഎം ജയിച്ച മറ്റൊരു മണ്ഡലം. 20 മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇതില്‍ 14 പേരും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലില്‍ ആയിരുന്നു.
ബംഗാളിലെ മുസ്‌ലിം വോട്ടു ബാങ്ക്
ബിഹാറിലെ സീമാഞ്ചലിന് സമാനമായ സാമുദായിക പശ്ചാത്തലമാണ് പശ്ചിമബംഗാളില്‍ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങള്‍ക്കുള്ളത്. മുസ്‌ലിം ഭൂരിപക്ഷ ജില്ലകളും ഏറെ. മുര്‍ഷിദാബാദ് 66.20%, മാള്‍ഡ 51.30%, ഉത്തരദിനാജ്പൂര്‍ 50%, ദക്ഷിണബംഗാളിലെ ബീര്‍ഭൂം 37%, സൗത്ത് 24 പര്‍ഗാനാസ് 35.6% എന്നിങ്ങനെയാണ് ഈ ജില്ലകളിലെ മുസ്‌ലിം ജനസംഖ്യ. 2011ലെ സെന്‍സസ് പ്രകാരം 27.01% ശതമാനമാണ് പശ്ചിമബംഗാളിലെ മൊത്തം മുസ്‌ലിം ജനസംഖ്യ. സംസ്ഥാനത്തെ 294ല്‍ 120 സീറ്റുകളിലും മുസ്‌ലിംകള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്.
ഈ ജില്ലകളിലെ നാലോ അഞ്ചോ സീറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗതമായി കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമാണ് മുസ്‌ലിംകള്‍ വോട്ടു ചെയ്യാറുള്ളത്. മുര്‍ഷിദാബാദില്‍ മേധാവിത്വം കോണ്‍ഗ്രസിനാണ് എങ്കില്‍ മറ്റിടത്തെല്ലാം തൃണമൂല്‍ കോണ്‍ഗ്രസാണ്. ഉവൈസിയുടെ പാര്‍ട്ടി കൂടി ഗോദയില്‍ എത്തുന്നതോടെ ഈ വോട്ടുകളില്‍ വിള്ളലുകള്‍ വീഴുമെന്ന് തീര്‍ച്ച.
ബിജെപിയുടെ വരവ്
ഇതുവരെ കുമ്പിളില്‍ ഒതുങ്ങാത്ത സംസ്ഥാനമാണ് ബിജെപിക്ക് പശ്ചിമബംഗാള്‍. ഇത്തവണ ഏതുവിധേനയും ബംഗാള്‍ പിടിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടു ഭിന്നിപ്പിക്കാന്‍ വേണ്ട എല്ലാ അടവുകളും ബിജെപി പയറ്റുമെന്ന് ഉറപ്പ്. ഇതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമം പാസാക്കുക തന്നെ ചെയ്യുമെന്ന് ഈയിടെ ആഭ്യന്തര മന്ത്രി അമിത് ബംഗാളിലെത്തി പ്രഖ്യാപിച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും അക്കാര്യം വ്യക്തമാക്കിയിരുന്നു. സിഎഎയും എന്‍ആര്‍സിയും ബംഗാള്‍ പ്രചാരണത്തെ പിടിച്ചു കുലുക്കുന്ന ഒന്നായി മാറും എന്നതില്‍ സംശയമില്ല.
മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിക്കാണ് ഗുണം ചെയ്യുക എന്നതില്‍ സംശയമില്ല. നഷ്ടമുണ്ടാക്കുന്നത് മമത ബാനര്‍ജിക്കും. കോണ്‍ഗ്രസും ഇടതുപക്ഷവും പൊതുവെ ദുര്‍ബലരാണ് താനും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ 18 സീറ്റുകളില്‍ ഏഴെണ്ണം വടക്കന്‍ ബംഗാള്‍ ജില്ലകളില്‍ നിന്നാണ്. ഇതില്‍ ഉത്തര്‍ദിനാജ്പൂരിലെ റായ്ഗഞ്ച്, മാള്‍ഡയിലെ വടക്കന്‍ മാള്‍ഡ, സൗത്ത് ദിനാജ്പൂരിലെ ബേലൂര്‍ഘട്ട് എന്നിവ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്.