X
    Categories: keralaNews

കോടിയേരിയുടെ പ്രസ്താവന തിരിച്ചടിയാകുമോ; വോട്ടര്‍മാര്‍ മറുപടി പറയും

തിരുവനന്തപുരം: തൃക്കാക്കര ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന് പ്രഖ്യാപിച്ച് പരസ്യപ്രചാരണത്തിന്റെ അവസാനദിനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ടുവെച്ചത് ‘രാഷ്ട്രീയമത്സര’ത്തിന്റെ മാത്രം സൂചന. സര്‍ക്കാരിനെ വിലയിരുത്തി വോട്ടര്‍മാര്‍ നിലപാട് സ്വീകരിക്കട്ടെ എന്നതിനോടാണ് യു.ഡി.എഫിനും താല്‍പര്യം. സര്‍ക്കാരിന്റെ വീഴ്ചകളും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ചര്‍ച്ചകളില്‍ നിന്ന് അകറ്റിനിര്‍ത്താനും അനാവശ്യവിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാനുമാണ് സി.പി.എം നേതൃത്വം തുടക്കം മുതല്‍ ശ്രമിച്ചത്.

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നില്ല. കെ റെയില്‍ അടക്കം ജനം തള്ളിയ പദ്ധതികളെ തുടര്‍ന്നുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രതിഫലിക്കാതിരിക്കാന്‍ പരമാവധി ശ്രമങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പ്രചാരണത്തിലുടനീളം മറ്റ് വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനായിരുന്നു സി.പി.എം ശ്രമിച്ചത്. ഇതിനിടെയാണ് സര്‍ക്കാരിനെ വിലയിരുത്തുന്നതില്‍ തെറ്റില്ലെന്ന് കോടിയേരി വ്യക്തമാക്കിയത്. കോടിയേരിയുടെ പ്രസ്താവന പാര്‍ട്ടിക്ക് തിരിച്ചടിയാകുമോ എന്നുപോലും ചില ഇടത് നേതാക്കള്‍ക്ക് ആശങ്കയുണ്ട്. തൃക്കാക്കര പോലെ യു.ഡി.എഫിന്റെ സ്വാധീനമേഖലയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇത്തരമൊരു പ്രസ്താവന വേണ്ടിയിരുന്നില്ലെന്നാണ് നേതാക്കളുടെ പക്ഷം.

പ്രചാരണത്തിന്റെ തുടക്കം മുതല്‍ രാഷ്ട്രീയ മത്സരമാണ് യു.ഡി.എഫ് ആഗ്രഹിച്ചത്. തൃക്കാക്കരയില്‍ പരാജയപ്പെട്ടാല്‍ കെ റെയില്‍ വേണ്ടെന്നുവെക്കുമോ എന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ചോദ്യത്തോട് മുഖ്യമന്ത്രി ഇനിയും പ്രതികരിച്ചിട്ടില്ല. സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് മറപിടിക്കാനാണ് ഇടതുനേതാക്കള്‍ ഓരോ ഘട്ടത്തിലും ശ്രമിച്ചത്. അതേസമയം പരസ്യപ്രചാരണം അവസാനിക്കുമ്പോള്‍ യു.ഡി.എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തൃക്കാക്കരയില്‍ ചരിത്രവിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.

Chandrika Web: