Connect with us

kerala

മധ്യതെക്കന്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

Published

on

മധ്യതെക്കന്‍ കേരളത്തില്‍ ഇന്ന് വ്യാപക മഴ സാധ്യത. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനത്തേക്കും. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മറ്റന്നാള്‍ പത്ത് ജില്ലകളിലും, ശനിയാഴ്ച പന്ത്രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നല്‍- ജാഗ്രത നിര്‍ദ്ദേശം

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മല്‍സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ നിര്‍ത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വെക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

– ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.

kerala

കൊച്ചി കപ്പല്‍ അപകടം; സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു

കൊച്ചി കടല്‍ തീരത്തിനടുത്തായി അപകടത്തില്‍ പെട്ട ലൈബിരിയന്‍ കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു.

Published

on

കൊച്ചി കടല്‍ തീരത്തിനടുത്തായി അപകടത്തില്‍ പെട്ട ലൈബിരിയന്‍ കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. രാവിലെ 11.30 ക്കാണ് യോഗം. MSC ELSA 3 എന്ന കപ്പലാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടത്. കപ്പല്‍ പൂര്‍ണ്ണമായും മുങ്ങുന്ന സാഹചര്യമാണുള്ളത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്നലെയാണ് അപകടത്തില്‍പ്പെട്ടത്.

കപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകള്‍ കൊച്ചി ആലപ്പുഴ തീരങ്ങളില്‍ എത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്‌നറുകള്‍ എത്താന്‍ സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെയ്‌നര്‍ തീരത്ത് എത്തിയേക്കാന്‍ സാധ്യതയുണ്ട്. കപ്പലിന്റെ ചെരിവ് നിവര്‍ത്താന്‍ മറ്റൊരു കപ്പല്‍ എത്തിക്കാനും കണ്ടെയ്‌നറുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി തീരത്തേക്ക് അടുപ്പിക്കാനായിരുന്നു പദ്ധതി.

അപകടത്തില്‍ പെട്ട കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. മുഴുവന്‍ പേരെയും രക്ഷപ്പെടുത്തിയിരുന്നു. തീരങ്ങളില്‍ കണ്ടെയ്നറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്

ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അടുത്ത രണ്ടുദിവസം അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തോടെ കാലവര്‍ഷം തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം കൊങ്കണ്‍ തീരത്തിനുമുകളില്‍ രത്നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മേയ് 27ഓടെ മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായികേരളത്തിന്റെ വിവിധ തീരപ്രദേശത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading

kerala

പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം

ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം

Published

on

2025-26 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്വേര്‍ഡും നല്‍കി അലോട്ട്‌മെന്റ് റിസള്‍ട്ട് പരിശോധിക്കാം.

ജൂണ്‍ രണ്ടിന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യത പട്ടിക മാത്രമാണിത്. എന്നാല്‍ അപേക്ഷ വിവരങ്ങളില്‍ തെറ്റു കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിന് അവസരമുണ്ട്. ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും കഴിയും.

അപേക്ഷാ വിവരങ്ങള്‍ അപൂര്‍ണ്ണമായി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ പൂര്‍ത്തിയാക്കി കണ്‍ഫര്‍മേഷന്‍ നടത്താം. ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുള്ളവര്‍, കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകള്‍ മെയ് 28, വൈകുന്നേരം 5 ന് മുന്‍പായി വരുത്തണം. അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദ്യാര്‍ഥികളും ട്രയല്‍ അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കണം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന്റെയും ട്രയല്‍ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു.

Continue Reading

Trending