തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. എണ്ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ ജനജീവിതം ദുസ്സഹമായി മാറിയിട്ടുണ്ട്.
എണ്ണ വില വര്‍ധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വര്‍ധനവ് പ്രകടമായിട്ടുണ്ട്. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസ വര്‍ധിച്ച് ലിറ്ററിന് 80.73 പൈസയായി. ഡീസലിന് 28 പൈസ വര്‍ധിച്ച് 73.65 ആയും വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 79.65 രൂപയും ഡീസലിന് 72.65 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 79.29 ഉം, ഡീസലിന് 71.95 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോളിന് 76.24 ഉം ഡീസലിന് 67.57 രൂപയുമാണ്. എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്. 2013 സെപ്തംബര്‍ 14ന് പെട്രോളിന് രേഖപ്പെടുത്തിയ 76.06 പൈസയായിരുന്നു ഡല്‍ഹിയില്‍ ഇതിന് മുമ്പ് പെട്രോളിന് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില.
ഒരാഴ്ചക്കിടെ പെട്രോളിന് 1.98 രൂപയും ഡീസലിന് 1.92 പൈസയുമാണ് പൊതുമേഖല എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചത്. നിലവില്‍ മുംബൈയിലും ഭോപാലിലുമാണ് പെട്രോളിന് ഏറ്റവും കൂടിയ വില. മുംബൈയില്‍ ഇന്നലെ പെട്രോള്‍ ലിറ്ററിന് 84.07 രൂപയും, ഭോപാലില്‍ 81.83 രൂപയും, പറ്റ്‌നയില്‍ 81.73 രൂപയും ഹൈദരാബാദില്‍ 80.76 രൂപയുമാണ്.
കൊല്‍ക്കത്തയില്‍ 78.91 രൂപയും ചെന്നൈയില്‍ 79.13 രൂപയുമാണ് പെട്രോള്‍ വില. ഗോവയിലെ പനാജിയിലാണ് പെട്രോളിന് ഏറ്റവും കുറഞ്ഞ വില ഇവിടെ ലിറ്ററിന് 70.26 രൂപയാണ് വില. ഡീസലിന് ഹൈദരാബാദിലാണ് ഏറ്റവും കൂടിയ വില.
ലിറ്ററിന് 73.45 രൂപയാണ് ഹൈദരാബാദില്‍ രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്താണ് രണ്ടാമത്തെ കൂടിയ വില. റായ്പൂര്‍ (72.96), ഗാന്ധിനഗര്‍ (72.63), ഭുവനേശ്വര്‍ (72.43), പറ്റ്‌ന (72.24) എന്നിങ്ങനെയാണ് ഡീസല്‍ വില. പോര്‍ട്ട് ബ്ലയറിലാണ് ഡീസലിന് ഏറ്റവും കുറഞ്ഞ വില 63.35. അതേ സമയം എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എക്‌സൈസ് നികുതി കുറക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വിസമ്മതിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒമ്പത് തവണയാണ് ഡിസല്‍, പെട്രോള്‍ എന്നിവയുടെ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചത്.
ഇതുവഴി പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവും ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ചയുമാണ് വില വര്‍ധനവിന് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.