Connect with us

kerala

കൈതോലപ്പായ വെളിപ്പെടുത്തലില്‍ കേസെടുക്കാത്തതെന്തുകൊണ്ട്?; പിണറായി വിജയന്റേത് ഇരട്ടനീതി: വി.ഡി സതീശന്‍.

കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ പൊലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കയാണ്.

Published

on

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റേത് ഇരട്ടനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോപണം അടിവരയിടുന്ന നടപടികളാണ് അടുത്തിടെയുണ്ടായ എല്ലാ സംഭവങ്ങളിലുമുണ്ടാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ പുറത്തുവിട്ട കൈതോലപ്പായ ആരോപണത്തില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണത്തില്‍ ബെന്നി ബഹ്നാന്‍ എം.പി ഡി.ജിപിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും അന്വേഷണത്തിന് തയാറായില്ല. എ.ഐ ക്യാമറ, കെ ഫോണ്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് ബന്ധമുള്ള കമ്പനികളെ സംബന്ധിച്ചുള്ള ആരോപണങ്ങളിലും കേസെടുത്തില്ല. കോവിഡ് മഹാമാരി കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ പര്‍ച്ചേസ് കൊള്ളയിലും കേസില്ല. മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസിലെ പെണ്‍കുട്ടി സുധാകരനെതിരെ മൊഴി നല്‍കിയെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെയോ അത് ആവര്‍ത്തിച്ച എം.വി ഗോവിന്ദനെതിരെയോ പരാതി നല്‍കിയിട്ടും കേസില്ല. മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍മാരോട് സംസ്ഥാനത്തെ ഉന്നതനായ ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി എല്‍.ഡി.എഫ് ഘടകകക്ഷി നേതാവ് കൂടിയായ ശ്രേയാംസ് കുമാര്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. അതേസമയം ദേശാഭിമാനി വാര്‍ത്തയെ അടിസ്ഥാനമാക്കി ആലപ്പുഴയിലെ കെ.എസ്.യു നേതാവിനെതിരെ കേസെടുത്തു. വ്യാജ വാര്‍ത്തക്കെതിരെ കെ.എസ്.യു നേതാവ് നല്‍കിയ പരാതിയില്‍ കേസില്ല. സമരം ചെയ്ത എം.എസ്.എഫ് നേതാക്കള്‍ക്ക് പൊലീസ് കൈവിലങ്ങണിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന് അറസ്റ്റിലായ എസ്.എഫ്.ഐ നേതാവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. എഴുതാത്ത പരീക്ഷ ജയിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നല്‍കിയ പരാതിയില്‍ വനിതാ മാധ്യമ പ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. സി.പി.എം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ നിരന്തര വെളിപ്പെടുത്തലുണ്ടായിട്ടും കേസെടുത്തില്ല. ഇത് ഇരട്ടനീതിയാണ് അദ്ദേഹം തുറന്നടിച്ചു.

സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി രൂപ വാങ്ങിയ ഇ.പി. ജയരാജനാണ് കൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ വരുന്നത്. ഇ.പി. ജയരാജന്റെ ചരിത്രമൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. പഴയ ദേശാഭിമാനി പത്രത്തിനു വേണ്ടി, ലോട്ടറി മാഫിയ രാജാവായിരുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍നിന്ന് ഡ്രാഫ്റ്റ് വാങ്ങിച്ചതാണ്, രണ്ടു കോടി രൂപയുടെ ഡ്രാഫ്റ്റ്. എന്നിട്ടാണ് കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ അതേ ജയരാജന്‍ വരുന്നത്. പാര്‍ട്ടി വേദിയില്‍വെച്ചാണ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ജയരാജനെതിരേ ഗുരുതര ആരോപണമുണ്ടായത്. ആ ജയരാജനാണ് ഞങ്ങള്‍ക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നത്.

കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ പൊലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കയാണ്. പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് ഒരു സംഘം, അവര്‍ക്കെതിരായ വരുന്ന കേസുകളെല്ലാം ഒഴിവാക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായി വ്യാജകേസുകള്‍ കെട്ടിച്ചമയ്ക്കുന്നു. ഇതാണ് കേരളത്തിലെ സ്ഥിതി. ഇതിനെതിരായി രാഷ്ട്രീയമായും നിയമപരമായും പോരാടും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

മുന്‍ ഡ്രൈവറുടെ മൊഴിയില്‍ കെ. സുധാകരനെതിരെ കേസെടുക്കുന്നവര്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി രൂപ പിണറായി വിജയന്‍ കാറില്‍ കൊണ്ടു പോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും സന്തതസഹചാരിയുമായിരുന്ന ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? ഡ്രൈവറുടെ മൊഴിയേക്കാള്‍ എത്രയോ വിശ്വസനീയമാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തലില്‍ കേസെടുക്കാതെ ശക്തിധരനെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ്. ഹീനമായ സൈബര്‍ ആക്രമണമാണ് എല്ലാവര്‍ക്കും എതിരെ നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ എന്ത് പറഞ്ഞാലും അപ്പോള്‍ കേസെടുക്കും. ദേശാഭിമാനി പത്രം എല്ലാദിവസവും എനിക്ക് വേണ്ടി പ്രത്യേകമായി പേജ് മാറ്റിവച്ചിരിക്കുകയാണ്. ദുബായിലെ ഹോട്ടലില്‍ നിക്ഷേപമുണ്ടെന്നും ഖത്തറിലെ വ്യവസായിയുമായും ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇവരുമായൊക്കെ എന്നേക്കാള്‍ കൂടുതല്‍ ബന്ധം പിണറായി വിജയനും എം.വി ഗോവിന്ദനുമുണ്ട്. ഒരു ബന്ധവുമില്ലെന്ന് ദേശാഭിമാനി പറഞ്ഞാല്‍ അതിന് തെളിവ് തരാം. അവരെയൊന്നും ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. ഹോട്ടലില്‍ ഓഹരി ഉണ്ടെന്ന് തെളിയിച്ചാല്‍ ആ പണം മുഴുവന്‍ ദേശാഭിമാനിക്ക് നല്‍കും. വാര്‍ത്തയെ നിയമപരമായി നേരിടാന്‍ ഉദേശിക്കുന്നില്ല. ഒരാള്‍ മൊഴി കൊടുത്തെന്ന രീതിയിലുള്ള വാര്‍ത്തയില്‍ എന്ത് ചെയ്യാന്‍ കഴിയും? അദ്ദേഹം ചോദിച്ചു.

സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഒരു കര്‍ഷകരുമില്ല. നാളീകേര സംഭരണം മുടങ്ങി. നെല്‍ കര്‍ഷകര്‍ക്ക് ആയിരം കോടി രൂപ കൊടുക്കാനുണ്ട്. റേഷന്‍ വിതരണം സ്തംഭിച്ചിട്ട് രണ്ട് വര്‍ഷമായി. കൊള്ളസംഘങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഈ സര്‍ക്കാര്‍ മോദിയെ അനുകരിക്കുകയാണ്. ഇതൊരു തീവ്രവലതുപക്ഷ സര്‍ക്കാരാണ്.

മെയ് മൂന്ന് മുതല്‍ നിരന്തര സംഘര്‍ഷം നടക്കുന്ന മണിപ്പൂരില്‍ സമാധാനത്തിന്റെ സന്ദേശവുമായി എത്തിയ രാഹുല്‍ ഗാന്ധിയെ തടയാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ശ്രമത്തെ അപലപിക്കുന്നു. ഒരു സംസ്ഥാനം കത്തിയെരിയുമ്പോള്‍ അതേപ്പറ്റി പ്രതികരിക്കാന്‍ പോലും തയാറാകാത്ത പ്രധാനമന്ത്രിയാണ് സമാധനത്തിന്റെ സന്ദേശവുമായെത്തിയ രാഹുല്‍ ഗാന്ധിയെ തടയുകയും അദ്ദേഹത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചതും. ജനങ്ങളെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് രാഹുല്‍ മണിപ്പൂരിലെത്തിയത്. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ഇനിയും തുടരും അദ്ദേഹം കൂട്ടിചേര്‍ത്തു.

kerala

ക്രിസ്മസിന് റെക്കോർഡ് വിൽപന; മലയാളി കുടിച്ചു തീർത്തത് 152 കോടിയുടെ മദ്യം

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്

Published

on

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേന്നും മദ്യവിൽപനയില്‍ റെക്കോർഡിട്ട് ബിവറേജ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവിൽപ്പനയുടെ കണക്കുകളാണ് ഇപ്പോൾ ബിവറേജസ് കോർപറേഷൻ പുറത്തുവിട്ടിരിക്കുന്നത്. ആകെ 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ തീയതികളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിന്റെ (29.92 കോടി രൂപ) വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 6.84 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ഡിസംബർ 24ന് 71.40 കോടി രൂപയുടെയും വെയർഹൗസിലൂടെ 26.02 കോടിയുടെയും ഉൾപ്പെടെ ആകെ 97. 42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബർ 24ലെ വിൽപ്പനയിൽ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്.

 

Continue Reading

kerala

കാലം കടന്ന് നിത്യതയിലേക്ക്; മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി

Published

on

കോഴിക്കോട്: മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്‍ ‘സ്മൃതിപഥ’ത്തില്‍ അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്‍ കോടിക്കണക്കിനാളുകളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിക്കും.

കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതരയില്‍ 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്‍ റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്‍ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക സാമുഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എത്തിയിരുന്നു.

അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് അയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു.

Continue Reading

kerala

നിലക്കാതെ ജനപ്രവാഹം ‘സിതാര’യിലേക്ക്; എംടിയ്ക്ക് അന്ത്യനിദ്രയൊരുക്കുക ‘സ്മൃതിപഥത്തില്‍’

വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു

Published

on

കോഴിക്കോട്: എംടിയുടെ ‘സിതാര’യിലേക്ക് നിലക്കാതെ ജനപ്രവാഹം ഒഴുകികൊണ്ടിരിക്കുകയാണ്. സിനിമ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ നിരവധി പേര്‍ എംടിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡിലെ ‘സ്മൃതിപഥം’ ശ്മാശാനത്തിലാണ് എംടിയുടെ സംസ്‌കാര ചടങ്ങുകള്‍.

പികെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എം.പിയും എംടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. സംവിധായകന്‍ ഹരിഹരന്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, വിനീത്, ജോയ് മാത്യു എന്നിവരും, എഴുത്തുകാരായ പി.കെ. പാറക്കടവ്, കല്‍പറ്റ നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെആര്‍ മീര, സാറ ജോസഫ്, ടി പത്മനാഭന്‍, യു.കെ. കുമാരന്‍, എം.എം. ബഷീര്‍, കെ.പി. സുധീര, പി.ആര്‍. നാഥന്‍, കെ.സി. നാരായണന്‍, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള തുടങ്ങിയവരും സിതാരയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

മരണാന്തര ചടങ്ങുകള്‍ സംബന്ധിച്ച് നേരത്തെ തന്നെ എംടി കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം വീട്ടില്‍ ഹൈന്ദചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയതിന് ശേഷം നാല് മണിയോടെയാണ് മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ടുവരിക. വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ആംബുലസിലാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം അഞ്ച് മണിയോടെയാവും സംസ്‌കാരം നടക്കുക.

Continue Reading

Trending