മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മേയര്‍ സ്ഥാനം ബിജെപി സ്വന്തമാക്കാതിരിക്കുന്നതിന് കോണ്‍ഗ്രസിന്റെ സഹായം തേടി ശിവസേന പടയൊരുക്കം ആരംഭിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മുംബൈ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസിന്റെ സഹായം തേടിയതായി ശിവസേന അറിയിച്ചു.
ഭൂരിപക്ഷം തികക്കുന്നതിന് 114 പേരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിയുമായി പിരിഞ്ഞ് ഒറ്റക്ക് മത്സരിച്ച ശിവസേനക്ക് 84 സീറ്റാണ് ലഭിച്ചത്. 227 അംഗ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ബിജെപിക്ക് 82 സീറ്റും കോണ്‍ഗ്രസിന് 31 സീറ്റുമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ രണ്ടു പേര്‍ പിന്തുണ നല്‍കിയെങ്കിലും അംഗബലം 86 മാത്രമാണ്. ഇനിയും 28 പേരുടെ പിന്തുണ കൂടി വേണം. കോണ്‍ഗ്രസിനെ കൂടാതെ ഭൂരിപക്ഷം തികക്കുന്നതിന് രാജ് താക്കറേയുടെ എംഎന്‍എസിന്റെ പിന്തുണയും ശിവസേന തേടിയിട്ടുണ്ട്. രാജ്താക്കറെയുടെ പാര്‍ട്ടിക്ക് 14 സീറ്റാണുള്ളത്.
അതേസമയം പിണക്കം മറന്ന് ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കണമെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശം ശിവസേന തള്ളി. എന്നാല്‍ ശിവസേനയെ പിന്തുണക്കുന്നതിന് കോണ്‍ഗ്രസിനും പ്രായോഗികമായ പ്രശ്‌നങ്ങളുണ്ട്. തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനയെ മുംബൈയില്‍ പിന്തുണച്ചാല്‍ പാര്‍ട്ടിയെ അത് രാജ്യവ്യാപകമായി ബാധിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.