പി. ഇസ്മായില്‍ വയനാട്
കല്‍ക്കരി ക്ഷാമത്തെതുടര്‍ന്ന് രാജ്യം ഏത് നിമിഷവും ഇരുട്ടിലേക്ക് നീങ്ങുമെന്ന അവസ്ഥയിലാണ്. പഞ്ചാബ്, ബീഹാര്‍, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദിവസവും 5 മുതല്‍ 14 മണിക്കൂര്‍ വരെ തുടരുന്ന ലോഡ്‌ഷെഡിങ് നിലവില്‍വന്നുകഴിഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ 2.3 ശതമാനം മുതല്‍ 14.7 ശതമാനം വരെ വൈദ്യുതി ലഭ്യത കുറവാണ് നേരിടുന്നത്. ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. പല സംസ്ഥാനങ്ങളും പവര്‍ എക്‌സേഞ്ചുകളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ട ഗതികേടിലാണ്. ആന്ധ്രയും പഞ്ചാബും മൂന്നിരട്ടി വില നല്‍കി യൂണിറ്റിന് 15 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയെ ആശ്രയിച്ചു കഴിയുന്ന കേരളത്തിനും പ്രതിസന്ധി തിരിച്ചടിയായിമാറും. കേരളത്തില്‍ പ്രതിദിനം 3800 മെഗാവാട്ട് വൈദ്യുതി ആവശ്യമാണ്. 1600 മെഗാവാട്ടിന്റെ ഉത്പാദനം മാത്രമാണ് നടക്കുന്നത്. ദിവസവും വാങ്ങേണ്ട 2200 മെഗാവാട്ടില്‍ 900 മെഗാവാട്ടിന്റെ കുറവ് അനുഭവിക്കുന്നതിനാല്‍ കേരളവും പവര്‍കട്ടിന്റെ ആലോചനയിലാണ്.
ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉത്പാദനത്തില്‍ കാറ്റ്, ജലവൈദ്യുതി, ഗ്യാസ്, ലിഗ്‌നൈറ്റ്, ആണവോര്‍ജം, ഡീസല്‍ എന്നിവ മുഖാന്തരം 48 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കല്‍ക്കരി ഉപയോഗിച്ച് 52 ശതമാനം ഉത്പാദനം നടത്താന്‍ കഴിയുന്നത്‌കൊണ്ടാണ് രാജ്യത്ത് വെളിച്ചം തെളിയുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉത്പാദിപ്പിക്കുന്ന നാലാമത്തെ രാഷ്ട്രമാണ് ഭാരതം. കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതില്‍ രണ്ടാം സ്ഥാനത്തുമാണ്. 135 താപ നിലയങ്ങളില്‍ 14,875 മെഗാവാട്ട് ശേഷിയുള്ള 20 നിലയങ്ങള്‍ കല്‍ക്കരി ക്ഷാമം മൂലം ഇതിനകം അടച്ചുപൂട്ടി. 21,325 മെഗാവാട്ട് ഊര്‍ജശേഷിയുള്ള 17 നിലയങ്ങള്‍ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ്. 110 താപനിലയങ്ങളിലും ആവശ്യമായ കല്‍ക്കരിയുടെ കരുതല്‍ ശേഖരമില്ല.
കോവിഡിന്റെ രണ്ടാം വ്യാപനത്തിനുശേഷം വ്യാവസായിക മേഖലയില്‍ ഉണ്ടായ പുത്തന്‍ ഉണര്‍വ് മുന്‍കൂട്ടി കാണുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ ദീര്‍ഘവീക്ഷണ കുറവാണ് ഊര്‍ജ പ്രതിസന്ധി ക്ഷണിച്ചുവരുത്തിയത്. 2019 ഓഗസ്റ്റ്-സെപ്തംബറില്‍ വൈദ്യുതി ഉപയോഗം 10,660 കോടി യൂണിറ്റായിരുന്നു. ഈ വര്‍ഷം അത് 12,400 കോടി യൂണിറ്റായി ഉയര്‍ന്നു. ഇത് മുന്‍കൂട്ടിക്കണ്ട് ഉത്പാദനത്തോടൊപ്പം കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതില്‍ വന്ന പാളിച്ചയാണ് ക്ഷാമമുണ്ടാക്കിയത്. കാലവര്‍ഷത്തിലും ഗുലാബിലും കുറ്റം ചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഓരോ താപനിലയത്തിലും14 ദിവസത്തേക്കുള്ള കല്‍ക്കരി കരുതി വെക്കണമെന്ന സെന്‍ട്രല്‍ ഇലക്ട്രിക്കല്‍ അതോറിറ്റിയുടെ ചട്ടം കാറ്റില്‍പറത്തിയ കാര്യത്തില്‍ കുറ്റകരമായ മൗനം പുലര്‍ത്തുകയാണ്. മുമ്പ് 45 ദിവസത്തേക്ക് സ്റ്റോക്ക് ഉണ്ടായിരിക്കണമെന്നായിരുന്നു ചട്ടം. സ്വകാര്യ ഖനനത്തിന് അനുമതി നല്‍കിയപ്പോള്‍ 14 ദിവസമായി ചുരുക്കുകയായിരുന്നു. പുതിയ കല്‍ക്കരി ഖനികള്‍ തുറക്കുന്നതിലും ഖനനം വ്യാപിപ്പിക്കുന്നതിലും മോദി സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാണിച്ചിട്ടില്ല. അദാനി, ജിന്‍ഡാല്‍ തുടങ്ങിയ സ്വകാര്യ സംരംഭകകര്‍ക്ക് തീറെഴുതി കൊടുത്ത 41 ഓളം കല്‍ക്കരി പാടങ്ങളില്‍നിന്നും ശേഖരിച്ച കല്‍ക്കരി മറിച്ചു വില്‍പന നടത്തിയതും തിരിച്ചടിയായിട്ടുണ്ട്. ഇറക്കുമതി കല്‍ക്കരിയെ ആശ്രയിച്ചിരുന്ന താപനിലയങ്ങള്‍ ആഗോള തലത്തിലുണ്ടായ വിലക്കയറ്റത്തെതുടര്‍ന്ന് തദ്ദേശീയ ഖനനത്തെ ആശ്രയിക്കാന്‍ തുടങ്ങിയതും കണക്കുകൂട്ടല്‍ തെറ്റിച്ചു. ഓസ്ട്രലിയ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാഷ്ട്രങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും കല്‍ക്കരി ഇറക്കുമതി ചെയ്യാറുള്ളത്. 2020 ഓഗസ്റ്റില്‍ ഒരു ടണ്‍ കല്‍ക്കരിക്ക് 50 ഡോളര്‍ വിലയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 200 ഡോളര്‍ കൊടുക്കണം. ഇറക്കുമതി കൂട്ടി പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം കാരണം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് സാധ്യമല്ല.
ഇന്ത്യയില്‍ ഒരു തരത്തിലുള്ള ഊര്‍ജ്ജ പ്രതിസന്ധിയും നിലവിലില്ലെന്നും കല്‍ക്കരി ക്ഷാമം എന്നത് വ്യാജ പ്രചാരണമാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഷ്യം. വാക്‌സിന്‍, ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തിലും സര്‍ക്കാര്‍ ഇതേ രീതിയിലാണ് സംസാരിച്ചത്. പ്രാണ വായു കിട്ടാതെ അനേകം പേര്‍ പിടഞ്ഞുമരിക്കുന്ന ദുരന്തത്തിനാണ് പിന്നീട് രാജ്യം സാക്ഷിയായത്. കല്‍ക്കരി ക്ഷാമം ഇല്ലെന്ന് ഭരണകൂടം പറയുമ്പോഴും പ്രധാനമന്ത്രി കാര്യാലയം വിഷയത്തില്‍ ഇടപെട്ടും ആഭ്യന്തര മന്ത്രി അമിത് ഷാ കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയെയും ഊര്‍ജ മന്ത്രി ആര്‍.കെ സിങ്ങിനെയും വിളിപ്പിച്ച് ചര്‍ച്ച ചെയ്തതിലൂടെയും പ്രതിസന്ധിയുടെ ആഴം ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റും. ബി.ജെ.പി ഭരണം കയ്യാളുന്ന സംസ്ഥാനങ്ങള്‍ എങ്ങിനെയാണ് പവര്‍കട്ടിലേക്ക് നീങ്ങിയതെന്നും അവിടങ്ങളില്‍ താപനിലയങ്ങള്‍ എന്തിന് അടച്ചുപൂട്ടിയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം നല്‍കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. ഉത്പാദനം കൂട്ടി ഊര്‍ജ്ജ പ്രതിസന്ധി മറികടക്കുമെന്ന അവകാശവാദം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് കഴിയാതെവന്നാല്‍ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതം താളം തെറ്റും. പെട്രോളിയം, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഇന്ധനത്തിന്റെ വില വര്‍ധനകൊണ്ട്തന്നെ ഭക്ഷ്യ വസ്തുക്കള്‍ടക്കം തൊട്ടാല്‍ കൈപൊള്ളുന്ന സ്ഥിതിയാണുള്ളത്. വൈദ്യുതിയുടെ നിരക്ക് വര്‍ധന കൂടി സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മക്കും ഏകോപനക്കുറവിനും ജനം ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ല. നിലവിലെ പ്രതിസന്ധി ആറു മാസം വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഊര്‍ജ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആറ് മാസം ഇന്ത്യക്ക് ആര് ഊര്‍ജ്ജം പകരുമെന്നും ആര് ഇരുട്ടില്‍ നിന്ന് രക്ഷിക്കുമെന്നുള്ള ചോദ്യങ്ങള്‍ക്ക്കൂടി കേന്ദ്രം മറുപടി പറയേണ്ടതുണ്ട്.