Connect with us

More

നയം വിഴുങ്ങുമ്പോള്‍ ആര്‍ക്കാണ് നഷ്ടം

EDITORIAL

Published

on

വിദേശ സര്‍വകലാശാലകളെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു ശപഥം ചെയ്ത അതേ ഇടതുപക്ഷം ഇപ്പോള്‍ സര്‍വകലാശാലകള്‍ക്കു സ്വാഗതമോതുന്ന കൗതുകകരമായ കാഴ്ച്ചകണ്ട് അമ്പരന്നു നില്‍ക്കുകയാണ് വര്‍ത്തമാന കേരളം. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ വിദേശ സര്‍വകലാശാലക്കെതിരെ നടപടി സ്വീകരിച്ച പിണറായി വിജയന്‍ തന്നെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് തന്റെ പഴയ നിലപാട് ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് വിദേശ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നപ്പോള്‍ സി.പി.എം ഉയര്‍ത്തിയിട്ടുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും സാംസ്‌കാരിക കേരളം തന്നെ എക്കാലവും തലതാഴ്ത്തിപ്പോകുന്ന തരത്തിലുള്ളതായിരുന്നു. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറുമാന്തിക്കുന്ന കണക്കെ പാര്‍ട്ടി എസ്.എഫ്.ഐയെ ഇളക്കിവിട്ടപ്പോള്‍ ആ അക്രമിസംഘം കാണിച്ചിട്ടുള്ള നെറികോടുകള്‍ എന്തുമാത്രം പ്രത്യാഘാതം സൃഷ്ടിക്കുന്നതായിരുന്നുവെന്ന് പിന്നീട് പാര്‍ട്ടിക്കുതന്നെ ബോധ്യം വന്നിട്ടുള്ളതാണ്. തങ്ങള്‍ പ്രതിനിധീകരിക്കുന്നതുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ശോഭനമായ ഭാവിക്കുവേണ്ടിയുള്ള ഉജ്വലമായൊരു കാല്‍വെപ്പാണ് വിദേശ സര്‍വകലാശാലകളുടെ സ്ഥാപനമെന്നു തിരിച്ചറിയാന്‍ പോലും സാധിക്കാതെ ക ഥയറിയാതെ ആട്ടം കാണുകയായിരുന്നു അന്നത്തെ എസ്.എഫ്.ഐ നേത്യത്വം. ഒന്നരപ്പതിറ്റാണ്ടുകള്‍ക്കിപ്പുറത്തു നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഹ്യദയം കല്ലായിപ്പോയിട്ടില്ലാതെ ഏതൊരു എസ്.എഫ്.ഐക്കാരനും മനസാക്ഷിക്കുത്തുകൊണ്ട് തലയുയര്‍ത്താന്‍ കഴിയില്ലെന്നുറപ്പാണ്. 2016 ജനുവരി 26ന് ആഗോള വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി ശ്രീനിവാസനെ ചെകിട്ടത്തടിച്ച് നടുറോഡില്‍ തള്ളിയിട്ടതുവരെ അന്നത്തെ എസ്.എഫ്.ഐയുടെ ചെയ്തികളില്‍ പെട്ടതായിരുന്നു. സമൂഹത്തില്‍ ഒറ്റപ്പെടുമെന്നുറപ്പുള്ളതിനാല്‍ മാതൃസംഘടനയായ സി.പി.എമ്മി ന് ഈ കിരാത നടപടിയെ തള്ളിപ്പറയേണ്ടിവന്നെങ്കിലും സംഘടനാ ചരിത്രത്തിലെ വലിയപോരാട്ട നിമിഷമായാണ് എസ്.എഫ്.ഐ അതിനെ വിലയിരുത്തിയിട്ടുള്ളത്.

വിദേശ സര്‍വകലാശാലക്ക് അനുമതി നല്‍കാനുള്ള മാര്‍ഗനര്‍ദേശങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷം യു.ജി.സി പുറപ്പെടുവിച്ചപ്പോള്‍ പോലും സി.പി.എമ്മോ ഇടതുപക്ഷമോ തങ്ങളുടെ മുന്‍നിലപാടില്‍ നിന്ന് വ്യതിജലിക്കാന്‍ തയാറായിരുന്നില്ല. പ്രസ്തുത നയം രാജ്യത്തിന്റെ മൊത്തത്തിലുള്ള വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുമെന്നായിരുന്നു പാര്‍ട്ടി പോളിറ്റ്ബ്യൂറോയുടെ അസന്നിഗ്ധമായ പ്രഖ്യാപനം. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് രാജ്യത്ത് വിദേശ സര്‍വകലാശാലക്ക് അനുമതി നല്‍കണമെന്ന അഭിപ്രായമുയര്‍ന്നപ്പോള്‍ അതിനെ രാഷ്ട്രീയ ആയുധമാക്കി വലിയ സമരകോലാഹലങ്ങള്‍ക്ക് വഴിയൊരുക്കി എന്നുമാത്രമല്ല കേരളത്തിലെ വി.എസ് സര്‍ക്കാര്‍ പാര്‍ട്ടി നയം സഭാരേഖകളില്‍വരെ തിരുകിക്കയറ്റുകയുണ്ടായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥായിരുന്നു വിഷയം സഭയില്‍ ഉന്നയിച്ചത്. ‘തനതു നയത്തിന്റെ കടകവിരുദ്ധമായ സമി പനമാണ് വിദേശ സര്‍വകലാശാലകളുടെ വരവ്. അവിശ്വസനീയമെന്നോ വിചിത്രമെന്നോ ഇതിനെ പറയാന്‍ സാധിക്കുകയുള്ളൂ. രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ചും ബൗദ്ധിക മികവിനെക്കുറിച്ചും അറിയാത്തതാണ് ഈ തെറ്റായ നീക്കത്തിനു കാരണമെന്നു’ കരുതുന്നു എന്നായിരുന്നു രവിന്ദ്രനാഥിന്റെ വാക്കുകള്‍. ‘വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയിലെ സര്‍വകലാശാലകളുടെയും വളര്‍ച്ചക്ക് ഒട്ടും സ്വീകാര്യമല്ല’ എന്നായിരുന്നു പോളിറ്റ്ബ്യൂറോ അംഗം കൂടിയായിരുന്ന എം.എ ബേബിയുടെ അന്നത്തെ അഭിപ്രായ പ്രകടനം.

ഇടതുപക്ഷത്തിന്റെ നയം മാറ്റമോ പിണറായി വിജയന്റെ ഇരട്ടത്താപ്പോ അല്ല, വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട കാല്‍ നൂറ്റാണ്ട് രാജ്യത്തിനും കേരളത്തിനും നഷ്ടപ്പെട്ടു എന്നതാണ് ഇവിടുത്തെ കാതലായ വിഷയം. 2010 ല്‍ യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആശയത്തെ ബി.ജെ.പിയും സി.പി.എമ്മും ഒറ്റക്കെട്ടായാണ് എതിര്‍ത്തുതോല്‍പ്പിച്ചത്. വിദേശത്തേക്കുള്ള സാമ്പത്തിക ഒഴുക്കിന് തടയിടുക, വിദ്യാഭ്യാസ രംഗത്ത് ഉന്നത സൗകര്യങ്ങള്‍ രാജ്യത്ത് ഒരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് യു.പി.എയും യു.ഡി.എഫും വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇക്കാര്യം ബോധ്യപ്പെ ടാന്‍ ബി.ജെ.പി 2020 വരെയാണ് കാത്തിരുന്നതെങ്കില്‍ പിന്നെയും അഞ്ചുകൊല്ലം കഴിഞ്ഞാണ് സി.പി.എമ്മിനും ഇടതുപക്ഷത്തിനും ബോധോദയമുണ്ടാകുന്നത്. പക്ഷേ അപ്പോഴേക്കും രാജ്യത്തിനും സംസ്ഥാനത്തിനും സംഭവിച്ചിട്ടുള്ള നഷ്ടങ്ങളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്. 2023 ല്‍ മാത്രം എട്ടര ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷംകോടിയോളം രൂപയുമാണ് വിദ്യാഭ്യാസത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളിലേക്ക് ഒഴുകിയിരിക്കുന്നത്. ചരിത്രപരമായ മണ്ടത്തരങ്ങളുടെ ആവര്‍ത്തനം സി.പി.എമ്മിന്റെ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും അതിന് ഒരു ജനത കൊടുക്കേണ്ടിവരുന്ന വില സമാനതകളില്ലാത്തതാണെന്നതാണ് ഏറ്റവും ഗൗരവതരമായ വസ്തുത.

 

Literature

ലാറ്റിനമേരിക്കന്‍ സാഹിത്യത്തകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു

ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്‍ണായക വ്യക്തികളില്‍ ഒരാളായ പെറുവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ് ലോസ (89) അന്തരിച്ചു.

Published

on

ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്‍ണായക വ്യക്തികളില്‍ ഒരാളായ പെറുവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ് ലോസ (89) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ അല്‍വാരോ, ഗോണ്‍സാലോ, മോര്‍ഗന വര്‍ഗാസ് ലോസ എന്നിവരുടെ പ്രസ്താവനയിലാണ് ഞായറാഴ്ച അദ്ദേഹത്തിന്റെ മരണം അറിയിച്ചത്.

50 വര്‍ഷത്തിലേറെ നീണ്ട ഒരു കരിയറില്‍, ദ ടൈം ഓഫ് ദി ഹീറോ, കത്തീഡ്രലില്‍ സംഭാഷണം, ആടിന്റെ വിരുന്ന് എന്നിവയുള്‍പ്പെടെ നിരവധി നോവലുകളില്‍ വര്‍ഗാസ് ലോസ അധികാരവും അഴിമതിയും രേഖപ്പെടുത്തി. തന്റെ ഫിക്ഷന്‍ പോലെ വര്‍ണ്ണാഭമായ ഒരു ജീവിതം നയിച്ചുകൊണ്ട്, വര്‍ഗാസ് ലോസ പെറുവിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരാജയപ്പെട്ട ഒരു ശ്രമവും ആരംഭിച്ചു, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസുമായുള്ള ദീര്‍ഘകാല വൈരാഗ്യം പരിഹരിച്ച് 2010-ല്‍ നോബല്‍ സമ്മാന ജേതാവായി വിജയിച്ചു.

1936-ല്‍ അരെക്വിപയില്‍ ജനിച്ച വര്‍ഗാസ് 15 വയസ്സുള്ളപ്പോള്‍ ഒരു ക്രൈം റിപ്പോര്‍ട്ടറായി ജോലി ചെയ്യാന്‍ തുടങ്ങി. 1958-ല്‍ പാരീസിലേക്കുള്ള ഒരു യാത്ര, മാഡ്രിഡ്, ബാഴ്സലോണ, ലണ്ടന്‍ എന്നിവിടങ്ങളിലും ഫ്രഞ്ച് തലസ്ഥാനത്തും താമസിക്കുന്ന വിദേശ 16 വര്‍ഷത്തെ തുടക്കമായിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തകനായും പ്രക്ഷേപകനായും അദ്ധ്യാപകനായും ജോലി ചെയ്യുമ്പോള്‍, വര്‍ഗാസ് ലോസ തന്റെ ജന്മനാട്ടിലേക്ക് ഫിക്ഷനായി മടങ്ങാന്‍ തുടങ്ങി.

1963-ല്‍ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ദി ടൈം ഓഫ് ദി ഹീറോ സ്‌പെയിനില്‍ പ്രസിദ്ധീകരിച്ചു.

ജൂലിയോ കോര്‍ട്ടസാര്‍, കാര്‍ലോസ് ഫ്യൂന്റസ്, മാര്‍ക്വേസ് തുടങ്ങിയ എഴുത്തുകാര്‍ക്കൊപ്പം ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കുതിച്ചുചാട്ടത്തിന്റെ കേന്ദ്രബിന്ദുവായി വര്‍ഗാസ് ലോസ സ്വയം കണ്ടെത്തി.

 

Continue Reading

india

വഖഫ് നിയമഭേദഗതി: മുർഷിദാബാദിൽ സ്ഥിതി രൂക്ഷം; അർധസൈനിക വിഭാഗത്തെ വിന്യസിച്ചു

Published

on

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ വഖഫ് പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. സമരങ്ങളുടെ പശ്ചാതലത്തിൽ മുർഷിദാബാദിൽ അർധസൈനിക വിഭാഗത്തേയും വിന്യസിച്ചു. സൈന്യം ശനിയാഴ്ച രാത്രി പട്രോളിങ് നടത്തി. പശ്ചിമ ബംഗാളിലെ ചില ജില്ലകളിലെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്ഥലത്തെ തുടർ സാഹചര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിഷേധത്തിൽ ഇതുവരെ മൂന്ന് പേ‍‍ർ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. മുർഷിദാബാദിന് പുറമെ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനാസ് തുടങ്ങിയ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുർഷിദാബാദിലാണ് വ്യാപക സംഘർഷമുണ്ടായത്.

Continue Reading

kerala

ഞങ്ങള്‍ ഒരു ഭീഷണിയേയും ഭയക്കുന്നില്ല; രാഹുലിനെ സംരക്ഷിക്കാനുള്ള സംവിധാനം യുഡിഎഫിനുണ്ട്: വിഡി സതീശന്‍

Published

on

ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ബി.ജെ.പിക്കാരനും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ട. പാലക്കാട്ടെ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

രാഹുല്‍ പാലക്കാടും ഇറങ്ങും കേരളത്തിന്റെ എല്ലാ ഭാഗത്തും പോകുകയും ചെയ്യും. ഭീഷണിപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ രീതിയാണ്. അത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസുകാരെയും സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. ഒരു ബി.ജെ.പിക്കാരും ഭയപ്പെടുത്താന്‍ വരേണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഫറൂഖ് മാനേജ്‌മെന്റ് നല്‍കിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്.

മെയ് 19 ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ മെയ് 29 വരെയാണ് സ്‌റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. ട്രിബ്യൂണലില്‍ നിന്നും നീതിപൂര്‍വകമായ വിധിയുണ്ടാകുമെന്നാണ് മുനമ്പത്തെ ജനത കരുതിയിരുന്നത്. ആ ട്രിബ്യൂണലിനെക്കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡ് ശ്രമിച്ചത്.

വഖഫ് മന്ത്രിയുടെ കൂടി അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. മുനമ്പത്തെ ജനങ്ങള്‍ക്ക് കിട്ടേണ്ട നീതി സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുക്കുകയാണ്. എന്തിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

Continue Reading

Trending