X

ഏല്‍ക്കേണ്ടി വന്നത് കണ്ണീര്‍വാതകവും ജലപീരങ്കിയും; എന്നിട്ടും പൊലീസിന് വെള്ളവും ഭക്ഷണവും നല്‍കി കര്‍ഷകര്‍!

ന്യൂഡല്‍ഹി: രാജ്യത്തെ ഊട്ടുക എന്നതാണ് കര്‍ഷകരുടെ അടിസ്ഥാന ദൗത്യം. ആ ദൗത്യം പ്രതിഷേധച്ചൂടിലും അവര്‍ മറന്നില്ല. തങ്ങളെ കണ്ണീര്‍വാതകവും ജലപീരങ്കിയും കൊണ്ട് നേരിട്ട പൊലീസിന് കര്‍ഷകര്‍ നല്‍കിയത് കുടിവെള്ളവും ഭക്ഷണവും!.

ഹരിയാനയിലെ പ്രതിഷേധത്തില്‍ നിന്നാണ് ഈ മനോഹരമായ കാഴ്ച. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഒരു കൂട്ടം പൊലീസുകാര്‍ വരി നിന്ന് കര്‍ഷകര്‍ നല്‍കുന്ന ഭക്ഷണം വാങ്ങുന്നതാണ് ചിത്രം. യൂണിഫോമില്‍ ചിരിച്ചു കൊണ്ടാണ് അവര്‍ ഭക്ഷണം വാങ്ങി മടങ്ങിപ്പോകുന്നത്.

മറ്റൊരു ചിത്രത്തില്‍ കര്‍ഷകരുടെ ട്രക്കില്‍ നിന്ന് പൊലീസുകാര്‍ വെള്ളം കുടിക്കുന്നതായും കാണാം.

ഏതായാലും കര്‍ഷക പ്രതിഷേധത്തിനു മുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ മുട്ടുമടക്കി. ഏതാനും ദിവസം പൊലീസിനെ ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പിന് ശേഷമാണ് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയത്. ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനാണ് അനുമതി നല്‍കിയത്.

ഉത്തര്‍പ്രദേശ്, ഹരിനായ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ ഈയിടെ പാസാക്കിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്നാണ് ഇവരുടെ ആവശ്യം.

Test User: