ടി ഷാഹുല്‍ ഹമീദ്
ആണ്‍കുട്ടികള്‍ ആസ്തികളായും പെണ്‍കുട്ടികള്‍ ബാധ്യതയുമായി കണക്കാക്കുന്ന സമൂഹത്തിനുമുമ്പില്‍ പെണ്‍കുട്ടികളെ വളര്‍ത്തേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്. ‘നമ്മുടെ സമയം സമാഗതമായിരിക്കുന്നു അവകാശത്തിന്റെയും ഭാവിയുടെതും’ എന്നാണ് 2022ലെ ബാലികാദിനത്തിന്റെ സന്ദേശം.
ബാലികാദിനം ആരംഭിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോഴും ആണ്‍കുട്ടികളെപ്പോലെ സാമ്പത്തിക പുരോഗതി പെണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കുക എന്ന ലക്ഷ്യം പൂര്‍ണമായും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. അവകാശം, സുരക്ഷിതത്വം, വിദ്യാഭ്യാസം എന്നീ മൂന്ന് തൂണുകളില്‍ ലോകത്തെ പെണ്‍കുട്ടികളുടെ പുരോഗതി അളക്കാന്‍ സാധിക്കുമെങ്കിലും പെണ്‍കുട്ടികള്‍ ജനിക്കുന്നില്ല എന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വലിയ സാമൂഹ്യ പ്രശ്‌നമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച സങ്കീര്‍ണതകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് പെണ്‍കുട്ടികളെയാണ്. 10 ലക്ഷത്തോളം കുട്ടികള്‍ ലോകത്ത് പ്രതിവര്‍ഷം ശൈശവ വിവാഹത്തിന് വിധേയമാകുന്നു. ലൈംഗിക അതിക്രമണത്തിന് വിധേയമാകുന്നതില്‍ 72 ശതമാനം പെണ്‍കുട്ടികളാണ്. 60 ശതമാനം രാജ്യങ്ങളിലും പിന്തുടര്‍ച്ചാവകാശത്തില്‍ ആണ്‍ പെണ്‍ വ്യത്യാസം നിഴലിച്ചു നില്‍ക്കുന്നുണ്ട്. പഠന പ്രയാസം കൂടുതല്‍ അനുഭവിക്കുന്നത് പെണ്‍കുട്ടികളിലാണ്. ലോകത്ത് 15 വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള 13 ദശലക്ഷം പെണ്‍കുട്ടികള്‍ നിര്‍ബന്ധിത ലൈംഗിക അതിക്രമണത്തിന് വിധേയമാകുന്നു. ആകെയുള്ള എച്ച്.ഐ.വി ബാധിതരില്‍ ഒരു ലക്ഷം പേര്‍ കൗമാര പ്രായക്കാരായ പെണ്‍കുട്ടികളാണ്. വെള്ളം ഇല്ലാതാകുന്നത് പോലെയാണ് പെണ്‍കുട്ടികള്‍ ഇല്ലാതായാല്‍ സംഭവിക്കുക, കോവിഡ് 19ന് ശേഷം 11 ദശലക്ഷം പെണ്‍കുട്ടികള്‍ സ്‌കൂളിലേക്ക് തിരിച്ചെത്തിയിട്ടില്ല. യുണിസെഫിന്റെ 2021ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 4.4 ദശലക്ഷം കുട്ടികള്‍ വ്യത്യസ്ത രീതിയില്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതില്‍ 53 ശതമാനവും പെണ്‍കുട്ടികളാണ്. 46,000 കുട്ടികള്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നു. ഓരോ 11 മിനിറ്റിലും ഒരു കുട്ടി ആത്മഹത്യചെയ്യുന്നു. ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ അവികസിത രാജ്യങ്ങളില്‍ 34 ശതമാനം യുവജനങ്ങള്‍ക്കും നെറ്റ് കണക്ഷന്‍ ലഭിക്കുന്നില്ല.
കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക്‌വേണ്ടി നിക്ഷേപിക്കുക എന്ന മുദ്രാവാക്യം ലോകത്താകമാനം ഉയര്‍ന്നുവരുന്നു. ശൈശവ വിവാഹവും കൗമാരത്തിലെ അമ്മമാരാകലും ദാരിദ്ര്യവും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ കഴിയാത്തതും വിവിധ രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നങ്ങളാണ്. വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളില്‍ മുന്നില്‍ ഒന്നും 18 വയസ്സ് ആകുന്നതിന് മുന്‍പേ കല്യാണം കഴിക്കുന്നു. പ്രതിദിനം 800 പെണ്‍കുട്ടികള്‍ ഗര്‍ഭകാലം മുതല്‍ പ്രസവ സമയത്തിനിടയില്‍ മരണപ്പെടുന്നു. 1970ല്‍ ലോകത്ത് 61 ദശലക്ഷം പെണ്‍കുട്ടികളാണ് കാണാതായത് എങ്കില്‍ 2020 ല്‍ 142 ദശലക്ഷമായി വര്‍ധിച്ചു. അമര്‍ത്യാസെന്‍ 1990 ല്‍ ഏഷ്യയില്‍ മാത്രം 100 ദശ ലക്ഷം പെണ്‍ കുട്ടികള്‍ ജനന സമയത്ത് കാണാതാവുന്നതിനെ കുറിച്ച് ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അവസ്ഥക്ക് മാറ്റം ഉണ്ടായിട്ടില്ല. ലോക ജനസംഖ്യ റിപ്പോര്‍ട്ട് 2022 പ്രകാരം ലോകത്ത് 50 ശതമാനം ഗര്‍ഭധാരണവും താല്‍പര്യമില്ലാതെയാണ് സംഭവിക്കുന്നത് ഇതില്‍ 60 ശതമാനം ഗര്‍ഭഛിദ്രത്തിലാണ് എത്തിച്ചേരുന്നത്. നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമ്പോള്‍ ലോകത്തെ 61 രാജ്യങ്ങളില്‍ സ്ത്രീകളുടെ പ്രത്യുല്‍പാദനശേഷി 2.1ല്‍ നിന്നും ഒരു ശതമാനമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. കുട്ടിക്കാലം മാറുന്നതിന് മുമ്പായി ലോകത്ത് 50 ശതമാനം പെണ്‍ കുട്ടികളും അമ്മമാര്‍ ആകുന്നു. ബംഗ്ലാദേശ്, ഇന്തോനേഷ്യ, കാമറൂണ്‍, നൈജര്‍ എന്നീ രാജ്യങ്ങളില്‍ അഞ്ചില്‍ ഒന്ന് പ്രസവവും 18 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. യു.എന്‍ എഫ്.ബി റിപ്പോര്‍ട്ട് പ്രകാരം കുട്ടികള്‍ അമ്മമാര്‍ ആകുന്ന പ്രതിഭാസം ഇല്ലാതാക്കാന്‍ ഇനിയും ലോകം 160 വര്‍ഷം കാത്തിരിക്കേണ്ടിവരും. 2021ലെ യൂണിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യം, നീതി, പോഷകാഹാരം, സുരക്ഷ എന്നീ മേഖലകളില്‍ 129 രാജ്യങ്ങളിലായി 4.4 ദശലക്ഷം കുട്ടികള്‍ പ്രശ്‌നം നേരിടുന്നു. അതില്‍ 53 ശതമാനം പെണ്‍കുട്ടികളാണ്. മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന മാനസികാരോഗ്യ വൈകല്യങ്ങളില്‍ 50 ശതമാനം 14ാം വയസ്സില്‍ തന്നെ ആരംഭിക്കുമെന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. വൈകാരികമായും ശാരീരികമായും ദുര്‍ബലമായതിനാല്‍ പെട്ടെന്ന് രോഗബാധിതരാകാന്‍ സാധ്യതയുള്ളവരാണ് കൗമാരപ്രായക്കാര്‍.
ഒരു പ്രവര്‍ത്തനത്തില്‍ നിന്നും മറ്റൊരു പ്രവര്‍ത്തനത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കൗമാരപ്രായക്കാരുടെ ശരീരഭാരത്തെയും രൂപത്തെയും കുറിച്ച് അനാവശ്യ ചിന്തകള്‍ വിഷമതകള്‍ ഉണ്ടാക്കുകയും അനോറെക്‌സിയാ (ബുളിമിയ) പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സൈബര്‍ ലോകത്തേക്കുള്ള ആസക്തി എന്നെന്നും കൗമാരപ്രായക്കാര്‍ക്ക് പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിലേക്ക് വഴുതിവീഴും എന്നാണ്് മുന്നറിയിപ്പ.് കോവിഡ്19, 1.5 ദശലക്ഷം കുട്ടികളെ അനാഥരാക്കി. 100 ദശലക്ഷം കുട്ടികള്‍ ലോകത്ത് അതി ദാരിദ്ര്യം നേരിടുന്നു. ലോകത്ത് 180 കോടിയോളം കുട്ടികള്‍ അക്രമണങ്ങള്‍ക്ക് നടുവിലുള്ള സാഹചര്യത്തില്‍ ജീവിക്കുന്നു. 1957 വരെ ലോകത്ത് ജനസംഖ്യയില്‍ സ്ത്രീകളായിരുന്നു കൂടുതലെങ്കില്‍ ഇപ്പോള്‍ 100 പെണ്‍കുട്ടികള്‍ക്ക് 107 ആണ്‍കുട്ടികള്‍ ആണുള്ളത്. ജനിക്കാനും വളരാനും വികസിക്കാനും പങ്കാളിത്തത്തിനും വേണ്ടി പെണ്‍കുട്ടികള്‍ വിവിധ രാജ്യങ്ങളില്‍ പ്രയാസപ്പെടുന്നു.
1961ല്‍ ഇന്ത്യയില്‍ 0 മുതല്‍ 15 വരെ പ്രായത്തിലുള്ള ജനസംഖ്യ ആകെ ജനസംഖ്യയുടെ 43 ശതമാനമാണെങ്കില്‍ 2021 ല്‍ അത് 27 ശതമാനമായി കുറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് 974 പെണ്‍കുട്ടികളാണ് കേരളത്തില്‍ ജനിക്കുന്നത്. ആകെ ജനസംഖ്യയില്‍ ആയിരം പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന നിരക്കിനേക്കാള്‍ വളരെ പിറകിലാണ്. ഉത്തരാഖാണ്ടില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 844 പെണ്‍കുട്ടികള്‍ മാത്രമേ ജനിക്കുന്നുള്ളൂ. കേരളത്തില്‍ ആറു വയസ്സു വരെയുള്ള കുട്ടികളുടെ എണ്ണം 2001ല്‍ 3793146 ആണെങ്കില്‍ 2011 ല്‍ അത് 3472955 ആയി കുറഞ്ഞു. മുതിര്‍ന്നവരില്‍ 1000 പുരുഷന്മാര്‍ക്ക് 1020 സ്ത്രീകള്‍ രാജ്യത്ത് ഉള്ളപ്പോള്‍ 0 മുതല്‍ 6 വയസ്സ് വരെയുള്ളവരില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 929 പെണ്‍കൂട്ടികളാണ് ഉള്ളത്.
റോയിട്ടറുടെ പഠന റിപ്പോര്‍ട്ട് പ്രകാരം പെണ്‍ ഭ്രൂണഹത്യ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിദിനം 2000 ലധികം ഭ്രൂണഹത്യ രാജ്യത്ത് നടക്കുന്നു. 14 വയസ്സുവരെ വിദ്യാഭ്യാസം സാര്‍വത്രികമായ ഇന്ത്യയില്‍ 39.4 ശതമാനം പെണ്‍കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരികാതെപോകുന്നു. 57 ശതമാനം പെണ്‍ കുട്ടികളും പതിനൊന്നാം ക്ലാസില്‍ എത്തുന്നതിനുമുമ്പ് പുറത്ത്‌പോകുന്നു. 2021ലെ ക്രൈം ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസില്‍ 12 വയസ്സ് മുതല്‍ പതിനാറു വയസ്സ് വരെ ഉള്ളതില്‍ 25814 കുട്ടികളെ ഇന്ത്യയില്‍ തട്ടിക്കൊണ്ടുപോയതില്‍ 21,389 എണ്ണവും പെണ്‍കുട്ടികള്‍ ആയിരുന്നു.1990 മുതല്‍ 2017 വരെ ലോകത്ത് 23.1 ദശലക്ഷം പെണ്‍കുട്ടികളെ ജനന സമയത്ത് കാണാതായിട്ടുണ്ട്, അതില്‍ പകുതിയും ഇന്ത്യയിലാണ്. ഇന്ത്യ, അസര്‍ബൈജാന്‍, ചൈന, അര്‍മേനിയ, വിയറ്റ്‌നാം, അല്‍ബേനിയ എന്നീ രാജ്യങ്ങളില്‍ വലിയ ലിംഗ വിവേചനം നിലനില്‍ക്കുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളില്‍നിന്ന് വധുവിനെ തേടി അയല്‍ സംസ്ഥാനങ്ങളില്‍ പോകുന്ന കാഴ്ച്ച ലോക ബാലിക ദിനത്തില്‍ നൊമ്പരമുണ്ടാകുന്നു. ഭ്രൂണാവസ്ഥയില്‍നിന്ന് തന്നെ പെണ്‍കുട്ടികള്‍ക്ക് വിവേചനം നേരിടുന്നു. നിയമങ്ങള്‍ ഉണ്ടെങ്കിലും ആധുനിക ശാസ്ത്ര പുരോഗതിയില്‍ അതൊക്കെ അപ്രസക്തമാകുന്നു.
ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാമൂഹിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കേണ്ട ദിനമാണ് ലോക ബാലിക ദിനം. സാമൂഹ്യ പ്രശ്‌നമായി പെണ്‍ കുട്ടികളുടെ ജനനത്തിനുള്ള ഇടിവ് വളര്‍ന്നു വന്നിട്ടുണ്ട് എന്ന് ഭരണാധികാരികള്‍ തിരിച്ചറിയേണ്ട ദിവസവും കൂടിയാണത്.