Cartoons
വഖഫ് ബോര്‍ഡും വഖഫ് സ്വത്തും അന്യാധീനപ്പെടുമ്പോള്‍
വ്യവസ്ഥാപിത സംവിധാനത്തോടെ പ്രത്യേക ബോര്‍ഡുകള്‍ രൂപീകരിച്ച് സംരക്ഷിച്ചു പോരുന്ന വഖഫ് സ്വത്തുക്കള്‍ അതിന്റെ കൃത്യമായ വിനിയോഗം നടക്കുകയാണെങ്കില്‍ രാജ്യത്തെ അതി ദാരിദ്രരായ മുസ്ലിം സമുദായത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ കഴിയും. വഖഫ് ബോര്‍ഡില്‍ കൈയ്യേറ്റങ്ങളും അന്യായ ഇടപെടലുകളും ഇല്ലെങ്കില്‍ മാസം പന്ത്രണ്ടായിരം കോടി രൂപയുടെ വരുമാനമുണ്ടാക്കാമെന്ന് വിലയിരുത്തപ്പെടുന്നു. അതാണെങ്കില്‍ ഭരണകൂടവും, ബോര്‍ഡിനെ ഭരിക്കുന്നവരും ഗൗരവത്തതിലെടുക്കാത്തത് കൊണ്ട് വഖഫ് സമ്പത്ത് കൊണ്ട് ഉണ്ടാകേണ്ട ലക്ഷ്യം നേടാനാവാതെ അതിന്റെ അവകാശികള്‍ അവശ സമൂഹമായി നില നില്‍ക്കുകയാണ്. ഗുണകരമായ നിലയില്‍ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ കേരള വഖഫ് ബോര്‍ഡ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിലായിരുന്നു. അവിടെയാണ് ഭരണകൂടം വിവേചനത്തിന്റെ വിഷമിറക്കുന്നത്.

യൂസഫ് മമ്മാലിക്കണ്ടി
ഭരിക്കുന്നവര്‍ തന്ത്രപരമായി കൊടുക്കുന്ന ഭൗതികമായ ആനുകൂല്യങ്ങള്‍ക്ക് പിറകെ പോകുന്നവര്‍ക്ക് വഖഫ് ബോര്‍ഡ് ആരു കൈയ്യടക്കിയാലും പ്രശ്നമില്ല. കേരളത്തിലെ വഖഫ് ബോര്‍ഡിലെ നിയമനം പി.എസ്.സി വഴി മുസ്ലിം സമുദായത്തിന് മാത്രം നല്കിയാലും മുസ്ലിംകളിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാവുകയുമില്ല. പിന്നെ എന്തുകൊണ്ട് ഒരു പൊതു പരീക്ഷ എഴുതി പ്രാപ്തി തെളിയിക്കുന്നവരെ നിയമിക്കുന്നതിനെ എതിര്‍ക്കുന്നു എന്ന ചോദ്യത്തിന് പക്ഷേ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണം മുതല്‍ പിണറായി വിജയന്റെ തുടര്‍ഭരണം വരെയുള്ള ഇടതു സര്‍ക്കാറുകളുടെ നിലപാടുകളുടെ അടിസ്ഥാനത്തില്‍ കേരളീയ മുസ്ലിംകള്ക്ക് കൃത്യമായ ഉത്തരമുണ്ട്. വഖഫ് ബോര്‍ഡില്‍ കേരളത്തില്‍ ആകെ 120 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലേക്ക് അതിനെ കൊണ്ട് വന്ന് ഭരിക്കുന്നവരുടെ ഇംഗിതത്തിന് വിധേയമാക്കപ്പെടുന്ന സാധ്യതകളെയാണ് മുസ്ലിംകള്ക്കിടയില് ആശങ്കയുണ്ടാക്കുന്നത്.
വഖഫ് സ്വത്തുക്കള്‍ ഭരിക്കാന്‍ ഭരണ പാടവമുള്ള പ്രഗത്ഭരെ പരീക്ഷ നടത്തി കൊണ്ടുവരുമ്പോള്‍ ദൈവ സ്വത്തുക്കള്‍ ദൈവമില്ലെന്ന് പറയുന്നവര്‍ കൈകാര്യം ചെയ്യുന്നത് ഭയക്കുന്നവരാണ് പുതിയ നിയമന തീരുമാനത്തെ എതിര്‍ക്കുന്നത്. ഏറ്റവും ക്രിയാത്മകമായി വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന കേരളത്തില്‍ വെറും നൂറിലേറെ വരുന്ന നിയമനങ്ങളിലെ പ്രാധിനിത്യത്തിനു വേണ്ടിയുള്ള പരിഷ്കാരമല്ല, സമുദായത്തിന്റെ അവകാശത്തിന് നേരെയുള്ള പരാക്രമമാണ് പിണറായി ലക്ഷ്യമിടുന്നത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള കോടാനുകോടി രൂപയുടെ വഖഫ് സ്വത്തുക്കള്‍ പലരും കൈയടക്കുകയും അന്യാധീനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആറുലക്ഷം ഏക്കര്‍ ഭൂമിയും അഞ്ചര ലക്ഷത്തോളം കെട്ടിടങ്ങളുമുള്‍പ്പെടെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ വഖഫ് സ്വത്തുക്കള്‍ക്ക് കീഴിലുള്ള വെറും ഭൂമിയുടെ മാത്രം വിപണി മൂല്യം ഏകദേശം 12,000 ബില്യന്‍ വരും.
വഖഫ് സ്വത്തുക്കളിലെ കൈയേറ്റങ്ങള്‍
2017 ജൂലൈ 21ന് മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ വഖഫ് ബോര്‍ഡിന് ബോംബെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. 2003ല്‍ പ്രസിദ്ധീകരിച്ച വഖഫ് സ്വത്തുക്കളുടെ പട്ടികയില്‍പെട്ട ഭൂമിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വീട് നിര്‍മിക്കാന്‍ മുകേഷ് അമ്പാനി കൈക്കലാക്കിയത് എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജല്‍ന സ്വദേശിയായ അബ്ദുല്‍ മതീന് നല്കിയ ഹര്‍ജിയാണ് അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എന്‍.എം ജംദാറും അടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചിരുന്നത്.
വഖഫ് ബോര്‍ഡിന്റെ വസ്തുക്കള്‍ കൈമാറ്റം ചെയ്തതില്‍ അഴിമതി ഉണ്ടായെന്ന് മതീന് ആരോപിച്ചു. സമാനമായ വിഷയം സുപ്രീം കോടതി മറ്റൊരു ഹര്‍ജിയില്‍ പരിഗണിച്ചതായി കോടതിയെ അറിയിച്ചു. ഇക്കാര്യം അന്വേഷിച്ച കോടതി ബോര്‍ഡിന് നോട്ടീസ് അയച്ച് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു. ഭൂമി കുറിംബോയ് ഇബ്രാഹിം ഖോജ ഓര്‍ഫനേജ് ട്രസ്റ്റിന്റേതാണെന്ന് അമ്പാനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് മിലിന്ദ് സാത്തേ കോടതിയില്‍ വാദിച്ചു. ബോഡി ഒരു സെക്യുലര്‍ ട്രസ്റ്റ് ആയതിനാല്‍ അത് ചാരിറ്റി കമ്മീഷണറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അത് കൊണ്ട് ഈ ഭൂമി വഖഫ് ബോര്‍ഡിന് കീഴില്‍ വരുന്നതല്ല എന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ദക്ഷിണ മുംബൈയിലെ സ്റ്റേറ്റ് വഖഫ് സ്വത്ത് മാര്‍ക്കറ്റ് മൂല്യത്തിന്റെ 10% നല്കി ആന്റിലിയ കൊമേഴ്സ്യല്‍ പ്രൈവവറ്റ് ലിമിറ്റഡിന് കൈമാറിയെന്ന മറ്റൊരു ഹര്‍ജി മുന്‍ വര്‍ഷം ഹൈക്കോടതിയില്‍ വന്നെങ്കിലും അത് തള്ളിപ്പോയി.
1996 ജൂണില്‍ അനാഥാലയം നിലവില്‍ വന്നതായും 1952 നവംബറില്‍ ബോംബെ പബ്ലിക് ട്രസ്റ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്നും ആ ഹര്‍ജിയില്‍ പറയുന്നു. ഖോജ സമുദായത്തിലെ അനാഥര്‍ക്കും നിരാലംബരായ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കാനാണ് സ്ഥലം അനുവദിച്ചത്. അനാഥാലയം രൂപീകരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാതെ ട്രസ്റ്റ് 2002 നവംബറില്‍ ആന്റിലിയ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് അനുകൂലമായി 21 കോടി അഞ്ച് ലക്ഷം രൂപയ്ക്ക് കൈമാറ്റ ഉടമ്പടി നടത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു. മുകേഷ് അംബാനിയുടെ വീടായ ആന്റിലിയ നിര്‍മിച്ച ഭൂമിയുടെ വില്‍പ്പന നിയമവിരുദ്ധമാണെന്നും വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഓഫ് വഖഫ് ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സംസ്ഥാന വഖഫ് ബോര്‍ഡിനോട് 2017 ജൂലൈ 21 ലെ ഉത്തരവില്‍ വ്യക്തത വരുത്താന്‍ നിര്‍ദ്ദേശിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്, മോദിയുടെ ഇഷ്ടക്കാരന് എന്നീ രണ്ട് പദവികള്‍ കൊണ്ട് തന്നെ നിയമം അതിന്റെ ‘വഴിക്ക് ‘ പോകും. അവസാനം വാദികളെയും പ്രതികളെയും വിളിച്ചു വരുത്തി ബോംബെ ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് ഭൂമി തര്‍ക്കത്തിന് തീര്‍പ്പ് കല്പ്പിച്ചു. മുകേഷ് അംബാനി എന്ന അതി സമ്പന്നന് ഉള്‍പ്പെട്ട ഒരു അനധികൃത ഇടപാടെന്ന നിലയില്‍ ഈ വ്യവഹാരം ലോകം ചര്‍ച്ച ചെയ്ത് പരാജയപ്പെട്ടെങ്കിലും വഖഫ് സ്വത്തുക്കള്‍ നിര്‍ബാധം അന്യധീനപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള 6.1 ലക്ഷം വഖഫ് സ്വത്തുക്കള്‍, യു.പി, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലാണ്. എന്നാല്‍ ഇവ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ വന്ന ഏകദേശ കണക്കുകള്‍ പുറത്ത് വന്നിരുന്നു.
വസ്തുവകകളുടെ മൂല്യം
ലക്ഷക്കണക്കിന് കോടി രൂപയുടെ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതി പരിഗണിക്കുന്ന പൊതുതാല്പര്യ ഹര്‍ജിയില്‍ ഹരജിക്കാര്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ന്യൂനപക്ഷകാര്യ മന്ത്രാലയത്തില്‍ നിന്ന് പൂര്‍ണ വിശദാംശങ്ങള്‍ തേടാന്‍ കോടതിയെ പ്രേരിപ്പിച്ചത്. വ്യവസ്ഥാപിത സംവിധാനത്തോടെ പ്രത്യേക ബോര്‍ഡുകള്‍ രൂപീകരിച്ച് സംരക്ഷിച്ചു പോരുന്ന വഖഫ് സ്വത്തുക്കള്‍ അതിന്റെ കൃത്യമായ വിനിയോഗം നടക്കുകയാണെങ്കില്‍ രാജ്യത്തെ അതി ദാരിദ്രരായ മുസ്ലിം സമുദായത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ കഴിയും. വഖഫ് ബോര്‍ഡില്‍ കൈയ്യേറ്റങ്ങളും അന്യായ ഇടപെടലുകളും ഇല്ലെങ്കില്‍ മാസം പന്ത്രണ്ടായിരം കോടി രൂപയുടെ വരുമാനമുണ്ടാക്കാമെന്ന് വിലയിരുത്തപ്പെടുന്നു. അതാണെങ്കില്‍ ഭരണകൂടവും, ബോര്‍ഡിനെ ഭരിക്കുന്നവരും ഗൗരവത്തതിലെടുക്കാത്തത് കൊണ്ട് വഖഫ് സമ്പത്ത് കൊണ്ട് ഉണ്ടാകേണ്ട ലക്ഷ്യം നേടാനാവാതെ അതിന്റെ അവകാശികള്‍ അവശ സമൂഹമായി നില നില്‍ക്കുകയാണ്. ഗുണകരമായ നിലയില്‍ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ കേരള വഖഫ് ബോര്‍ഡ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിലായിരുന്നു. അവിടെയാണ് ഭരണകൂടം വിവേചനത്തിന്റെ വിഷമിറക്കുന്നത്.
Article
ഭക്ഷ്യ ഭദ്രതാ നിയമവും കേരളവും
2013ല്‍ ഭക്ഷ്യ ഭദ്രതാനിയമം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നിയമമാക്കി. പ്രസ്തുത നിയമം 2017 നവംബര്‍ മാസത്തില്‍ നടപ്പിലാകുന്നതോടെ പ്രയോര്‍ട്ടി വിഭാഗമായ മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് റേഷന്‍ അവരുടെ അവകാശമായി മാറുകയും ഇത് നഷ്ടപെടാന്‍ ഇടവരുന്ന സാഹചര്യത്തില്‍ ആരുടെ വീഴ്ച മൂലമാണ് നഷ്ടം ഉണ്ടായത് അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ അടങ്ങിയതാണ് ഭക്ഷ്യഭദ്രമായ നിയമം.

പി.എം മൊയ്തീന് കോയ
2023ല്‍ ഭക്ഷ്യ പൊതുവിതരണ മേഖലയില്‍ പുതിയ അധ്യായത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് റേഷന്‍ സംവിധാനം എന്ന ആശയത്തിനു വിത്തുപാകിയതും ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു അംഗീകാരം നേടിയെടുക്കുന്നതിലും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഈ ആശയമാണ് സ്റ്റാറ്റിയുട്ടറി റേഷന്‍ സംവിധാനമായി പിന്നീട് രൂപാന്തരപ്പെട്ടത്. ഇത് കൃത്യമായും കാര്യക്ഷമായും നിലനിന്നതും ഇന്ത്യക്ക്തന്നെ മാതൃകയായും 1960 കാലഘട്ടത്തില്‍തന്നെ നിലനിന്ന സംസ്ഥാനവുമാണ് കേരളം. 1966ല്‍ സംസ്ഥാനത്ത് സ്റ്റാറ്റിയുട്ടറി റേഷന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി കൊണ്ട് കേരളാ റേഷനിങ് ഓഡറും നിലവില്‍വന്നു.
ഭക്ഷ്യോത്പാദനരംഗത്ത് സംസ്ഥാനം ഓരോ വര്‍ഷവും പിന്നോട്ടാണ് പോയിരുന്നത്. പ്രത്യേകിച്ചു നെല്‍കൃഷിയില്‍ മറ്റു സംസ്ഥാനങ്ങളിനേക്കാള്‍ കൂലി ചിലവുകള്‍ ഇരട്ടിയിലധികം വര്‍ധിക്കുകയും കൃഷി ഭൂമി കുറഞ്ഞുവരുന്ന സാഹചര്യവുമായി. ഇത് കൊണ്ട് കര്‍ഷകര്‍ മറ്റു കൃഷികളിലേക്കും മറ്റു മേഖലയിലേക്കും നീങ്ങി. എങ്കിലും കയറ്റുമതിയിലൂടെ വിദേശ വരുമാനം ലഭിക്കുന്ന നാണ്യവിളകളും സുഗന്ധദ്രവ്യങ്ങളും ഏറ്റവും അധികം ഉത്പാദിപ്പിച്ചു കൊണ്ട് രാജ്യത്തിന് വിദേശ നാണ്യ ശേഖരങ്ങളും തീരദേശ മേഖലകളിലെ മത്സ്യബന്ധന തൊഴിലിലൂടെ വിദേശങ്ങളില്‍ ഏറ്റവും പ്രിയമേറിയ മത്സ്യസമ്പത്തും കയറ്റുമതിചെയ്തു വിദേശ വരുമാനവും നേടി തരുന്നതില്‍ മുന്‍പന്തിയിലെത്താന്‍ സംസ്ഥാനത്തിനായി. ഇതിനുള്ള പ്രത്യുപകാരമായാണ് കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും റേഷനും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സമ്മാനിച്ചത്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ റേഷന്‍ വിതരണം കുറ്റമറ്റരീതിയിലും ഫലപ്രദമായി നടപ്പിലാക്കിയത്കൊണ്ട് സംസ്ഥാനത്തെ ജനങ്ങളുടെ ആശ്രയമായി റേഷന്‍ കടകള്‍ മറി. ലക്ഷ്യാധിഷ്ഠിത റേഷന്‍ ആരംഭിക്കുന്നതിന്മുമ്പ് റേഷന്‍ കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ തോതില്‍ ആളോഹരി റേഷന്‍ എല്ലാ ആഴ്ചയിലും നല്‍കിയിരുന്നു. പില്ക്കാലത്ത് രാജ്യത്ത് എ.പി.എല്‍, ബി പി. എല്‍ എന്നിങ്ങനെ രണ്ട് തരമായി തിരിക്കുകയും പ്രതിമാസം ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് സബ്സിഡി നിരക്കില്‍ 25 കിലോഗ്രാം ധാന്യങ്ങള്‍ 6 രൂപ 20 പൈസ തോതിലും ബാക്കിയുള്ള റേഷന്‍ എല്ലാവര്ക്കും 10 രൂപ 90 പൈസ തോതിലും ലഭിക്കുന്ന പുതിയ സംവിധാനമായിരുന്നു ബി.പി.എല്‍, എ.പി.എല്‍ പദ്ധതി.
2009ലെ ലക്ഷ്യാധിഷ്ഠിത റേഷന്‍ സംവിധാനം നിലവില്‍വന്നതിനെതുടര്‍ന്ന് ആഴ്ചയിലെ റേഷന്‍ പ്രതിമാസ റേഷനായി മാറി. ഈ കാലഘട്ടത്തില്‍ സബ്സിഡി രഹിത റേഷന്‍ വില ഓപ്പണ്‍ മാര്‍ക്കറ്റിലെ വിലക്ക് തുല്യമായി നിലനിന്നിരുന്നത്കൊണ്ട് 10 രൂപ 90 പൈസ വില ഈടാക്കുന്ന എ.പി.എല്‍ റേഷന്‍ ഉപഭോക്താക്കള്‍ റേഷന്‍ കടകളില്‍നിന്ന് അകലാന്‍ കാരണമായി. ഇത്മൂലം റേഷന്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്ത് റേഷന്‍ ലൈസന്‍സികള്‍ കടകള്‍ ഉപേക്ഷിക്കാനും തുടങ്ങി. പാട്ടക്കാരും ബിനാമികളും ഈ മേഖലയില്‍ സജീവമായി. ഈ പ്രതികൂല സാഹചര്യം അതിജിവിക്കാനും റേഷന്‍ കടകള്‍ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് റേഷന്‍ അല്ലാത്ത മറ്റു സാധനങ്ങള്‍ റേഷന്‍ കടയിലൂടെ വില്ക്കാന് അനുമതി നല്‍കിയിരുന്നത്. ഈ കാലഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ 12 രൂപക്ക് നല്ലയിനം മേന്മയുള്ള അരി ലഭിക്കുന്നത്കൊണ്ടാണ് ഇത്തരം പിന്‍മാറ്റത്തിന്ന് കാരണമായത്. പിന്നീട് മറ്റു സാധന വില്‍പ്പന അനുവദിച്ചില്ല.
ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് 6 രൂപ 20 പൈസ നിരക്കിലും ബി.പി.എല്‍ വിഭാഗത്തില്‍നിന്ന് ഏറ്റവും ദരിദ്രരുടെ അടിത്തട്ടിലുള്ള കുടുംബങ്ങളേ കണ്ടെത്തി അന്ത്യോദയ അന്നപൂര്‍ണ (മഞ്ഞകാര്‍ഡ്) പദ്ധതിക്ക് രൂപം നല്കി. ഈ വിഭാഗം (എ.എ.വൈ) കാര്‍ഡുകാര്‍ക്ക് 3 രൂപ നിരക്കില്‍ പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളായിരുന്നു നല്‍കിയിരുന്നത്. പിന്നീട് എ. എ.വൈ വിഭാഗങ്ങള്‍ക്ക് സൗജന്യമായും ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് 2 രൂപ നിരക്കിലും എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് 8 രൂപ 90 പൈസ നിരക്കിലും നിശ്ചിത അളവില്‍ പ്രതിമാസമായി റേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ക്രമീകരിച്ചുനല്‍കി. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ബി.പി.എല്‍ (പിങ്ക്) കാര്‍ഡുകാര്‍ക്കുകൂടി റേഷന്‍ സൗജന്യമാക്കുകയും എ.പി.എല്‍ കാര്‍ഡുകാരില്‍നിന്ന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇടത്തരം വിഭാഗത്തെ കണ്ടെത്തി സംസ്ഥാന സബ്സിഡി (നീല കാര്‍ഡ്) 2 രൂപ നിരക്കില്‍ കാര്‍ഡിലെ ഒരംഗത്തിന്ന് 2 കിലോഗ്രാം തോതില്‍ അരി നല്കുന്ന പുതിയ വിഭാഗം കാര്‍ഡുകള്‍ക്ക് രൂപം നല്‍കുകയും ഇതോടെ നാല് തരം കാര്‍ഡുകളാക്കി മാറ്റുകയും ചെയ്തു. പൊതുമാര്‍ക്കറ്റുകളില്‍ 20 രൂപയോളം ഒരു കിലോ അരിയുടെ വിലയുള്ളത് പല ഘട്ടമായി ഉയരുന്നതിന് അനുസരിച്ചു ഉപഭോക്താക്കളും റേഷന്‍ കടകളിലേക്ക് ആകര്ഷിക്കപെട്ടു.
2013ല്‍ ഭക്ഷ്യ ഭദ്രതാനിയമം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നിയമമാക്കി. പ്രസ്തുത നിയമം 2017 നവംബര്‍ മാസത്തില്‍ നടപ്പിലാകുന്നതോടെ പ്രയോര്‍ട്ടി വിഭാഗമായ മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് റേഷന്‍ അവരുടെ അവകാശമായി മാറുകയും ഇത് നഷ്ടപെടാന്‍ ഇടവരുന്ന സാഹചര്യത്തില്‍ ആരുടെ വീഴ്ച മൂലമാണ് നഷ്ടം ഉണ്ടായത് അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ അടങ്ങിയതാണ് ഭക്ഷ്യഭദ്രമായ നിയമം. പ്രസ്തുത നിയമത്തിന്റെ പരിരക്ഷയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്‍ 70 ശതമാനവും പട്ടണപ്രദേശങ്ങളില്‍ 50 ശതമാനം അംഗങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. അതോടൊപ്പം ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ സ്വയം പര്യപ്തരുമാണ് മിക്ക സംസ്ഥാനങ്ങളും. എന്നാല്‍ കേരളത്തില്‍ ഇത് 38 ശതമാനത്തിലും താഴെയുള്ള ജനവിഭാഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 9322243 റേഷന്‍ കാര്‍ഡുകളില്‍ 588914 അന്തന്ത്യോദയ അന്നപൂര്‍ണ (മഞ്ഞ) കാര്‍ഡുകളും 3508362 മുന്‍ഗണനാ (പിങ്ക്) കാര്‍ഡുകള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ബാക്കി നിലവിലെ 62 ശതമാനം റേഷന്‍ കാര്‍ഡുകാര്‍ക്കും ഈ നിയമം പ്രതികൂലമായി മാറി. സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം 16-2 മെട്രിക്ടണ്‍ അരി ലഭിച്ചിരുന്നിടത്ത് 14-25 മെട്രിക്ടണ്‍ അരിയാണ് ലഭിക്കുന്നത്.അത്കൊണ്ടാണ് 2017 വരെ സംസ്ഥാന സര്‍ക്കാറുകള്‍ ഭക്ഷ്യ ഭദ്രതാനിയമം നടപ്പിലാക്കാന്‍ വൈകിയത്. കേന്ദ്ര സര്‍ക്കാറിന്റെ അന്ത്യശാസനയെ തുടര്‍ന്ന് 2017 നവംബര്‍ മാസം മുതല്‍ നിയമം നടപ്പിലാക്കിയത്. ഇതോടെ മുന്‍ഗണനേതരവിഭാഗങ്ങളുടെ റേഷന്‍ സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്വത്തിലായി മാറി. മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡുകാര്‍ക്ക് അനുവദിച്ചിരുന്ന ടൈഡ്ഓവര്‍ പദ്ധതികളും ഘട്ടം ഘട്ടമായി കുറവുവരുത്തിയതും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് പ്രതികൂലമായി മാറി.
(തുടരും)
Cartoons
എസ്.എഫ്.ഐ സ്വതന്ത്ര ലൈംഗികതയുടെ തിരക്കിലാണ്- ഖാദര്‍ പാലാഴി
ഒന്നും പറയാനില്ലെന്ന് വെച്ച് എസ്.എഫ്.ഐക്ക് എന്തും എഴുതിവെക്കാം. എന്നാല്‍ അതംഗീകരിക്കാത്തവര്‍ക്ക് മനുഷ്യത്വ സര്‍ട്ടിഫിക്കറ്റിനായി നിങ്ങളുടെ ക്യൂവില്‍ നില്ക്കാന് മാത്രം കാമ്പുള്ളതല്ല നിങ്ങള്‍ മുന്നോട്ട്വെക്കുന്ന പ്രത്യയശാസ്ത്രം.

ഖാദര്‍ പാലാഴി
തിരുവനന്തപുരം ലോ അക്കാദമിയില്‍ കയറിച്ചെല്ലുന്നിടത്ത്തന്നെ എസ്.എഫ്. ഐ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അതില്‍ നഗ്നയായ പെണ്‍കുട്ടിയുടെ പടം വരച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്. My Body is My Choice എന്ന്. സമാനമായ ബോര്‍ഡ് തൃശൂര്‍ കേരള വര്‍മ കോളജിലും എസ്. എഫ്.ഐക്കാര്‍ വെച്ചിരുന്നു. ഇണ ചേരുന്നത് പച്ചക്ക് വരച്ച് അതില്‍ എഴുതിയത് ഇങ്ങനെ ‘തുറിച്ച് നോക്കണ്ട, ഒന്ന് ചിന്തിക്കൂ. ഞാനും നീയുമൊക്കെ എങ്ങനെ ഉണ്ടായി?’ എന്നിട്ട് ഇങ്ങനെകൂടി എഴുതിച്ചേര്‍ത്തു.’The planet needs sexual liberation’
ഈ ഭൂമി ഗോളത്തില്‍ പിറന്നുവീണ മനുഷ്യരിലൊരാളെയും നിയന്ത്രിക്കാന്‍ ധാര്‍മികതയും സദാചാരവും മതവുമൊക്കെ പറഞ്ഞ് ആരും വരേണ്ടെന്നും ഓരോ ശരീരവും എന്തൊക്കെ ചെയ്യണമെന്നും ചെയ്യാതിരിക്കണമെന്നും തീരുമാനിക്കേണ്ടത് അവരവര്‍ മാത്രമാണെന്നുമുള്ള അതിരുകളില്ലാത്ത ലിബറലിസം വളച്ചു കെട്ടില്ലാതെ എസ്.എഫ്.ഐ ഈയിടെയായി വിദ്യാര്‍ഥികളോട് പറഞ്ഞുകൊണ്ടിരിക്കയാണ്. എന്തുകൊണ്ടാണ് മുമ്പൊങ്ങുമില്ലാത്തവിധം ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ലൈംഗിക സ്വാതന്ത്ര്യം ഇത്ര ചുവപ്പിച്ച് വരച്ചുവെക്കുന്നത്. ഈ ചോദ്യത്തിന് രണ്ട് ഉത്തരങ്ങളേയുള്ളൂ. ഇക്കാലത്ത് സ്വതന്ത്ര ലൈംഗികതയല്ലാതെ മറ്റെന്താണ് അവര്‍ക്ക് പറയാനുള്ളത് എന്നതാണ് ഒന്നാമത്തെ ഉത്തരം. യഥാര്‍ഥത്തില്‍ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെ അമൂലാഗ്രം പാര്‍ട്ടിയും സ്റ്റേറ്റും നിയന്ത്രിക്കുന്ന ഒരു തുറന്ന ജയിലാണ് മാര്‍ക്സിസവും അതിന്റെ പ്രയോഗങ്ങളായ ലെനിനിസം, സ്റ്റാലിനിസം, മാവോയിസം തുടങ്ങിയവ ഇതുവരെ കാണിച്ചു തന്നത്. ഏറ്റവുമൊടുവില്‍ ഉത്തര കൊറിയയിലെ ഇപ്പോഴത്തെ ഭരണാധികാരിയും നമ്മുടെ നാട്ടിലെ പാര്‍ട്ടി സമ്മേളന ബോര്‍ഡുകളിലെ താരവുമായ കിം ജോംഗ് ഉന്നിന്റെ കാര്യമെടുക്കുക. ടിയാന്റെ അച്ഛന് കിം ജോംഗ് ഇല് മരിച്ചതിന്റെ പതിനൊന്നാം വര്‍ഷികത്തില്‍ രാജ്യത്തെ പൗരന്മാര് 11 ദിവസം ചിരിക്കുന്നതും മദ്യപിക്കുന്നതും അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി വിലക്കിയത് നമ്മളും എസ്.എഫ്. ഐക്കാരും കണ്ടതാണ്. ഈ മരിച്ച മഹാന്റെ അച്ഛനായ കിം ഇല് സുംഗാണ് 1948 മുതല്‍ 1994 വരെ അവിടത്തെ പാര്‍ട്ടി നേതാവും രാഷ്ട്ര നേതാവുമായിരുന്നതെന്നത് എസ്.എഫ്.ഐക്കാര്‍ ക്യാമ്പസിലെ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കണം. 37 കാരനായ ഇപ്പോഴത്തെയാള്‍ മരിച്ചാല്‍ നോര്‍ത്ത് കൊറിയയിലെ ‘ഡി.വൈ.എഫ്.ഐ’ മുന്‍ ദേശീയ പ്രസിഡണ്ട് ഭരണാധികാരിയാവുമോ? ഇല്ലേയില്ല, അപ്പൂതി മനസില്‍ വെച്ചാല്‍ മതി. കഴിഞ്ഞ 74 വര്‍ഷമായി കിം കുടുംബം അധികാരം ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല. നിലവിലെ ഭരണാധികാരിക്ക് ചെറിയ മക്കളായതിനാല്‍ അവര്‍ മുതിരും വരെ ആ സഖാവിന് ആയുസ് നീട്ടിക്കൊടുക്കാന്‍ ആശംസിക്കുക മാത്രമേ നമ്മുടെ നാട്ടിലെ സര്‍വസ്വതന്ത്രക്കുട്ടികള്‍ക്ക് കരണീയമായിട്ടുള്ളൂ. വ്യക്തി സ്വാതന്ത്ര്യത്തില്‍ ആരും ഇടപെടേണ്ടെങ്കില്‍ പാര്‍ട്ടിയും ഭരണകൂടവും നിയന്ത്രിക്കാന്‍ വരുന്നതെന്തിനെന്ന് പറയാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.
ചൈനയില്‍ മാവോ സേതുംഗ് 1966-76 കാലത്ത് നടത്തിയ സാംസ്കാരിക വിപ്ലവത്തില്‍ പൗരന്മാരുടെ കുപ്പായത്തിന്റെ ഡിസൈനും മുടിയുടെ സ്റ്റൈലും വരെ തീരുമാനിച്ചിരുന്നത് പാര്‍ട്ടിയെന്ന ഭരണകൂടമായിരുന്നു. മാവോ 1976ല്‍ മരിച്ചത് കൊണ്ട് കേവലം എട്ട് കോടിയാളുകളേ കൊല്ലപ്പെട്ടുള്ളൂ എന്നാശ്വസിക്കാം. സോവിയറ്റ് യൂണിയനില്‍, ഹംഗറിയില്‍, ചെക്കോസ്ലാവാക്യയില്‍, പോളണ്ടില്‍ തുടങ്ങി എല്ലായിടത്തും വ്യക്തികളുടെ ചിന്തയും പെരുമാറ്റവും വരെ സ്റ്റേറ്റ് നിയന്ത്രിച്ചതിനെ താത്വിക വ്യാഖ്യാനം നല്‍കിയവരുടെ പിന്മുറക്കാരാണ് My Body My Choice എന്നെഴുതി വെക്കുന്നതും ആകാശാതിര്‍ത്തി വരേയുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാവുന്നതും. എത്രയെത്ര എഴുത്തുകാരും ബുദ്ധിജീവികളുമാണ് ബുദ്ധിയും ബോധ്യവും മന:സാക്ഷിയും പാര്‍ട്ടിക്ക് സമര്‍പ്പിക്കേണ്ടിവരികയോ ശിക്ഷയേറ്റു വാങ്ങേണ്ടിവരികയോ ചെയ്തത്. ഫ്രീ സെക്സിന്റെ മഹത്വം പറയുന്നതിന് പകരം അകാല ചരമം പ്രാപിച്ചതും നിലവിലുള്ളതുമായ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ അപദാനങ്ങള്‍ കവിതയായോ നാടകമായോ എങ്കിലും എസ്.എഫ്.ഐക്കാര്‍ക്ക് കാമ്പസില്‍ പറയാന്‍ ധൈര്യമുണ്ടോ? ബഹുകക്ഷി ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം അനുഭവിച്ച് വളരുന്ന കുട്ടികള്‍ ആ മാതൃകകള്‍ അറബിക്കടലിലെറിയുമെ ന്നുറപ്പ്.
എസ്.എഫ്.ഐക്കാരേ, നിങ്ങള്‍ അത്രയൊന്നും പറയണ്ട. സാമൂഹിക ശാസ്ത്രത്തിലെ നവീനാശയങ്ങള്‍ പഠിച്ചവര്‍ക്ക് മുമ്പില്‍, ആധുനിക ഫിസിക്സും ബയോളജിയും ഇകണോമിക്സും പഠിച്ചവര്‍ക്ക് മുമ്പില്‍, സര്‍ഗാത്മകശേഷിയുള്ള കുട്ടികള്‍ക്ക്മുമ്പില്‍ നിങ്ങള്‍ മാര്‍ക്സിസമെന്ന സിദ്ധാന്തത്തിന്റെ മഹത്വം മാത്രം പറയുമോ? ഇന്നോളമുള്ള മനുഷ്യരുടെ ചരിത്രം വര്‍ഗ സംഘട്ടനങ്ങളുടെ ചരിത്രമാണ്, സോഷ്യലിസത്തിന്റെ വികസിത രൂപമായ കമ്യൂണിസത്തില്‍ സ്വകാര്യ മൂലധനവും സ്വകാര്യ സ്വത്തും ഇല്ലാതാവുകയും ഭരണകൂടം കൊഴിഞ്ഞുവീഴുകയും ചെയ്യും, മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളും ഭൗതിക ശാസ്ത്രത്തിന്റെ പരീക്ഷണ നിരീക്ഷണ ഉപാധികളിലൂടെ തെളിയിക്കാനാവും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും നാനോ ടെക്നോളജിയുടേയും ഇക്കാലത്തും മിച്ചമൂല്യ സിദ്ധാന്തം പ്രസക്തമാണ്, മാര്‍ക്സിസം ശാസ്ത്രമാണ് തുടങ്ങിയ ആശയങ്ങള്‍ പറഞ്ഞുനോക്കൂ. കേവലം സങ്കല്പനങ്ങളും ഔട്ട് ഓഫ് ഡേറ്റുമായ ഇവയെല്ലാം ഇന്ന് അക്കാദമിക് ലോകത്ത് ചിരിയും അമ്പരപ്പും പടര്‍ത്തുന്നതാണ്. പ്രായോഗിക രംഗത്താവട്ടെ ഈ സിദ്ധാന്തങ്ങളുമായി രാജ്യത്തെ മുന്നോട്ട്കൊണ്ട്പോകാനാവില്ലെന്ന് സോവിയറ്റ് യൂണിയന് മുതല്‍ ചൈന വരെ തെളിയിച്ച് കഴിഞ്ഞതുമാണ്. ജനാധിപത്യത്തിന്റേയും വിശ്വാസത്തിന്റെയും സര്‍ഗാത്മകതയുടെയും ശവപ്പറമ്പായിരിക്കും അവരുടെ സ്വപ്ന രാജ്യമെന്നും യുവതലമുറക്കറിയാം. അതിനാല്‍ എസ്.എഫ്.ഐ ആ സിദ്ധാന്തം പറയാനും തയ്യാറല്ല.
മനുഷ്യനാഗരികതയുടെ അടയാളമായ വസ്ത്രം എസ്.എഫ്.ഐക്കാര്‍ അഴിച്ചെറിയാന്‍ ശ്രമിക്കുന്നതിന് രണ്ടാമതൊരു കാരണവുമുണ്ട്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ സംസ്ഥാനകേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരെയുള്ള കാമ്പയിനിലൂടെയാണ് അവര്‍ കാമ്പസിനെ ചുവപ്പിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് ഞമ്മന്റെ ആളുകളായതിനാല്‍ കാമ്പസുകളില്‍ പറയാന്‍ വിഷയ ദാരിദ്ര്യമുണ്ട്. എന്തെങ്കിലും പറയുന്നുവെങ്കില്‍ അത് ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആണ് താനും. പിന്നെയുള്ളത് കേന്ദ്ര വിരുദ്ധതായാണ്. സ്വാശ്രയ വിദ്യാഭ്യാസം, ഓട്ടോണമസ് കോളജ്, ഡീംഡ് യൂണിവേഴ്സിറ്റി, രണ്ടരയേക്കര്‍ മാത്രം ഭൂമിയുള്ള ‘പാവപ്പെട്ട’വര്‍ക്ക് സാമ്പത്തിക സംവരണം തുടങ്ങിയ ഒട്ടനവധി കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉദാരീകരണ നവലിബറല്‍ നയങ്ങളുടെ ഈച്ചക്കോപ്പിയെടുക്കുന്നത്കൊണ്ട് കേന്ദ്രത്തിനെതിരെ ആളെ കാണിക്കാന്‍ ഒന്ന് മുരളാനെ അവര്‍ക്ക് അവകാശമുള്ളൂ. അപ്പോള്‍ പിന്നെ എസ്.എഫ്.ഐ എന്ത് ചെയ്യും. കൗമാരക്കാരുടെ മൃദുല വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തന്നെ. എന്നാല്‍ സ്വതന്ത്ര ചിന്തക്ക്വേണ്ടി വാദിക്കുന്ന എസ്. എഫ്.ഐതന്നെ തങ്ങളല്ലാത്തവര്‍ക്ക് സ്വന്തം ആശയവും നിലപാടും വകവെച്ചു കൊടുക്കുന്നുണ്ടോ? ബാലുശേരിയിലെ ഒരു സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പാന്റ്സും ചുരിദാറും പാവാടയും മുണ്ടും ഇഷ്ടം പോലെ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ അവരെ ആറാം നൂറ്റാണ്ടിലെ പ്രാകൃത മനോഗതിക്കാരാക്കുകയാണ് എസ്.എഫ്.ഐ മുതല്‍ പു.ക.സ വരെ ചെയ്തത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ഫാതിമ തഹ്ലിയ ഉള്‍പ്പെടെയുള്ള ആക്റ്റിവിസ്റ്റുകളും മുസ്ലിം സംഘടനകളും രംഗത്ത്വന്നപ്പോള്‍ അവര്‍ ആറാം നൂറ്റാണ്ടില്‍ ബസ് കാത്തുനില്‍ക്കുന്നവരാണെന്നായിരുന്നു സി.പി.എം നാസ്തിക സംഘി പ്രൊഫൈലുകളിലെല്ലാം ആക്ഷേപിച്ചിരുന്നത്. സ്വതന്ത്ര ചിന്ത അവിടെ കുളിക്കാന്‍ പോയി. എന്നാല്‍ ബൃന്ദ കാരാട്ടും ആനി രാജയും എതിര്‍പ്പുമായി വന്നതോടെ സി.പിഎം- ഡിഫി എസ്.എഫ്.ഐ പ്രൊഫൈലുകള്‍ പോസ്റ്റ് മുക്കുകയോ ഡിലീറ്റാക്കുകയോ ചെയ്തു. അതിരില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സ്വതന്ത്ര ചിന്തയുടേയും വക്താക്കള്‍ സ്വന്തം തലച്ചോര്‍ കൊണ്ടല്ല ചിന്തിക്കുന്നതെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു ഇതിലൂടെ.
എസ്.എഫ്.ഐയുടെ മറ്റൊരു വൈരുദ്ധ്യാധിഷ്ഠിത സ്വതന്ത്രവാദം ഇപ്പോള്‍ തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നു. അവിടത്തെ എസ്.എഫ്.ഐ പുറത്തിറക്കിയ പ്രചാരണ വീഡിയോയില്‍ സ്വവര്‍ഗരതി തെറ്റാണെന്ന് ഇന്നും കരുതുന്നവരും Pride Month ആഘോഷത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നവരുമായ എം.എസ്.എഫുകാരും ഫ്രെറ്റേണിറ്റിക്കാരും മനുഷ്യത്വമുള്ളവരാണോ എന്ന് ചോദിച്ചിരിക്കുന്നു.
1969 ജൂണ്‍ 27 ന് രാത്രി ന്യൂയോര്‍ക്കിലെ ഒരു തെരുവില്‍ LGBTQ ക്കാര്‍ക്കെതിരെ നടന്ന പൊലീസ് ആക്ഷനെ തുടര്‍ന്നാണ് അവരോട് അനുഭാവം പ്രകടിപ്പിക്കാനായി എല്ലാ വര്‍ഷവും പ്രൈഡ് മന്ത് ആഘോഷം തുടങ്ങിയത്. ഇവരെ വെറുപ്പോടെ കാണണമെന്ന് ഒരു മത രാഷ്ട്രീയ ഗ്രൂപ്പും പറയുന്നില്ല. എന്നാല്‍ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ക്രിസ്തുമതമുള്‍പ്പെടെയുള്ള മത സംഘടനകള്‍ക്കും വ്യത്യസ്തമായ സമീപനമുണ്ട് താനും. സ്വവര്‍ഗരതിയോടും വ്യത്യസ്ത സമീപനം പുലര്‍ത്തുന്ന ഒട്ടേറെ വിഭാഗങ്ങളുണ്ട്. എന്നാല്‍ തൃശൂരിലെ എസ്.എഫ്.ഐക്കാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ തല്ക്കാലം മനുഷ്യരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എസ്.എഫുകാരും ഫ്രട്ടേണിറ്റിക്കാരും മനുഷ്യത്വമില്ലാതായിട്ടുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. LGBTQ
വിഷയമാവട്ടെ, സ്വവര്‍ഗരതിയാവട്ടെ, വസ്ത്രധാരണയാവട്ടെ എസ്.എഫ്. ഐ അംഗീകരിക്കുന്ന ലിബറല്‍ മൊറാലിറ്റി അംഗീകരിക്കാത്തവരൊന്നും മനുഷ്യരല്ല. ഒപ്പംതന്നെ മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും സ്വതന്ത്ര ചിന്തയെക്കുറിച്ചും അവര്‍ ചിത്രം വരക്കുകയും അട്ടഹസിക്കുകയും ചെയ്യും. എന്തൊരു വൈരുദ്ധ്യമാണ് സജീ ഇത്.
ആശയങ്ങളുടേയും നിലപാടുകളുടേയും സമ്മേളനവും സംവാദവുമാണ് ഒരു ജനാധിപത്യ സമൂഹത്തില്‍ നടക്കേണ്ടത്. ഒപ്പം മറ്റൊരു കാര്യവും കൂടി പറയേണ്ടതുണ്ട്. പാര്‍ലമെന്റും നിയമസഭകളും നിര്‍മിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനപരമായി മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതാണ്. ഇതാവട്ടെ ഒരേസമയം വ്യക്തിയുടേയും സമൂഹത്തിന്റെയും നിലനില്‍പ്പിന് അനിവാര്യവുമാണ്. ഒന്നും പറയാനില്ലെന്ന് വെച്ച് എസ്.എഫ്.ഐക്ക് എന്തും എഴുതിവെക്കാം. എന്നാല്‍ അതംഗീകരിക്കാത്തവര്‍ക്ക് മനുഷ്യത്വ സര്‍ട്ടിഫിക്കറ്റിനായി നിങ്ങളുടെ ക്യൂവില്‍ നില്ക്കാന് മാത്രം കാമ്പുള്ളതല്ല നിങ്ങള്‍ മുന്നോട്ട്വെക്കുന്ന പ്രത്യയശാസ്ത്രം.
Cartoons
സഭയിലെ ആഭാസം ഇനിയുണ്ടാകരുത്
ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ് ജനപ്രതിനിധിസഭകള്‍. അവയില്‍ നടക്കുന്ന ചര്‍ച്ചകളിലും എടുക്കുന്ന തീരുമാനങ്ങളിലുമാണ് ജനഹിതം പ്രതിഫലിപ്പിക്കപ്പെടുന്നത്

ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ് ജനപ്രതിനിധിസഭകള്‍. അവയില്‍ നടക്കുന്ന ചര്‍ച്ചകളിലും എടുക്കുന്ന തീരുമാനങ്ങളിലുമാണ് ജനഹിതം പ്രതിഫലിപ്പിക്കപ്പെടുന്നത്. ചിലപ്പോഴൊക്കെ അതങ്ങനെ ആവുന്നില്ലെങ്കിലും പലപ്പോഴും ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തന്നെയാണ് നിയമനിര്‍മാണ സഭകളില്‍ പ്രതിഫലിപ്പിക്കപ്പെടാറ്. ലോകത്ത് ഇതിനേക്കാള്‍ മേന്മയേറിയ മറ്റൊരു ഭരണ സംവിധാനത്തെക്കുറിച്ച് ഇതുവരെയും കേട്ടുകേള്‍വിയില്ലാത്തനിലക്ക് കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ജനായത്ത ഭരണക്രമത്തെ ബഹുഭൂരിപക്ഷം ലോക രാഷ്ട്രങ്ങളും ജനതയും ഇന്ന് അംഗീകരിച്ചുകഴിഞ്ഞു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍രാജ്യങ്ങളിലും ചൈനയിലും വടക്കന്‍ കൊറിയയിലും മറ്റും ജനാഭിലാഷമെന്ന പേരില്‍ ഉണ്ടാക്കിയ രക്തച്ചൊരിച്ചിലുകളും തുടര്‍ന്ന് രൂപീകൃതമായ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണരീതികളും ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ജനം ഏതാണ്ട് പരിപൂര്‍ണമായി കൈയൊഴിഞ്ഞുകഴിഞ്ഞു. അവിടെയാണ് ഇന്ത്യയിലെയും കേരളത്തിലെയും സോകാള്‍ഡ് കമ്യൂണിസ്റ്റുകള്‍ തങ്ങള്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരാണെന്ന വാദമുഖവുമായി ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെടാറ്. എന്നാലീ അവകാശവാദങ്ങളെല്ലാം വെറും ബലൂണാണെന്നും മുഴുത്ത സ്വേച്ഛാധിപത്യവും കറകളഞ്ഞ ഏകാധിപത്യവും വ്യക്തികേന്ദ്രീകൃത അധികാരക്കൊതിയുമാണ് കമ്യൂണിസ്റ്റുകളുടേതെന്ന ്മനസ്സിലാക്കാന്‍ പുതു തലമുറക്ക്പോലും ഇന്ന് ക്ഷിപ്രസാധ്യമാണ്. ചൊവ്വാഴ്ച കേരളത്തിലെ നീതിപീഠങ്ങളിലൊന്ന് നല്കിയ വിധി അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള കാര്‍ക്കിച്ചുതുപ്പലാണ്.
2015 മാര്‍ച്ച് 13ന് കേരള നിയമസഭക്കകത്ത് ചരിത്രത്തിലൊരു ജനപ്രതിനിധി സഭയിലും പ്രദര്‍ശിപ്പിക്കപ്പെടാത്ത രീതിയിലുള്ള നെറികെട്ട സംഭവങ്ങളാണ് ഇടതുപക്ഷ മുന്നണിയുടെ സാമാജികര്‍ കാഴ്ചവെച്ചത്. ഇതാണ് കോടതി വ്യവഹാരത്തിനാധാരം. സഭക്കകത്ത് ഭരണപക്ഷത്തിനുനേര്‍ക്ക് നടത്തിയ കയ്യാങ്കളിയും സഭ നിയന്ത്രിക്കേണ്ട സ്പീക്കറെ തടയുകയും അദ്ദേഹത്തിന്റെ കസേരയും ഇതര സാമഗ്രികളും തച്ചുതകര്‍ക്കുകയുംചെയ്ത അതേ ആളുകളാണ് യാതൊരു ഉളുപ്പുമില്ലാതെ ശിക്ഷ ഒഴിവാക്കിക്കിട്ടാനായി കോടതിയെ സമീപിച്ചത്. നേരിട്ടുപോയാല്‍ കണക്കിന് കിട്ടുമെന്നതുകൊണ്ടാകാം സംസ്ഥാന സര്‍ക്കാരിനെകൊണ്ടുതന്നെ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിപ്പിച്ചത്. സഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസ് തള്ളണമെന്ന പിണറായി സര്‍ക്കാരിന്റെ ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളിയത് എന്തുകൊണ്ടും മാതൃകാപരമാണ്. ജനാധിപത്യത്തിന്റെയും പാര്‍ലമെന്ററി സംവിധാനത്തിന്റെയും രംഗത്ത് ഇനിയൊരിക്കലും അത്തരത്തിലൊരു സംഭവം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് കോടതി ഇവിടെ സ്വീകരിച്ചിരിക്കുന്നതെന്ന് കേസ് തള്ളണമെന്ന ആവശ്യം ഉന്നയിച്ചവര്‍പോലും സമ്മതിച്ചേക്കും.
അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായിരുന്ന കെ.എം മാണിയുടെ ബജറ്റവതരണം അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തെ ഇടതുപക്ഷ എം.എല്‍.എമാരുടെ ആക്രോശം. ബാര്‍ കോഴ ആരോപണമാണ് സി.പി.എമ്മടക്കമുള്ള കക്ഷികളുടെ പ്രതിഷേധത്തിന് കാരണം. പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കും ഇഷ്ടാനുസരണം സഭക്കകത്തും പുറത്തും അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും മന്ത്രിയെ അദ്ദേഹം പ്രതിനിധീകരിക്കുന്ന സഭയില്‍ ഭരണഘടന അനുവദിച്ചിട്ടുള്ള ചുമതല നിറവേറ്റാന്‍ സമ്മതിക്കില്ലെന്ന പിടിവാശിയാണ് സി.പി.എമ്മും മറ്റും കാണിച്ചത.് ഫലമോ കേരളത്തിന്റെ ഇദംപ്രഥമമായ സാക്ഷരതാനിലവാരവും ജനാധിപത്യബോധവും പാര്‍ലമെന്ററിമേന്മയുമെല്ലാം ഒരൊറ്റ ദിനംകൊണ്ട് അറബിക്കടലിലെറിയപ്പെടുന്ന അവസ്ഥയുണ്ടായി. 2,20093 രൂപുടെ പൊതുമുതലാണ് ഇടതുപക്ഷക്കാര്‍ അന്ന് നശിപ്പിച്ചത്. സംപ്രേഷണത്തിലൂടെ പൊതുജനം തല്‍സമയം കാണുന്നുണ്ടെന്നറിഞ്ഞിട്ടുപോലും ആഭാസത്തരത്തില്‍നിന്ന് പിന്മാറാന് ഇടതുപക്ഷ അംഗങ്ങള്‍ തയ്യാറായില്ല. സി.പി.എം എം.എല്‍.എ വി.ശിവന്‍കുട്ടി ഉടുത്തിരുന്ന മുണ്ട് പൊക്കിപ്പിടിച്ച് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു.
മന്ത്രിയെ തടയുന്നുവെന്ന പേരില്‍ അദ്ദേഹത്തെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇതര ഭരണപക്ഷ അംഗങ്ങള്‍ തുടങ്ങിയവരെയെല്ലാം ആക്ഷേപിക്കാനും ശാരീരികമായി കൈയേറ്റംചെയ്യാനും ഇടതുപക്ഷത്തെ മിക്ക അംഗങ്ങളും മുന്നിട്ടിറങ്ങുകയായിരുന്നു. അതുകൊണ്ടുമരിശം തീരാഞ്ഞിട്ടാകാം വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങളെ തള്ളിമാറ്റിയും ഭത്സിച്ചും സ്പീക്കറുടെ ഡയസില്‍ കയറി മൈക്കും കസേരയും ഉള്‍പ്പെടെ തകര്‍ത്തു താഴെയിട്ടത്്. ഇന്ന് സംസ്ഥാനത്തിന്റെ വ്യവസായ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമൊക്കെയായി വിലസുന്ന യഥാക്രമം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനും ഡോ. കെ.ടി ജലീലുമടക്കമുള്ള ഇടതുപക്ഷ സാമാജികരാണ് കേസിലെ പ്രതികള്‍. ഇപ്പോഴത്തെ സ്പീക്കറും സംഭവത്തില്‍ പങ്കാളിയായിരുന്നുവെന്നത് വിരോധാഭാസമാണ്. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസാണ് സാമാജികര്‍ക്കെതിരെ സ്വീകരിച്ചത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് കേസ് എഴുതിത്തള്ളണമെന്ന ആവശ്യവുമായാണ്. സ്പീക്കറല്ല നിയമസഭാസെക്രട്ടറിയാണ് പരാതിപ്പെട്ടത് എന്ന വിതണ്ഡവാദമാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. മന്ത്രിമാരായ ജയരാജന്, കെ.ടി ജലീല്‍, സി.പി.എം എം.എല്‍.എമാരായിരുന്ന വി. ശിവന്‍കുട്ടി, കെ. അജിത്, കുഞ്ഞമ്മദ്, സി.കെ സദാശിവന് എന്നിവരാണ് നിയമസഭാസെക്രട്ടറിയുടെ പരാതിപ്രകാരമുള്ള കേസിലെ ആറു പ്രതികള്‍. ഇവര്‍ക്ക് ജാമ്യമില്ലാവകുപ്പ് ചുമത്തിയതിനാല്‍ അടുത്ത മാസം ആറിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികളെല്ലാവരും കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണം. കേസ് പിന്‍വലിക്കാനുള്ള സി.പി.എമ്മിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന ്കത്തു നല്‍കുകയും അത് സര്‍ക്കാര്‍ അപ്പടി കോടതിയോട് ആവശ്യപ്പെടുകയും ചെയ്തത്. അംഗങ്ങള്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് ജനം നേരിട്ട് കണ്ടതാണെന്നും നടപടിയെടുക്കാതിരുന്നാല്‍ അത് പൊതുജനത്തിന് മോശം സന്ദേശം നല്‍കലാവുമെന്നുമാണ് കോടതി എട്ടു പേജ് വരുന്നവിധിയില്‍ പറഞ്ഞിരിക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരും രാപ്പകല്‍ കഠിനാധ്വാനംചെയ്ത് സ്വരുക്കൂട്ടുന്ന ചെറുതുകകളില്‍ നിന്നാണ് സര്‍ക്കാരിലെയും നിയമ നിര്‍മാണസഭകളിലെയും ഏതാനും ആളുകള്‍ അതിന്റെയെല്ലാം പങ്ക് നികുതികളെന്നപേരില്‍ പറ്റുന്നത്. തെറ്റു ചെയ്തുപോയാല്‍ തെല്ലെങ്കിലും മന:സ്താപം തോന്നുന്നതിനുള്ള കേവലമനസ്സുപോലും മരവിച്ചുപോയവര്‍ക്കല്ലാതെ രണ്ടേകാല്‍ കോടിയോളം രൂപയുടെ പൊതുസ്വത്ത് നശിപ്പിച്ചിട്ട് കേസ് എഴുതിത്തള്ളണമെന്ന് വാദിക്കാന്‍ തോന്നില്ല. ജനാധിപത്യത്തിലുള്ള ജനവിശ്വാസം തകര്‍ന്നാല്‍ തകരുക നാടിന്റെ സ്വച്ഛതയാണ്. നിയമസഭകളെ അവഹേളിക്കുന്നത് ജനങ്ങളോടുള്ള അവഹേളനമാണെന്നതിനാല്‍ സഭയില്‍ താന്തോന്നിത്തംകാട്ടുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് വിധി.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
kerala1 day ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
kerala3 days ago
ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി