പേരില്‍ എന്തിരിക്കുന്നുവെന്ന് വില്യം ഷേക്‌സ്പിയര്‍ റോമിയോ ആന്റ് ജൂലിയറ്റില്‍ ചോദിക്കുന്നുണ്ടെങ്കിലും പേരില്‍ എല്ലാം ഇരിക്കുന്നുവെന്നാണ് തെലങ്കാന രാഷ്ട്രസമിതിയും അതിന്റെ അധ്യക്ഷന്‍ കെ.സി.ആര്‍ എന്ന കല്‍വകുന്തള ചന്ദ്രശേഖര റാവുവും പറയുന്നത്. 2024ലെ പൊതുതിരഞ്ഞെടുപ്പിനുമുന്നോടിയായി ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ നീക്കം നടത്തുന്ന തെലങ്കാന മുഖ്യമന്ത്രി കെ.സി.ആര്‍ സ്വന്തം പാര്‍ട്ടിയുടെ പേര് ഒന്നു ഈയിടെ പുതുക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.
തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) ഇനി ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) എന്ന പേരിലറിയപ്പെടും. ജോത്സ്യന്‍ കുറിച്ചുനല്‍കിയ ‘ശുഭമുഹൂര്‍ത്ത’ത്തിലായിരുന്നു പ്രഖ്യാപനം. ദേശീയ പാര്‍ട്ടിയായി മാറാന്‍ വേണ്ടിയാണ് പേരിലെ മാറ്റമെങ്കിലും സ്വന്തം സംസ്ഥാനമായ തെലങ്കാനക്ക് അപ്പുറം ആന്ധ്രയില്‍ പോലും ടിയാന്റെ പാര്‍ട്ടിക്ക് വേരോട്ടമില്ലെന്നത് വേറെ കാര്യം. കെ.സി.ആറിനെ ഭാവി പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പേര് മാറ്റത്തെ സ്വാഗതം ചെയ്തത്. പേരും കളം മാറ്റവുമൊന്നും പുത്തരിയല്ലാത്ത കെ.സി.ആറിനും പാര്‍ട്ടിക്കും പ്രധാനമന്ത്രി പദമെന്നതാണ് ഇനി ലക്ഷ്യം. അവിഭക്ത ആന്ധ്രപ്രദേശിലെ സിദ്ദിപേട്ടില്‍ ജനിച്ച കെ.സി.ആര്‍ കോണ്‍ഗ്രസില്‍ നിന്നും തുടങ്ങി തെലുങ്ക്‌ദേശം പാര്‍ട്ടിയില്‍ മന്ത്രിയും സ്പീക്കറും എം.എല്‍.എയുമൊക്കെ ആയ ശേഷമാണ് തെലങ്കാന എന്ന സംസ്ഥാനത്തിനായി രംഗത്തിറങ്ങിയത്. പ്രത്യേക തെലങ്കാന സംസ്ഥാനമെന്ന ലക്ഷ്യവുമായി 2001 ഏപ്രില്‍ 27നാണ് കെ. ചന്ദ്രശേഖര്‍റാവു തെലങ്കാന രാഷ്ട്രസമിതിക്ക് രൂപം നല്‍കിയത്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചാല്‍ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാമെന്ന് മോഹിപ്പിച്ച് യു.പി.എ സര്‍ക്കാറിനെ അതിമനോഹരമായി പറ്റിച്ച ചരിത്രമുള്ള കെ.സി.ആര്‍ പിന്നെ ചെയ്തത്രയും ചരിത്രമാണ്. കോണ്‍ഗ്രസില്‍ ലയിച്ചില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ട് ബി.ജെ.പിയെ പിന്തുണക്കുകയും ചെയ്തു.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ പിന്താങ്ങിയിരുന്ന ടി.ആര്‍.എസ് 2020 ഓടെയാണ് അപകടം മണത്ത് എതിര്‍ക്കാന്‍ തുടങ്ങിയത്. മറ്റു പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിനെ മുന്നില്‍നിര്‍ത്തി പ്രതിപക്ഷ സഖ്യത്തിനായി തലങ്ങും വിലങ്ങും ഓടുമ്പോള്‍ കോണ്‍ഗ്രസില്ലാത്ത ഫെഡറല്‍ മുന്നണിയാണ് റാവു ലക്ഷ്യമിടുന്നത്. തെലങ്കാനയില്‍ ടി.ആര്‍.എസിന്റെ സൗഹൃദ കക്ഷിയും രാജ്യത്ത് എവിടെ പ്രധാന തിരഞ്ഞെടുപ്പ് നടന്നാലും ന്യൂനപക്ഷ വോട്ടുകള്‍ ചിന്നിച്ചിതറിക്കാനായി മത്സര രംഗത്തിറങ്ങുകയും ചെയ്യുന്ന അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീനാണ് കെ.സി.ആറിന്റെ പാര്‍ട്ടിയുടെ പേരു മാറ്റത്തെ സ്വാഗതം ചെയ്തു രംഗത്തുവന്ന ഏക പാര്‍ട്ടി. പാര്‍ട്ടിയുടെ പേരുമാറ്റം ഉടനെ തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കുമെന്ന് ടി.ആര്‍.എസ് പറയുന്നത്. എന്നാല്‍, ദേശീയ പാര്‍ട്ടിയെന്ന ഔദ്യോഗികാംഗീകാരത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ഈ പദവിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിബന്ധനകളായ നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി എന്ന അംഗീകാരം. അതല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ കുറഞ്ഞത് ആറു ശതമാനം വോട്ടും നാല് ലോക്‌സഭാസീറ്റുകളും വേണമെന്നതുമൊക്കെ സ്വന്തമാക്കാന്‍ കെ.സി.ആര്‍ കുറച്ച് വിയര്‍ക്കേണ്ടിവരും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മെദകില്‍ പ്രവര്‍ത്തനം തുടങ്ങിയ കെ.സി.ആര്‍ 1983ലാണ് അവസരം നോക്കി ടി.ഡി.പിയിലെത്തുന്നത്. അതേ വര്‍ഷം തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റു. പിന്നീട് സിദ്ദീപേട്ടില്‍ നിന്നും നാലു തവണ തുടര്‍ച്ചയായി ആന്ധ്ര നിയമസഭാംഗമായി. എന്‍.ടി രാമറാവുവിന്റെ മന്ത്രിസഭയില്‍ വരള്‍ച്ച ദുരിതാശ്വാസ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്ന കെ.സി. ആര്‍ 90ല്‍ മെദക്, നിസാമാബാദ്, അദിലാബാദ് ജില്ലകളില്‍ ടി.ഡി.പിയുടെ കണ്‍വീനറായിരുന്നു. 1996ല്‍ ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായി. 1999ല്‍ ചന്ദ്രബാബുനായിഡു മന്ത്രിസഭയില്‍നിന്നും മാറ്റിനിര്‍ത്തിയതോടെയാണ് തെലങ്കാനക്കായി ഇറങ്ങിത്തിരിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നായിഡു വെച്ച് നീട്ടിയപ്പോള്‍ പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് ദീര്‍ഘകാലമായി ഉറങ്ങിക്കിടന്നിരുന്ന ജയ് തെലങ്കാന പ്രക്ഷോഭത്തിന് എണ്ണയൊഴിച്ചു. തെലങ്കാനയെന്ന വികാരത്തിനൊപ്പം നിന്നതോടെ ജനമനസുകളും കൂടെ പോന്നു. 2004ല്‍ യു.പി.എക്കൊപ്പം ചേര്‍ന്ന കെ.സി.ആര്‍ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയാവുകയും ചെയ്തു. പിന്നീട് തെലങ്കാനയുടെ പേരു പറഞ്ഞ് രാജിയും തിരഞ്ഞെടുപ്പുമായി നടന്ന കെ.സി.ആര്‍ 2014ല്‍ തെലങ്കാന സംസ്ഥാനം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയായി.
ടി.ഡി.പിയില്‍ കുടുംബാധിപത്യമാണെന്ന് വിമര്‍ശിച്ചിരുന്ന കെ.സി.ആറും സ്വന്തം പാര്‍ട്ടിയും പദവിയും കൈവന്നപ്പോള്‍ പതിവ് തെറ്റിച്ചില്ല. മകനേയും മകളേയും രാഷ്ട്രീയത്തിലിറക്കി. രാഷ്ട്രീയ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ മകന്‍ കെ.ടി രാമറാവു. നയമൊന്നും ടിയാന് പ്രശ്‌നമല്ല. ആര്‍ക്കൊപ്പവും നില്‍ക്കും നിലനില്‍പ് മാത്രമേ പ്രശ്‌നമുള്ളൂ. ബി.ജെ.പി നിലവില്‍ മുഖ്യശത്രുവാണെങ്കിലും കോണ്‍ഗ്രസിനോളം ശത്രുത കെ.സി.ആറിന് ബി. ജെ.പിയുമായില്ലെന്നത് നാളെയും അടുക്കാന്‍ കാരണമായേക്കാം.