X

പ്രതീക്ഷകള്‍ തളിരിടുമ്പോള്‍ – എഡിറ്റോറിയല്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍നിന്ന് തുടങ്ങി കശ്മീരില്‍ അവസാനിച്ച ഭാരത് ജോഡോ യാത്രയോടെ ഇന്ത്യന്‍ മതേതര സമൂഹം നവോന്മേഷം കൈവരിച്ചിരിക്കുകയാണ്. സംഘപരിവാര്‍ അഴിച്ചുവിടുന്ന വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വശംവദരാകാത്ത വലിയൊരു ജനസമൂഹം രാജ്യത്തുണ്ടെന്ന് ആ പദയാത്രയോടെ തെളിയിക്കപ്പെട്ടു. ബി.ജെ.പി എത്ര തല കുത്തി മറിഞ്ഞാലും ഇന്ത്യ ഒരുകാലത്തും ഹൈദവ രാഷ്ട്രമായി മാറില്ലെന്നുകൂടി രാജ്യത്തെ ബോധ്യപ്പെടുത്താന്‍ രാഹുലിന് സാധിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കി കെട്ടുറപ്പുള്ള ഒരു മതേതര ഭരണകൂടം രാജ്യത്ത് നിലവില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം. എന്നിട്ടും കഴിഞ്ഞ എട്ടര വര്‍ഷമായി ബി.ജെ.പി തന്നെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള മറുപടിയാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നല്‍കിയിരിക്കുന്നത്. മതേതര പാര്‍ട്ടികള്‍ ഐക്യപ്പെടുകയും ഒരുമിച്ച് മുന്നേറുകയും ചെയ്യാതെ രാജ്യത്തിന് രക്ഷയില്ലെന്ന് കോണ്‍ഗ്രസ് സമ്മേളനം ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.

സമാനമനസ്‌കാരായ പാര്‍ട്ടികളെ മുഴുവന്‍ ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്ന വലിയ ദൗത്യം മതേതര സമൂഹം ഏറ്റെടുത്തു നടപ്പാക്കേണ്ടതുണ്ട്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളും പ്രാദേശിക താല്‍പര്യങ്ങളും മാറ്റിവെച്ച് വിശാല കാഴ്ചപ്പാടും ലക്ഷ്യങ്ങളുമുള്ള പ്രതിപക്ഷ ഐക്യമാണ് പ്രധാനം. പക്ഷെ, അതിന് തുരങ്കംവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ പല പേരുകളിലായി വിവിധ കോണുകളില്‍ സജീവമാണ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ചേരിയെ മാറ്റി നിര്‍ത്തി മൂന്നാം മുന്നണിയെന്ന പുതിയൊരു ബദല്‍ തട്ടിക്കൂട്ടാനുള്ള നീക്കങ്ങള്‍ ആത്യന്തികമായി ബി.ജെ.പിക്ക് മാത്രമേ ഗുണം ചെയ്യൂ. റായ്പൂര്‍ പ്ലീനറി അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് അക്കാര്യം തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ നേതൃപദവിയില്‍ ഇരിക്കുന്ന കോണ്‍ഗ്രസിനു മാത്രമേ മതേതര കക്ഷികളെ കോര്‍ത്തിണക്കി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ. കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ബി.ജെ.പിയെ തോല്‍പ്പിക്കുകയെന്ന ആശയമാണ് മൂന്നാം മുന്നണിക്കാര്‍ മുന്നോട്ടുവെക്കുന്നത്.

ആദ്യം കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പാക്കിയ ശേഷമേ അവര്‍ ബി.ജെ.പിക്കെതിരെ ചിന്തിക്കുക പോലും ചെയ്യുന്നുള്ളൂ. സി.പി.എം ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ ഏറെക്കാലം കൊണ്ടുനടന്ന മുദ്രാവാക്യവും അതായിരുന്നു. ബി.ജെ.പിയുടെ വളര്‍ച്ചക്ക് വഴിയൊരുക്കിയതും ഇടതുപാര്‍ട്ടികള്‍ കൊണ്ടുനടന്ന അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. അതിന് രാജ്യം കനത്ത വില നല്‍കേണ്ടിയും വന്നു. വര്‍ഗീയ ശക്തികള്‍് കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ഭരണം കയ്യാളുന്ന സ്ഥിതിയുണ്ടായി. ആപല്‍ക്കരമായ ഈ ഘട്ടത്തിലും കേരളത്തിലെ സി.പി.എം നേതാക്കള്‍ക്ക് മുഖ്യ ശത്രു കോണ്‍ഗ്രസ് തന്നെയാണ്.

ബി.ജെ.പി വിരുദ്ധ പക്ഷത്തുള്ള പല പാര്‍ട്ടികളുടെയും സങ്കുചിത താല്‍പര്യങ്ങള്‍ മതേതര ചേരിയെ ദുര്‍ബലമാക്കുന്നുണ്ട്. സംസ്ഥാനങ്ങളില്‍ മാത്രമായി ചുരുങ്ങിപ്പോയ ആ പാര്‍ട്ടികളുടെ നേതാക്കളില്‍ ചിലര്‍ പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നവരാണ്. തീര്‍ത്തും അപ്രായോഗികമായ അവരുടെ അധികാരമോഹമാണ് മതേതര കക്ഷികളെ ഒരുമിപ്പിക്കുന്നതിന് പ്രധാന തടസം. തരം കിട്ടിയപ്പോള്‍ മന്ത്രിസ്ഥാനത്തിനുവേണ്ടി കേന്ദ്രത്തില്‍ ബി.ജെ.പിയെ കൂട്ടുപിടിച്ചവരും സംഘപരിവാറിന്റെ ആശയങ്ങള്‍ അറിഞ്ഞും അറിയാതെയും ഛര്‍ദിക്കുന്നവരുമാണ് അവര്‍.

ഗുജറാത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന നിര്‍ണായക ഘട്ടങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പാലം വലിച്ച ദുഷിച്ച പാരമ്പര്യവും അവര്‍ക്കുണ്ട്. കോണ്‍ഗ്രസിന് കിട്ടുമായിരുന്ന മതേതര വോട്ടുകള്‍ സ്വന്തം പെട്ടിയിലേക്ക് കൊണ്ടുവന്ന് സംഘപരിവാറിനെ സഹായിക്കുകയാണ് അവര്‍ ചെയ്തത്. പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുകയായിരുന്നു അവരെന്ന് വ്യക്തം. ബി.ജെ.പിയുടെ രാഷ്ട്രീയ കരുക്കള്‍ തന്നെയാണോ ഇവരെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയില്‍ ജനകീയാടിത്തറയും രാഷ്ട്രീയ പാരമ്പര്യവുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വേരോട്ടമുണ്ട്. ബി.ജെ.പിക്ക് പക്ഷെ, അത്തരമൊരു അടിത്തറ ഇല്ല. പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ മാത്രമാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്. ഗൗതം അദാനി തകര്‍ന്നടിയുമ്പോള്‍ മോദിക്ക് നെഞ്ചിടിപ്പ് കൂടുന്നത് അതുകൊണ്ടാണ്. കോര്‍പ്പറേറ്റുകളില്ലാതെ ബി.ജെ.പിക്ക് നിലനില്‍പ്പില്ല. എന്നാല്‍ രാജ്യത്തെ പ്രശ്‌നങ്ങള്‍ കണ്ടും കേട്ടും ഇടപെട്ടും അനുഭവ സമ്പത്തുള്ള കോണ്‍ഗ്രസിന് ജനപിന്തുണ മാത്രമാണ് ആശ്രയം.

ദേശീയതലത്തില്‍ ജനങ്ങള്‍ ഇപ്പോഴും ഉറ്റുനോക്കുന്നത് കോണ്‍ഗ്രസിലേക്കാണ്. അടുത്ത കാലത്ത് പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ ബി.ജെ.പിയെ ഇറക്കി കോണ്‍ഗ്രസിനെ അധികാരത്തില്‍ പിടിച്ചിരുത്തിയത് രാജ്യം മാറി ചിന്തിക്കുന്നതിന്റെ സൂചനയായി വേണം വിലയിരുത്താന്‍. പ്രതീക്ഷയുടെ കിരണങ്ങള്‍ കണ്ടുതുടങ്ങുകയും വളര്‍ച്ചയുടെ തളിരുകള്‍ കൂടുതലായി മുളപൊട്ടുകയും സാഹചര്യത്തില്‍ മതേതര ഐക്യത്തിനായി എല്ലാവരും ജാഗ്രതയോടെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.

webdesk13: