ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഗൗതം അദാനിയുടെ കമ്പനികള്‍ ചീട്ടുകൊട്ടാരം കണക്കെ തകരുകയാണ്. സ്റ്റോക്ക് കൃത്രിമത്വം നടത്തിയും അക്കൗണ്ട് തട്ടിപ്പിലൂടെയുമാണ് അദാനി ഇത്രയും കാലം വിലസിയതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ കമ്പനിയുടെ ഓഹരി വിലകള്‍ വന്‍തോതില്‍ ഇടിഞ്ഞു തുടങ്ങിയിരുന്നു. ഫോബ്‌സിന്റെ ലോക ധനികരുടെ പട്ടികയില്‍ മൂന്നാമതെത്തിയിരുന്ന അദാനി ആദ്യ ഇരുപതില്‍നിന്നും പുറത്തായെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇനിയെന്തൊക്കെയാണ് കേള്‍ക്കാനിരിക്കുന്നതെന്ന് വരും ദിവസങ്ങളില്‍ അറിയാം.
പ്രതിസന്ധി വാ പിളര്‍ത്തി വിഴുങ്ങാന്‍ നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും സ്വന്തക്കാരനായ അദാനി ഹിന്‍ഡന്‍ബര്‍ഗിനെതിരെ വാളെടുത്ത് നടത്തിയ പരാമര്‍ശങ്ങളാണ് ഏറെ ഭീകരം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും നേരെയുള്ള ആസൂത്രിത കടന്നാക്രമണമാണ് ഇതെന്നും ഏതെങ്കിലുമൊരു പ്രത്യേക കമ്പനിയെ മാത്രം ലക്ഷ്യമിട്ടുള്ളത് അല്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. രാഷ്ട്രീയ തിരിച്ചടി നേരിടുമ്പോഴും കുരുക്കില്‍ വീഴുമ്പോഴും മോദി വിളമ്പാറുള്ള അതേ ന്യായീകരണം തന്നെയാണ് ഇത്.
വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉള്‍പ്പെടെ രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളെയും വ്യവസായ മേഖലയെയും വിലക്കെടുത്ത് വയറു വീര്‍പ്പിക്കുന്ന അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് രാജ്യത്തിനുനേരെയുള്ള ആക്രമണമായി തോന്നിയെങ്കില്‍ അത്ഭുതമില്ല. തുച്ഛമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മോദി രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ മുഴുവന്‍ തന്റെ തറവാട് സ്വത്താണെന്ന് അദാനിയെ പോലുള്ളവര്‍ തെറ്റിദ്ധരിക്കുക സ്വാഭാവികം. ഇന്ത്യയുടെ പുരോഗതിയെന്നാല്‍ തന്റെ വളര്‍ച്ചയാണെന്നാണ് അയാള്‍ വിചാരിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കും എം.എല്‍.എമാരെ വിലക്കെടുത്ത് സംസ്ഥാന സര്‍ക്കാറുകളെ വീഴ്ത്താനും കോടികള്‍ ഒഴുക്കിക്കൊടുക്കുന്ന സമ്പന്ന പ്രമാണിയെ പരമാവധി ചിറകിലൊതുക്കാന്‍ മോദി ശ്രമിക്കുന്നുണ്ട്. ഇ.ഡിയെയും സി.ബി.ഐയേയും അഴിച്ചുവിട്ട് എതിരാളികളെ വേട്ടയാടാറുള്ള കേന്ദ്ര സര്‍ക്കാറിനിപ്പോള്‍ മിണ്ടാട്ടമില്ല. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തെ ഞെട്ടിച്ച നീരവ് മോദിയുടെയും വിജയ് മല്യയുടെയും ഹര്‍ഷത്ത് മേത്തയുടെയും പട്ടികയില്‍ ആളുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അദാനിയും അതില്‍ ഇടം പിടിക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു ധനികന്റെ കിതപ്പും ക്ഷീണവും സമ്പദ്ഘടനയെ ഒന്നടങ്കം തളര്‍ത്തുന്ന അവസ്ഥയിലാണിപ്പോള്‍ കാര്യങ്ങളുള്ളത്. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് രണ്ട് ലക്ഷം കോടിയിലേറെ വായ്പ കൊടുത്തിട്ടുണ്ടെന്നാണ് കണക്ക്. അദാനി ഗ്രൂപ്പിന്റെ ഓഹരി ഇടിയുമ്പോള്‍ ഇന്ത്യയുടെ ബാങ്കിങ് മേഖലയും പ്രതിസന്ധിയിലാകുമെന്ന് ആശങ്കപ്പെടേണ്ടിവരുന്നത് അതുകൊണ്ടാണ്.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമെല്ലാം അദാനിയുടെ ഇടിവ് അദ്ദേഹത്തില്‍ മാത്രമായി ഒതുങ്ങുമെന്ന് പറയുന്നുണ്ട്. പക്ഷെ, പൊതുമേഖലയിലെ കണ്ണായ സ്ഥാപനങ്ങളെല്ലാം അദാനിയുടെ പേരില്‍ മോദി എഴുതിക്കൊടുത്ത സ്ഥിതിക്ക് സര്‍ക്കാറിന്റെയും ആര്‍ബിഐയുടെയും ആശ്വാസ വാക്കുകള്‍ എത്രത്തോളം വാസ്തവമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അദാനിയുമായി നീണ്ട കാലത്തെ ആത്മബന്ധം സൂക്ഷിക്കുന്ന മോദിയുടെ ചങ്കിടിപ്പേറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം.
അയല്‍വാസിക്കാദ്യം എന്ന പദ്ധതി മോദി തുടങ്ങിയത് അദാനിയെ കണ്ടിട്ടായിരുന്നു. ബംഗ്ലാദേശിന് വൈദ്യുതി നല്‍കാനുള്ള ഈ പദ്ധതി മുടങ്ങിക്കിടക്കുകയാണ്. എസ്.ബി.ഐയും എല്‍.ഐ.സിയും പരിധി വിട്ട് ഒന്നും കൊടുത്തിട്ടില്ലെന്ന് വിളിച്ച് പറഞ്ഞ് ധനമന്ത്രി വെപ്രാളപ്പെടുന്നതും പുലി വാല് പിടിച്ചെന്ന് കേന്ദ്രത്തിന് ബോധ്യമുള്ളതുകൊണ്ടാണ്.
അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ സംശയത്തിന്റെ നിഴലിലാക്കിയെന്നതാണ് അദാനി തകര്‍ച്ചയുടെ മറ്റൊരു ദുരന്ത ഫലം. നിക്ഷേപകരെല്ലാം അദാനിയെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ റേറ്റിങ് താഴ്ത്തുകയും കമ്പനിയുടെ ഓഹരികളില്‍ വായ്പ നല്‍കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ബഹളം ഇനിയും കേട്ടില്ലെന്ന് നടിക്കാന്‍ മോദി ഭരണകൂടത്തിന് കഴിയില്ല. ഓഹരി വിലയില്‍ കൃത്രിമത്വം നടത്തിയതിനെക്കുറിച്ച് കേന്ദ്രം മറുപടി പറയേണ്ടിവരും. അത്രയും വലിയ കുഴിയിലാണ് സര്‍ക്കാരിന്റെ സ്വന്തക്കാരന്‍ അകപ്പെട്ടിരിക്കുന്നത്. ഇത്രയും കാലം പണം കായ്ക്കുന്ന മരമായി ബി.ജെ.പി കണ്ടിരുന്ന അദാനി കടപുഴകുമ്പോള്‍ രാഷ്ട്രീയ രംഗത്തും വമ്പന്‍ പ്രകമ്പനങ്ങളുണ്ടാകും. പണക്കൊഴുപ്പില്‍ വീര്‍പ്പിച്ചു നിര്‍ത്തിയിരുന്ന സംഘപരിവാര്‍ ബലൂണ്‍ കൂടിയാണ് അദാനിയോടൊപ്പം പൊട്ടാന്‍ പോകുന്നത്.