തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ടുവയസുകാരിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. അതേസമയം, കാണാതായ സംഭവം തട്ടിക്കൊണ്ടുപോകല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്നലെ രാത്രി പത്തിനും 1 20നും ഇടയിലാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയില്‍ അവ്യക്തത ഉണ്ടെങ്കിലും സംശയിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
കാണാതായ കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൊലീസ് നായയെ ഉൾപ്പെടെ എത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ സഹോദരന്റെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്.
കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴിയിൽ പറയുന്നതിൽനിന്നു വ്യത്യാസമായി മറ്റൊരു വഴിയിലൂടെയാണ് പൊലീസ് നായ പോയത്. കുട്ടിയെ തട്ടിയെടുത്തെന്നു കരുതുന്ന മഞ്ഞ സ്കൂട്ടർ പോയെന്നു സഹോദരൻ പറഞ്ഞതിന് എതിർദിശയിലാണ് നായ സഞ്ചരിച്ചത്. മഞ്ഞ സ്കൂട്ടറാണു വന്നതെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണു കാണാതായ പെൺകുട്ടിയുടെ മൂത്ത സഹോദരൻ പറഞ്ഞത്. എന്നാൽ ഇത് ഇളയ സഹോദരൻ പറഞ്ഞ അറിവാണെന്നാണു പിന്നീട് ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത്. സ്കൂട്ടറിലാണു തട്ടിക്കൊണ്ടു പോയതെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പൊലീസ് കമ്മിഷണറും പറഞ്ഞു.