ഭൂവിഷയങ്ങള്‍ പഠിക്കാന്‍ ജില്ലയിലേക്ക് സര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘം വരുന്നതില്‍ പ്രതികരിച്ച് എം.എം മണി. ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കല്‍ പണ്ടുമുതലേ ഉളളതാണ്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ദൗത്യസംഘം അഴിഞ്ഞാടിയ പോലെ അഴിഞ്ഞാടാനാണ് പദ്ധതിയെങ്കില്‍ അതിനെ തങ്ങള്‍ എതിര്‍ക്കും. എന്ത് വന്നാലും എതിര്‍ക്കും.
കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുന്നു. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യുംകാലും വെട്ടുമെന്നാണ് ചിലരുടെ പ്രഖ്യാപനം. തലവെട്ടിക്കളഞ്ഞാല്‍ പോരെയെന്ന സി.പി.ഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രസ്താവനയോടും എം.എം മണി പ്രതികരിച്ചു. കെ കെ ശിവരാമന്‍ വിവരക്കേട് പറഞ്ഞതിന് താന്‍ എന്ത് പറയാനാണ്. അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞുകാണും.
അയാള്‍ക്ക് തോന്നുന്നതുപോലെ അയാള്‍ക്കും പ്രതികരിക്കാം തനിക്ക് തോന്നുന്നതുപോലെ താനും പ്രതികരിക്കും. ദൗത്യ സംഘം വന്ന് ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിന് ഗുണകരമാകുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതല്ലാതെ ഇവിടെ വന്ന് ജനങ്ങളെ കയ്യേറ്റം ചെയ്യാനും ഇടിച്ചുനിരത്താനും ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും. അതിന് ആരുടേയും ശുപാര്‍ശയും ശീട്ടും തനിക്ക് ആവശ്യമില്ല. അതിനുളള ശീട്ടൊക്കെ തന്റെ കയ്യിലുണ്ട്. താന്‍ ആരുടേയും കയ്യും കാലും വെട്ടുമെന്ന് പറഞ്ഞിട്ടില്ല. പണ്ട് പറഞ്ഞിട്ടുണ്ടെന്നും എം.എം മണി പറഞ്ഞു.
വി എസിന്റെ കാലത്തെ ദൗത്യ സംഘം അന്ന് എടുത്ത നടപടിയിലെ കേസുകളില്‍ സര്‍ക്കാര്‍ കോടതിയില്‍ തോറ്റുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് നഷ്ടപരിഹാരം കൊടുക്കേണ്ടതൊക്കെയാണ് ഇപ്പോ എത്തിക്കൊണ്ടിരിക്കുന്നത്.
എന്ത് കുന്തമാണെങ്കിലും ദൗത്യ സംഘമാണെങ്കിലും നിയമപരമായ ന്യായമായ കാര്യങ്ങള്‍ ചെയ്യുന്നതിന് നമ്മള്‍ അനുകൂലമാണ്. ഈ സര്‍ക്കാര്‍ വി എസിന്റെ സര്‍ക്കാരല്ല പിണറായിയുടെ സര്‍ക്കാരാണ് അദ്ദേഹത്തിന്റെ ഭരണത്തില്‍ വിശ്വാസമുണ്ട്്.
ജില്ലയില്‍ ഇത്രമാത്രം കയ്യേറ്റം എവിടെയാണുളളത്. കണ്ണന്‍ദേവന്‍ കമ്പനിക്ക് ലക്ഷക്കണക്കിന് ഭൂമി എഴുതികൊടുത്തത് രാജഭരണകാലത്ത് ആണ്. തലയാട് എസ്റ്റേറ്റ്, പീരുമേട്ടിലെ മുഴുവന്‍ സ്ഥലവും രാജഭരണ കാലത്ത് കൊടുത്തതാണ്. ഉടുമ്പന്‍ചോല താലൂക്കില്‍ ഏലം കൃഷിക്ക് വേണ്ടി രാജഭരണ കാലത്ത് ആണ് തമിഴ്‌നാട്ടുകാര്‍ക്ക് കൊടുത്തത്. പട്ടംതാണുപിളള പട്ടം കോളനി സ്ഥാപിച്ചു.
കാന്തല്ലൂര്‍ കോളനി എന്നിവ കര്‍ഷകര്‍ക്ക് കൊടുത്തു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ തര്‍ക്കമില്ല. ദൗത്യസംഘം വരുന്നുവെന്നതില്‍ ബേജാറാകേണ്ട കാര്യമില്ല. അന്നത്തെ ദൗത്യസംഘം നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്തു. അവര്‍ ചെയ്തതിനെല്ലാം ഇന്ന് കേസ് ഉണ്ട്. കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഇപ്പോ നഷ്ടപരിഹാരം കൊടുക്കണമെന്നും എം.എം മണി ചൂണ്ടിക്കാട്ടി.