Connect with us

kerala

വയനാടിനോട് എന്തിനീ ക്രൂരത

രാജ്യം സാക്ഷ്യംവഹിച്ചതില്‍തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് 2024 ജൂലൈ 30ന് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍.

Published

on

വയനാട് ദുരന്തത്തില്‍ ജീവനും ജീവനോപാധികളും നഷ്ടമായവരോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണനക്കെതിരെ ഇന്നലെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരിക്കുകയാണ്. അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നും നിയമസഭ ഐകകണ്ഠന പാസാക്കിയ പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. വയനാട് പുനരധിവാസം സംബന്ധിച്ച് അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷം പിന്‍വലിച്ച്, പകരം കേന്ദ്ര ധനസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിക്കുകയായിരുന്നു. രാഷ്ട്രിയമായ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി അവതരിപ്പിച്ച പ്രമേയം തന്നെ വിഷയത്തിന്റെ മുഴുവന്‍ ഗൗരവവും വ്യക്തമാക്കുന്നുണ്ട്.

രാജ്യം സാക്ഷ്യംവഹിച്ചതില്‍തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് 2024 ജൂലൈ 30ന് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍. 250ലധികം മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുകയും 40 ലധികം പേരെ കാണാതാകുകയും ചെയ്ത ദുരന്തത്തില്‍ ഒരു പ്രദേശമൊന്നാകെ തകര്‍ന്നു തരിപ്പണമായിപ്പോവുകയായിരുന്നു. ഞങ്ങളെമാത്രം എന്തിനിങ്ങനെ ബാക്കിയാക്കി എന്ന കുടപ്പിറപ്പുകള്‍ക്കൊപ്പം ജീവിതവും ജീവനോപാധികളും തകര്‍ന്നുപോയ, ദുരന്തത്തെ അവശേഷിച്ച മനുഷ്യരുടെ വിലാപങ്ങള്‍ ഓരോ മലയാളികളുടെയും അന്തരാളങ്ങളില്‍ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുകയാണ്. സകലതും നഷ്ടപ്പെട്ടുപോയ ഈ മനുഷ്യരെ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയെന്ന ദൗത്യമാണ് ഭരണകൂടങ്ങള്‍ക്കും മനുഷ്യസ്‌നേഹികള്‍ക്കും വയനാട്ടില്‍ ചെയ്യാനുണ്ടായിരുന്നത്.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ പോലെ തന്നെ സമാനതകളില്ലാത്ത ചുവടുവെപ്പുകളാണ് സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ഇക്കാര്യത്തിലുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ ഉദാരമായിതന്നെ സംഭാവനനല്‍കിയപ്പോള്‍ മുസ്ലിംലീഗ് പാര്‍ട്ടി വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഫണ്ടുശേഖരണവും അത്യല്‍ഭുതകരമായാണ് മുന്നേറിയത്. അത്രമേല്‍ വിശ്വാസത്തോടെ പൊതുസമൂഹം ഏല്‍പ്പിച്ച പണം ചടുലമായ പ്രവര്‍ത്തനങ്ങളിലൂടെ അവകാശികളുടെ കരങ്ങളിലേക്കെത്തിച്ചുകൊണ്ട് ആ വിശ്വാസ്യതയുടെ തിളക്കം പാര്‍ട്ടി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടിയന്തര സഹായം എത്തിക്കുന്നതിലും ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ കോപനത്തിലുമെല്ലാം വീഴ്ചകള്‍ പ്രകടമാണെങ്കിലും ജനങ്ങളെ പുനരധിവസിപ്പിക്കുകയെന്ന ഭഗീരഥപ്രയത്‌നത്തില്‍ പ്രതിപക്ഷവും സര്‍ക്കാറിനൊപ്പം ഉറച്ചുനില്‍ക്കുകയാണ്.

ഇന്നലെ നിയമസഭയില്‍ കണ്ടിട്ടുള്ളത് ഈ പിന്തുണയുടെ നിദര്‍ശനമാണ്. എന്നാല്‍ ഇത്രയും വലിയൊരു ദുരന്തത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരി ച്ചുകൊണ്ടിരിക്കുന്ന സമീപനം ഞെട്ടിപ്പിക്കുന്നതും ഒരുപരിഷ്‌കൃത ഭരണകൂടത്തിന് ഒരുതരത്തിലും യോജിക്കാത്തതുമാണ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് സമാനമായ മറ്റൊരുദുരന്തമായി കേന്ദ്രത്തിന്റെ ഈ സമീപനം മാറിക്കൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ.് ദുരന്ത നിവാരണത്തിന്റെ നിര്‍ണായകഘട്ടത്തില്‍ ഒരു ദിവസത്തെ തിരച്ചില്‍പോലും മാറ്റിവെക്കേണ്ടിവന്നെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയും ആശ്വാസത്തോടെയുമായിരുന്നു കേരളം വീക്ഷിച്ചത്. നാടിന്റെ പ്രതീക്ഷക്കൊത്തുതന്നെ സ്‌നേഹോഷ്മളമായ പെരുമാറ്റങ്ങളും പ്രതീക്ഷാ നിര്‍ഭരമായ സംസാരങ്ങളുമെല്ലാം അദ്ദേഹത്തില്‍ നിന്നുണ്ടാവുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുമുമ്പുതന്നെ കേന്ദ്രദുരന്തനിവാരണസേന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ദൂരന്തത്തിന്റെ ആഴം മനസിലാക്കിയ സാഹചര്യത്തില്‍ വയനാട്ടില്‍വെച്ചുതന്നെ സഹായപ്രഖ്യാപനമുണ്ടാവുമെന്നുവരെ സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നുമാത്രമല്ല പ്രധാനമന്ത്രി തിരികെ ഡല്‍ഹിയിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളം കാത്തിരുന്ന പ്രഖ്യാപനം ഇതുവരെയും ഉണ്ടായില്ല. പ്രധാനമന്ത്രിയില്‍ നിന്നു മാത്രമല്ല, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരില്‍നിന്നുള്‍പ്പെടെ വാചകക്കസര്‍ത്തുകള്‍ നിരന്തരം ഉണ്ടാവുന്നുണ്ടെങ്കിലും സഹായം മാത്രം എത്തുന്നില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കേന്ദ്ര ദുരന്ത നിവാരണ ഫണ്ടില്‍നിന്നും ഉദാരമായ സഹായങ്ങള്‍ സംസ്ഥാനം കാത്തിരിക്കുന്നവെങ്കില്‍ സാമാന്യ യുക്തിക്ക് നിരക്കാത്ത ന്യായങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

വയനാടിന് ശേഷം 33 പേര്‍ മരണമടഞ്ഞ ദുരന്തമുണ്ടായ സംസ്ഥാനത്തിന് 1 കോടി നല്‍കിയ സാഹചര്യത്തിലാണ് ഈ മുടന്തന്‍ ന്യായങ്ങളില്‍ കേന്ദ്രം അഭിരമിക്കുന്നത്. കേരളം ഇന്ത്യയില്‍ തന്നെയല്ലേ എന്ന ചോദ്യമാണ് ഇവിടെ ന്യായമായും ഉടലെടുക്കുന്നത്. അല്‍പമെങ്കിലും മനസാക്ഷിയുണ്ടെങ്കില്‍ എല്ലാം തകര്‍ന്നുപോയ ഒരു ജനതയെ പുനരധിവസിക്കാനുള്ള ഒരു നാടിന്റെ എല്ലാം മറന്നുള്ള ശ്രമങ്ങളില്‍ കേന്ദ്രം ഒരുനിമിഷം പോലും പാഴാക്കാതെ പങ്കാളികളാവേണ്ടതുണ്ട്. പ്രതിപക്ഷത്തിന്റെ അകൈതവമായ പിന്തുണ ഉപയോഗപ്പെടുത്തി കേരളത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ നട്ടെല്ലുനിവര്‍ത്തി ചോദിച്ചുവാങ്ങാനുള്ള ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാറും കാണിക്കേണ്ടതുണ്ട്.

 

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

kerala

പാലക്കാട് ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് – ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് മറിഞ്ഞത്.

Published

on

പാലക്കാട് കോങ്ങാട് ബസ് മറിഞ്ഞ് അപകടം. പാലക്കാട് – ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് മറിഞ്ഞത്.

പാറശേരിക്കും കൊട്ടശേരിക്കും ഇടയില്‍ വച്ചാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിമാറി ബസ് മറിയുകയായിരുന്നു.

 

Continue Reading

kerala

ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും

Published

on

നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞെടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്‍ ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്‍. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പ് ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സി ബി.ഐക്കു വിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലം നല്‍കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പുദിനത്തോടനുബന്ധിച്ചു വോട്ടര്‍മാരില്‍ പ്രതികൂല ചിന്തയുണ്ടാക്കാന്‍ സാധ്യതയുള്ളയാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെറിയ വിവാദങ്ങള്‍ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്‍ മുന്നണികള്‍ പരമാവധി ശ്രദ്ധ നല്‍കാറുമുണ്ട്. എന്നാല്‍ സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്‍പറത്തുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രിയ നെറികേടിന് അവര്‍ക്കു കിട്ടുന്ന തിരിച്ചടികള്‍ പക്ഷേ അവരില്‍ നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ പോയത്. ഭരണകക്ഷിക്ക് 72 എം.എല്‍.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്‍ക്കാരിന്റെ തന്നെ വിലയുള്ള കാലം. എന്നാല്‍ അച്യുതാനന്ദന്‍ കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. ഒടുവില്‍ ആറായിരത്തി എഴുനൂറ് വോട്ടിന് പൊതു തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്‍കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവ ദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്‌ലാറ്റില്‍വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിനും മുന്നണിക്കും ഏല്‍പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്‍നിന്നു കരകയറി, ഇ.പിയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്‍ച്ചയാക്കിയതിനുപിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനം പ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്‍.ഡി.എഫിലും അമര്‍ഷവും പ്രതി ഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്.

ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന്‍ തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്‍ സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇ.പി തള്ളിക്കളഞ്ഞത് പാര്‍ട്ടിക്കു താല്‍ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്‍ സംശയിച്ചുതന്നെയാണ് സി.പി.എം നേത്യത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പുറത്തുവന്ന ആത്മകഥയില്‍ അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്‍പ്പിലുണ്ടെന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്‍ട്ടിയില്‍ കഴിയുന്നതെന്ന സൂചന പുസ്തകത്തില്‍ വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി അവിടെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതും വിവാദമായത് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്. സി.പി.എം അകപ്പെട്ട ജീര്‍ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 

Continue Reading

Trending