X
    Categories: News

മുഖം മറയ്ക്കാന്‍ ‘മാസ്‌ക്കിനു പകരം പെരുമ്പാമ്പിനെ ചുറ്റി ബസ് യാത്രികന്‍; ദൃശ്യങ്ങള്‍ പുറത്ത്

മുഖം മറയ്ക്കാന്‍ ‘മാസ്‌ക്കിനു പകരം പെരുമ്പാമ്പിനെ ചുറ്റിയ ബസ് യാത്രികന്റെ ദൃശ്യങ്ങള്‍ പുറത്ത്. പലതരം മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഇംഗ്ലണ്ടിലെ സാല്‍ഫോര്‍ഡില്‍ ബസ് യാത്രക്കിടെ ഒരു വ്യക്തി ഉപയോഗിച്ച ‘ജീവനുള്ള മാസ്‌ക്’ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. തുണികൊണ്ടുള്ള മാസ്‌കിനു പകരം ഇയാള്‍ മുഖവും കഴുത്തും മറയ്ക്കാനായി ഉപയോഗിച്ചത് ഒരു വമ്പന്‍ പെരുമ്പാമ്പിനെയാണ്.

കഴുത്തില്‍ ചുറ്റിയ നിലയില്‍ പാമ്പുമായി ബസ്സില്‍ ഇരിക്കുന്ന യാത്രക്കാരന്റെ ചിത്രങ്ങള്‍ ഇതിനോടകം ജനശ്രദ്ധ കഴിഞ്ഞു. കഴുത്തിലും മുഖത്തുമായി ചുറ്റിയിരിക്കുന്ന പാമ്പിനെ കണ്ടപ്പോള്‍ മറ്റു യാത്രക്കാര്‍ ആദ്യം കരുതിയത് അത് പാമ്പിന്റെ പുറം തൊലിയുടെ മാതൃകയിലുള്ള ചിത്രം വരച്ച മാസ്‌ക് ആകും എന്നാണ്. എന്നാല്‍ അല്പസമയത്തിനുശേഷം പാമ്പ് കഴുത്തില്‍നിന്നും പിടിവിട്ട് സമീപത്തുള്ള കമ്പിയിലേക്ക് ഇഴഞ്ഞു നീങ്ങിയതോടെയാണ് ജീവനുള്ള പാമ്പ് തന്നെയാണെന്നു തിരിച്ചറിഞ്ഞത്.

ഇയാള്‍ യഥാര്‍ഥ മാസ്‌ക് ധരിച്ചിരുന്നില്ല എന്നതാണ് വസ്തുത. ജീവനുള്ള പാമ്പിനെ ബസിനുള്ളില്‍ കണ്ടതോടെ മറ്റ് യാത്രക്കാരെല്ലാം ജാഗ്രതയിലായിരുന്നു. എന്നാല്‍ പാമ്പ് യാത്രക്കാരില്‍ ആരെയും ഉപദ്രവിക്കാന്‍ മുതിര്‍ന്നില്ല. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി സ്‌കാര്‍ഫ് അടക്കമുള്ള ഏത് ഉല്‍പ്പന്നങ്ങളും മുഖം മറയ്ക്കാന്‍ ഉപയോഗിക്കാമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇതു മുതലെടുത്ത് ജീവനുള്ള ഒരു പാമ്പിനെ തന്നെ മാസ്‌കിന് പകരം ആരെങ്കിലും ഉപയോഗിക്കുമെന്നു കരുതിയില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ പറയുന്നു.

ബസ്സിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അതിനാല്‍ ഈ വിഷയം ഗൗരവമായി തന്നെ കണക്കാക്കുന്നതായും ട്രാന്‍സ്‌പോര്‍ട്ട് ഗ്രൂപ്പായ സ്റ്റേജ്‌കോച്ചിന്റെ വക്താവ് വ്യക്തമാക്കി. സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ബസ്സിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

chandrika: