ഉബൈദ് കോട്ടുമല
ദേശീയ തലത്തില്‍ മുസ്‌ലിം സമുദായത്തിനെതിരെ സംഘ് പരിവാര്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന മുഴുവന്‍ ആശയങ്ങളുടെയും പ്രയോക്താക്കള്‍ കേരളത്തിലെ സി.പി.എം തന്നെ. ഹിജാബാണ് ഈ ഗണത്തിലെ അവസാനത്തെ ആയുധം. കര്‍ണാടകയിലെ ഉഡുപ്പി പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് നിരോധിക്കാന്‍ പ്രിന്‍സിപ്പാളിന് ധൈര്യം നല്‍കിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഹിജാബ് വിഷയത്തില്‍ സ്വീകരിച്ച സമീപനമാണെന്ന് പറയാതിരിക്കാനാകില്ല. എസ്.പി.സിയില്‍ അംഗമാകുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കരുതെന്ന് നിഷ്‌കര്‍ശിച്ചത് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പാണ്. ഇതിനെതിരെ ഒരു മുസ്‌ലിം വിദ്യാര്‍ത്ഥിനി കോടതിയെ സമീപ്പിക്കുകയും കോടതി സര്‍ക്കാറിന്റെ അഭിപ്രായം ആരായുകയും ചെയ്തിരുന്നു. എസ്.പി.സിയില്‍ അംഗമാകുന്ന വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മതേതര സ്വാഭാവത്തെ കളങ്കപ്പെടുത്തുമെന്ന വിചിത്ര വാദമാണ് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഹിജാബ് വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരം കര്‍ക്കശ നിലപാട് സ്വീകരി ക്കുന്നത് എന്ത് ഉദ്ദേശത്തിലാകുമെന്നത് അനുമാനിക്കാവുന്നതേയുള്ളൂ. വിഷയം കേരളത്തില്‍ ചര്‍ച്ചായായി. ദേശീയ തലത്തില്‍ വാര്‍ത്തകളും ചര്‍ച്ചകളും ഉയര്‍ന്ന് വന്നു.
കര്‍ണാടകയില്‍ ഹിജാബ് ചര്‍ച്ചയാകുന്നതിന് കൃത്യം ഒരു മാസം മുമ്പാണ് എസ്.പി.സിയിലെ ഹിജാബ് നിരോധനം കേരളം ചര്‍ച്ച ചെയ്തത്. ഈ ചര്‍ച്ചയാണ് പിന്നീട് കര്‍ണാടകയിലെ സംഘ്പരിവാര്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുത്തത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനം ആകാമെങ്കില്‍ എന്ത് കൊണ്ട് ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകത്തില്‍ ആയിക്കൂടാ എന്നായിരുന്നു അവരുടെ വാദം. തുടര്‍ന്നാണ് സംഘ്പരിവാര്‍ കര്‍ണാടകത്തിലെ മുഴുവന്‍ കോളജുകളിലും ഹിജാബിനെതിരെ അഴിഞ്ഞാടിയതും ഹിജാബ് നിരോധനത്തിലേക്ക് വരെ കോടതി വിധി എത്തുകയും ചെയ്തത്.
മാര്‍ക്ക് ജിഹാദിന്റെ പിന്നാമ്പുറവും മറിച്ചായിരുന്നില്ല. കേരളത്തില്‍ നിന്നുള്ള പ്ലസ്.ടു വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കൂട്ടിക്കൊടുത്ത് കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നുവെന്ന ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ രാഗേഷ് കുമാര്‍ പാണ്ടേയുടെ ആരോപണത്തിനും കേരളത്തിലെ സി.പി.എം നേതാക്കന്മാരുടെ പ്രസ്താവനകള്‍ കാരണമായിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലേക്കും ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും വിദ്യാര്‍ത്ഥികളെ ‘റിക്രൂട്ട് ‘ചെയ്യാന്‍ സിജി അടക്കമുള്ള ചില സംഘടനകള്‍ പ്രച്ഛന്നവേഷധാരികളായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത് സി.പി.എം രാജ്യസഭാംഗം എളമരം കരീമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിങ് കൊടുക്കുന്നതും മത്സര പരീക്ഷകള്‍ക്ക് അവരെ പ്രാപ്തരാക്കുന്നതും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റ് കൊടുക്കുന്നതും ചില അജണ്ടയുടെ ഭാഗമാണെന്നാണ് അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്. സംഘ്പരിവാര്‍ പോലും ഇന്നേവരേ ഉന്നയിക്കാത്ത ആരോപണമാണ് ഈ സി.പി.എം നേതാവ് ഉയര്‍ത്തിയിട്ടുള്ളത്. കോഴിക്കോട് ഒരു പൊതുപരിപാടിയില്‍ ഉന്നയിച്ച ഈ ആരോപണമാണ് ഡല്‍ഹി സര്‍വകലാശാല പ്രൊഫസറുടെ മാര്‍ക്ക് ജിഹാദ് ആരോപണത്തിന് ധൈര്യം പകര്‍ന്നിട്ടുള്ളത്. മാത്രവുമല്ല, ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍വകലാശാലകളിലേക്ക് അടുത്ത വര്‍ഷം മുതല്‍ പൊതു പ്രവേശന പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.
ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആരോപണങ്ങള്‍ ദേശീയ തലത്തില്‍ സംഘ്പരിവാര്‍ ഏറ്റെടുക്കുന്നു എന്ന് മാത്രമല്ല, അതിനെതിരെ നിയമ നിര്‍മാണവും നടത്തുന്നുവെന്നതാണ് വിചിത്രം. സിജി അടക്കമുള്ള സംഘടനകളുടെ പരിശീലനത്തില്‍ പങ്കെടുത്ത് കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടിയവരില്‍ ആരും തന്നെ തീവ്രവാദ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആരോപണവും തെളിവും നില നില്‍ക്കുന്നില്ല. എന്നിരിക്കേ എളമരം കരീമിന്റെ അനവസരത്തിലുള്ള ഈ പ്രസ്താവനയുടെ ലക്ഷ്യമെന്താണ്?. മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയെ ആരാണ് ഭയക്കുന്നത്?. ഈ പുരോഗതി ആരെയാണ് അലോസരപ്പെടുത്തുന്നത്?.
അടുത്തകാലത്തായി കേന്ദ്രത്തില്‍ ബി.ജെപി നടപ്പിലാക്കി കൊണ്ടിരിക്കുന്ന മതേതര-ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍വകലാശാലകളില്‍ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമുണ്ട്. സി.എ.എ യുടെ ഐക്കണായി അറിയപ്പെട്ട ലദീദ ഫര്‍സാനയും ആയിശ റനയും നിദ പെര്‍വീണുമൊക്കെ കേരളത്തിന്റെ സംഭവനകളാണ്. ഡല്‍ഹി പൊലീസിന്റെ മുഖത്ത് വിരല്‍ ചൂണ്ടാന്‍ ഇവരെയൊക്കെ പ്രാപ്തരാക്കിയത് അവരുടെ വിദ്യാഭ്യാസമാണ്. അത്‌കൊണ്ട് തന്നെ ഈ വിദ്യാഭ്യാസ പുരോഗതി ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ടാകുമെന്നത് തീര്‍ച്ചയാണ്. പക്ഷേ, അത് സി.പി.എമ്മിനും ഭയപ്പാടായി മാറുന്നുണ്ടോ?. മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ച് വിജയിക്കുന്നുവെന്ന് മുമ്പ് അച്ചുതാനന്ദന്‍ പറഞ്ഞതിനോട് മലബാര്‍ മേഖലകളില്‍ പ്ലസ്.ടു സ്‌കൂളുകളും കോളജുകളും അനുവദിക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവവും ചേര്‍ത്ത് വായിച്ചാല്‍ ഒരു പക്ഷേ മുസ്‌ലിം വിദ്യാഭ്യാസ പുരോഗതി ഇടതുപക്ഷത്തെയും ഭയപ്പെടുത്തുന്നുവെന്ന് നാം അനുമാനിക്കേണ്ടിവരും. അതിലേക്കാണ് എളമരം കരീമിന്റെ പ്രസ്താവനയും വിരല്‍ ചൂണ്ടുന്നത്.
ദേശീയ തലത്തില്‍ ബി.ജെ.പി ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ലൗ ജിഹാദിന്റെയും വക്താക്കള്‍ കേരളത്തിലെ സിപി.എം തന്നെയാണ്. 2011 ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ നടത്തിയ പ്രസ്താവനയാണ് പിന്നീട് ലൗ ജിഹാദായി ദേശീയ തലത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടത്. കേരളത്തിലെ മുസ്‌ലിം യുവാക്കള്‍ അന്യമതസ്ഥരായ യുവതികളെ സ്‌നേഹം നടിച്ച് വിവാഹം കഴിക്കുകയും അത് വഴി സന്താനോല്‍പാദനം വര്‍ധിപ്പിക്കുകയും ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളം വൈകാതെ ഒരു മുസ്‌ലിം പ്രദേശമായി മാറുമെന്ന വി.എസിന്റെ പ്രസ്താവനയാണ് പിന്നീട് യു.പി യിലടക്കം യോഗിയും ബി.ജെപിയും ആയുധമാക്കിയത്. 2014-ല്‍ ഇന്ത്യാടിവിയുടെ അഭിമുഖത്തില്‍ യോഗി അത് ആവര്‍ത്തിക്കുകയും ചെയ്തു. ലൗ ജിഹാദിനെ കുറിച്ച് യോഗിയുടെ അഭിപ്രായം ആരാഞ്ഞ അവതാരകനോട് യോഗി പറഞ്ഞത്, ലൗ ജിഹാദ് ബി.ജെ.പി പ്രചരിപ്പിച്ച ആശയമല്ല; മറിച്ച് അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്‍ പ്രചരിപ്പിച്ചതാണ്. ദേശീയ തലത്തില്‍ ഞങ്ങള്‍ അത് ആവര്‍ത്തിക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ എന്നാണ് യോഗി മറുപടിയായി പറഞ്ഞത്. ഈയിടെ നടന്ന യു.പി തിരഞ്ഞെടുപ്പില്‍ യോഗിയുടെ പ്രധാന തിരഞ്ഞെടുപ്പ് ആയുധങ്ങളില്‍ ഒന്ന് വി.എസിന്റെ ലൗ ജിഹാദ് തന്നെയായിരുന്നു.
കേരളത്തില്‍ യോഗിയുടെ ഈ പ്രഖ്യാപനം അല്‍പം നേരത്തെ ഏറ്റെടുത്തത് ജോസ് കെ. മാണിയായിരുന്നു. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ട് വരുമെന്നായിരുന്നു ആ പ്രഖ്യാപനം. ഇതു തിരുത്താന്‍ ഇടതുപക്ഷത്തുള്ള ഒരു നേതാവും മുന്നോട്ട് വന്നില്ല. കാരണം അതില്‍ അല്‍പം വോട്ട് രാഷ്ട്രീയമുണ്ടായിരുന്നു. അത് തന്നെയാണ് യു.പി.യില്‍ യോഗിയും പ്രയോഗിച്ചത്.
ചുരുക്കത്തില്‍ അരുണ്‍ ജെയ്റ്റിലിയുടെ കണ്ടെത്തലുകള്‍ ശരിവെക്കുകയാണ് കേരളം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അരുണ്‍ ജെയ്റ്റ്‌ലി ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ച ഒരു പഠന റിപ്പോര്‍ട്ടുണ്ട്. അത് കേരളത്തില്‍ ബി.ജെ.പിയുടെ ഭാവി സാധ്യതകളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടാണ്. ആ റിപ്പോര്‍ട്ടിന്റെ സംഗ്രഹത്തില്‍ അമ്പരിപ്പിക്കുന്ന ഒരു സത്യമുണ്ട്. ഭാവിയില്‍ കേരളത്തില്‍ ബി.ജെപിക്ക് വളര്‍ച്ച സാധ്യമല്ലെന്നതാണത്. കാരണം മറ്റൊന്നുമല്ല, ബി.ജെ.പിക്ക് ചെയ്യാനുള്ളത് കേരളത്തില്‍ സി.പി.എം ചെയ്തുകൊണ്ടിരിക്കുന്നു.
ഇടതുപക്ഷ മുന്നണിക്ക് നേതൃത്വം നല്‍കി വരുന്ന സി.പി.എം കേരളത്തില്‍ ഒരു വര്‍ഗീയ പാര്‍ട്ടിയായി പരിണമിച്ച് കൊണ്ടിരിക്കുന്നു എന്നതാണ് ജെയ്റ്റിലിയുടെ കണ്ടെത്തല്‍. ആ പരിണാമ ഘട്ടത്തിലൂടെയാണ് സി.പി.എം കടന്ന് പോകുന്നത്. അത് കൊണ്ട് തന്നെ കേരളം പോലുള്ള സംസ്ഥാനത്ത് രണ്ടാമതൊരു വര്‍ഗീയ പാര്‍ട്ടിക്ക് അവസരമില്ലെന്ന് സി.പി.എമ്മിനെ ലക്ഷ്യം വെച്ച് അരുണ്‍ ജെയറ്റിലി സാക്ഷ്യപ്പെടുത്തുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷവുമുള്ള ഭരണത്തിലും അത് തന്നെയാണ് കേരളം അനുഭവിച്ച് കൊണ്ടിരിക്കുന്നതും. പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷം. സാമ്പത്തിക സംവരണവും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും കേരള പൊലീസിലെ കാവിവല്‍ക്കരണവും അവസാനം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതും എല്ലാം കൂട്ടി വായിച്ചാല്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ കണ്ടെത്തല്‍ ശരിയാകുന്നുവെന്ന സൂചനകളാണ് കണ്ട് കൊണ്ടിരിക്കുന്നത്.