നീതിയെ പുണരുക എന്ന ഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ തീം ശ്രദ്ധേയമാണ്. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന തുല്യത, നീതി എന്ന വാക്കുകള്‍ക്ക് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ചര്‍ച്ചകളെല്ലാം തുല്യതയെകുറിച്ചാണ് നടക്കാറ്. എന്നാല്‍ സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യം നീതിയാണ്, തുല്യതയല്ല. ആളുകള്‍ എപ്പോഴും ഒരേ സാഹചര്യത്തിലല്ല ജീവിതം തുടങ്ങുന്നത്. വ്യത്യസ്ത സാഹചര്യത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഒരു ലക്ഷ്യത്തില്‍ ഒരുപോലെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്നത് യാഥാര്‍ത്ഥ്യമാണ്. വ്യക്തിക്കോ അല്ലെങ്കില്‍ ഒരു കൂട്ടമാളുകള്‍ക്കോ ഒരേ വിഭവങ്ങളോ, അവസരങ്ങളോ നല്‍കുന്നതാണ് തുല്യത. എന്നാല്‍ എല്ലാവര്‍ക്കും ഒരേ അളവില്‍ കൊടുക്കുന്നതുകൊണ്ട് നീതി കൈവരിക്കാനാകില്ല. ഓരോ വ്യക്തിക്കും വ്യത്യസ്ത സാഹചര്യങ്ങളാണ് ജീവിതത്തില്‍. ആ സാഹചര്യങ്ങള്‍ അവരുടെ പക്കലുള്ള വിഭവങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. ആ വേര്‍തിരിവ് തിരിച്ചറിയുകയും തുല്യതയിലെത്തിക്കാന്‍ ആവശ്യമായ കൃത്യമായ വിഭവങ്ങളും അവസരങ്ങളും അനുവദിക്കുന്നതുമാണ് നീതി.
ജീര്‍ണാവസ്ഥയില്‍ മുന്നോട്ട്‌പോകുന്ന സമൂഹത്തില്‍ അനേകം ആളുകളെ അസമത്വം ബാധിക്കുന്നുണ്ട്. നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവരെല്ലാം ചരിത്രപരമായി അസമത്വം നേരിടുന്നവരാണ്. ജനങ്ങള്‍ക്ക് പുരോഗതിയുണ്ടാകുന്നതിന് തടസ്സം നില്‍ക്കുന്ന സാമൂഹിക അവസ്ഥ മാറ്റിയെടുക്കുകയാണ് നീതിയുടെ ലക്ഷ്യം. എല്ലാവര്‍ക്കും ഒരേ അളവില്‍ നല്‍കിയാല്‍ ആളുകള്‍ തുല്യരായെന്ന് കരുതാനാകും. ഫലത്തില്‍ അങ്ങനെ വരണമെന്നില്ല. യഥാര്‍ത്ഥത്തില്‍ നീതി നടപ്പിലാകുമ്പോള്‍ മാത്രമേ എല്ലാവരും തുല്യരാവുകയുള്ളൂ.
വിജയവീഥിയില്‍ വളരെയേറെ മുന്നേറാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിച്ച പുതിയ കാലഘട്ടത്തിലും സ്ത്രീകള്‍ ചൂഷണത്തിനും അവഗണനക്കും ഇരകളായിത്തീരുന്നുവെന്നത് വേദനാജനകമാണ്. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ്. കേരള പൊലീസിന്റെ ക്രൈം റോക്കര്‍ഡ് ബ്യൂറോ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 18,943 കേസുകളാണ് സ്ത്രീകള്‍ക്കു നേരെയുള്ള പരാതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഏഴു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ രേഖപ്പെടുത്തിയതും കഴിഞ്ഞ വര്‍ഷമാണ്. 2016ല്‍ 1,656 പീഡന പരാതികളായിരുന്നു രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. 2022 ആയപ്പോഴേക്കും അത് 2,503 ആയി. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, ചൂഷണം ചെയ്യല്‍, ശല്യംചെയ്യല്‍, സ്ത്രീധന മരണം, ഭര്‍തൃപീഡനം തുടങ്ങിയ പരാതികളാണ് പ്രധാനമായും സ്ത്രീകള്‍ക്കെതിരെ ഉയരുന്നത്. പരാതികള്‍ നല്‍കാത്ത, പുറംലോകമറിയാത്ത സംഭവങ്ങള്‍ ഇതിലുമെത്രയോ അധികമാണ്. 5,354 ബലാത്സംഗ കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 210 സ്ത്രീകളെ കഴിഞ്ഞവര്‍ഷം തട്ടിക്കൊണ്ടുപോയതായാണ് പരാതി. ഭര്‍ത്താവിനാലും ഭര്‍തൃ വീട്ടുകാരാലും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിലും യാതൊരു കുറവുമില്ല. ഇത്തരത്തില്‍ 5,019 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എട്ട് സ്ത്രീധന മരണങ്ങളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രണയം നിരസിക്കുന്നതുവഴി അക്രമിക്കപ്പെടുന്ന സംഭവങ്ങളും ഭീതി ജനിപ്പിക്കുന്ന തരത്തില്‍ കേരളത്തില്‍ അധികരിച്ചുവരികയാണ്. ഇന്ത്യയിലും മറിച്ചല്ല കാര്യങ്ങള്‍. ഹത്രാസില്‍ പീഡിപ്പിക്കപ്പെട്ട് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ഘാതകരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ ഉചിതമായ ശിക്ഷകളിലൂടെയേ ഉന്മൂലനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഏതു നിയമവും ഫലപ്രദമാകണമെങ്കില്‍ അതിനാവശ്യമായ സാമൂഹിക അവബോധവും സംവിധാനവും സൃഷ്ടിക്കണം. കുറ്റവാളികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും ചികിത്സയും നല്‍കാന്‍ സാഹചര്യമുണ്ടാകണം. കുടുംബങ്ങളില്‍ തുടങ്ങുന്ന ജീവിത വിമലീകരണമാണ് ശരിയായ പരിഹാരം. ബുദ്ധിയും മനസ്സും ആഗ്രഹങ്ങളും അഭിപ്രായങ്ങളുമുള്ള പൂര്‍ണ വ്യക്തിയായി ഓരോ പെണ്ണിനെയും അംഗീകരിക്കാന്‍ ഓരോ ആണിനും സാധിക്കണം. അപ്പോള്‍ മാത്രമേ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ക്ക് അറുതി വരൂ. ഓരോ വനിതാദിനത്തിലും ഒരുക്കുന്ന സൗജന്യങ്ങളല്ല വനിതകള്‍ക്കാവശ്യം. നീതിയാണ് വേണ്ടത്. അതിന് ഭരണകൂടങ്ങളും തൊഴില്‍ സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല ഓരോ വ്യക്തികളും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.